|    Dec 8 Thu, 2016 9:31 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നാട്ടിലേക്കാണോ; കുറച്ച് നോട്ട് കൊണ്ടു പോകാനുണ്ട്

Published : 10th November 2016 | Posted By: SMR

എം ടി പി റഫീക്ക്

ദോഹ: പരിചയക്കാര്‍ നാട്ടിലേക്കു പോകുമ്പോള്‍ സാധാരണ ചോക്കലേറ്റും മൊബൈലുമൊക്കെ കൊടുത്തുവിടുന്ന പ്രവാസികള്‍ ഇനിയുള്ള ദിവസങ്ങളില്‍ കുറച്ച് നോട്ടു കൊണ്ടു പോകുമോ എന്ന ചോദ്യമായിരിക്കും ഉന്നയിക്കുക. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് ഒറ്റ രാത്രി കൊണ്ട് വിലയില്ലാതായപ്പോള്‍ കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കുമല്ല, പാവം പ്രവാസികള്‍ക്കാണ് പണി കിട്ടിയതെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.
നാട്ടില്‍ പോയി മടങ്ങി വരുമ്പോള്‍ ബാക്കിയാവുന്ന അല്‍പ്പം ഇന്ത്യന്‍ രൂപ എല്ലാ പ്രവാസികളും കരുതിവയ്ക്കാറുണ്ട്. അടുത്ത അവധിക്കു നാട്ടിലേക്കു പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രക്കൂലിയാണിത്. വീട്ടിലെത്തുന്നതുവരെയുള്ള വഴിച്ചിലവിനും അവധിയുടെ ആദ്യദിവസങ്ങളിലെ ചിലവു കാശായും ഉപയോഗിക്കുന്നത് ഇതു തന്നെ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ രൂപത്തില്‍ പെട്ടിയില്‍ കിടക്കുന്ന ഈ നോട്ടുകള്‍ എന്ത് ചെയ്യുമെന്നറിയാത്ത അമ്പരപ്പിലാണ് പ്രവാസികളില്‍ പലരും. ബാങ്കിലും പോസ്റ്റ് ഓഫിസിലും തിരികെ നല്‍കി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ മുപ്പതുവരെ സമയമുണ്ടെങ്കിലും ഇതിനായി മാത്രം നാട്ടിലേക്കൊരു യാത്ര ഭൂരിഭാഗം പേരുടെയും കാര്യത്തില്‍ പ്രായോഗികമല്ല. അത്രയ്‌ക്കൊട്ടുതുക ആരുടെയും കൈവശം ഇല്ലതാനും.
മിക്കവരുടെയും കൈവശമുള്ളത് ചെറിയ തുകയാണെങ്കിലും ചിലര്‍ക്കെങ്കിലും വന്‍തുകയുടെ തലവേദനയുണ്ട്. ഇന്ത്യയില്‍നിന്നും വിദേശത്തേക്ക് യാത്രചെയ്യുന്ന റസിഡന്റ്‌സിനും നോണ്‍ റസിഡന്റ്‌സിനും കൈവശം സൂക്ഷിക്കാവുന്ന ഇന്ത്യന്‍ കറന്‍സിയുടെ പരിധി 25,000 രൂപയാണ്. നേരത്തെ 10,000 രൂപയായിരുന്ന ഇത് 2014 ജൂണിലാണ് റിസര്‍വ് ബാങ്ക് 25000 ആയി വര്‍ധിപ്പിച്ചത്. ഉടനടി നാട്ടില്‍ പോകുന്നവരുടെ പക്കല്‍ പണം കൊടുത്തയച്ച് മാറിയെടുക്കുകയാണ് പ്രവാസികളുടെ മുന്നിലുള്ള ഏക പോംവഴി. ഒരാള്‍ക്ക് 25,000 രൂപവരെ ഇങ്ങനെ കൈവശം കൊണ്ടുപോയി നിയമപരമായി മാറിയെടുക്കാം. പ്രവാസികളുടെ പക്കലുള്ള പണം മാറാന്‍ എംബസികളില്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ബാങ്കുവഴിയല്ലാതെ കുഴല്‍പണ ഇടപാടുകാര്‍ വഴി നാട്ടിലേക്കു വന്‍തുക അയച്ച പ്രവാസികളും കുരുക്കിലായിട്ടുണ്ട്. പണത്തിന്റെ സ്രോതസ്സ് കാണിക്കാതെ വലിയ തുക ബാങ്കു വഴി മാറ്റെയെടുക്കുക പ്രയാസകരമായിരിക്കും. വന്‍തുകകള്‍ ബാങ്കില്‍ അടക്കുമ്പോള്‍ നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് നിലവിലുള്ള നികുതി വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിട്ടുണ്ട്. 25,000 മുതല്‍ 50,000 രൂപ വരെയുള്ള പണം സാധാരണ വീട്ടാവശ്യങ്ങള്‍ക്കായി കരുതിയ തുകയായി കണക്കാക്കുമെന്നും അവയ്ക്ക് ഉറവിടം വെളിപ്പെടുത്തേണ്ടി വരുന്ന പ്രശ്‌നമുണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ കണക്കില്‍പ്പെടുന്ന തുക നീക്കിയിരിപ്പുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ എക്കൗണ്ടിലേക്ക് പണം മാറ്റണമെങ്കില്‍ അതിന് നാട്ടിലുള്ളവരെ ചുമതലപ്പെടുത്താവുന്നതാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
പഴയ 500, 1000 രൂപാ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഖത്തറിലെ മിക്ക എക്‌സ്‌ചേഞ്ചുകളും അറിയിച്ചതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. പഴയ കറന്‍സിക്ക് പകരം പുതിയ കറന്‍സി നല്‍കാനുള്ള സംവിധാനമില്ലെന്നും അത് ഇന്ത്യയില്‍ തന്നെ ചെയ്യേണ്ടി വരുമെന്നും അല്‍സമാന്‍ എക്‌സ്‌ചേഞ്ച് പ്രതിനിധി അറിയിച്ചു. ഖത്തറില്‍ പ്രവാസികള്‍ക്ക് നിലവില്‍ 500, 1000 രൂപാ കറന്‍സികള്‍ മാറ്റിയെടുക്കാനുള്ള സംവിധാനമില്ലെന്ന് മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ കെ വി സാമുവല്‍ ഗള്‍ഫ് ടൈംസിനോട് പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യന്‍ രൂപയില്‍ വ്യപാരം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം വിശദീകരിച്ചു. അതേ സമയം, നരേന്ദ്ര മോദിയുടെ പൊടുന്നനെയുള്ള നടപടി കള്ളപ്പണ ശൃംഖലയെ തകര്‍ക്കാന്‍ സഹായിക്കുമെന്ന് ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ആര്‍ സീതാരാമന്‍ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പെട്ടെന്ന് നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത് റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ വ്യാപാര മേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങളുടെ കൈയിലുള്ള  പഴയ കറന്‍സികള്‍ മാറ്റി നല്‍കുന്നതിന്  ഖത്തറിലെ ഒരു എക്‌സ്‌ചേഞ്ച് ഒരു റിയാലിന് 22 മുതല്‍ 28 രൂപ വരെ നിരക്കില്‍ ഇന്നലെ ഇന്ത്യന്‍ കറന്‍സികളായ 500ഉം 1000ഉം നല്‍കിയതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. തങ്ങളുടെ സ്റ്റോക്ക് അവസാനിക്കുന്നത് വരെ  ഈ നിരക്കില്‍ വില്‍പ്പന നടത്തുമെന്നും അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയില്‍ പോകുന്നവര്‍ക്ക് ഇത് ഉപകരിക്കുമെന്നും എക്‌സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ രൂപ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്നും ഒന്നു രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇസ്‌ലാമിക് എക്‌സ്‌ചേഞ്ച് പ്രതിനിധി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day