|    Oct 23 Sun, 2016 5:09 am
FLASH NEWS

നാടകാന്ത്യം; പി കെ രാഗേഷ് ഡെപ്യൂട്ടി മേയര്‍

Published : 1st July 2016 | Posted By: SMR

കണ്ണൂര്‍: എല്ലാ അനിശ്ചിതത്വങ്ങളും തീര്‍ന്നിരിക്കുന്നു. ഇനി പി കെ രാഗേഷ് ഡെപ്യൂട്ടിമേയറായി ഇടതുപക്ഷത്തോടൊപ്പമുണ്ടാവും. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങിയതാണ് കോര്‍പറേഷനില്‍ അനിശ്ചിതത്വവും നാടകീയതയും. അതാണ് ഇന്നലത്തോടെ ഏതാണ്ട് അവസാനിച്ചിരിക്കുന്നത്. എന്നാല്‍, യുഡിഎഫിനും എല്‍ഡിഎഫിനുമിടയില്‍ പി കെ രാഗേഷ് മാത്രമാണ് അധികമായുള്ളത് എന്നതിനാല്‍ ഇനിയും കോര്‍പറേഷന്‍ കൗണ്‍സിലില്‍ നാടകീയ സംഭവങ്ങള്‍ക്ക് വകുപ്പുണ്ട്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതുമുതല്‍ തുടങ്ങിയ സംശയവും ആശങ്കയുമാണ് പി കെ രാഗേഷ് ആര്‍ക്കൊപ്പം നില്‍ക്കുമെന്നത്. അതിനും കൂടി ഇന്നലെ ഉത്തരമായിരിക്കുന്നു. മേയര്‍ തിരഞ്ഞെടുപ്പില്‍ തന്നെ പി കെ രാഗേഷ് തന്റെപക്ഷം ഏതാണെന്ന് സൂചന നല്‍കിയിരുന്നു. ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവായി പ്രവര്‍ത്തിച്ച, കെ സുധാകരന്റെ വിശ്വസ്ഥാനായ, പള്ളിക്കുന്ന് പഞ്ചായത്തിലെ മറുചോദ്യമുന്നയിക്കപ്പെടാത്ത നേതാവായ പി കെ രാഗേഷ് ഇനി ഇടതുപക്ഷത്തോടൊപ്പമുണ്ടാവും. സിപിഎമ്മിലേക്കുള്ള പാര്‍ട്ടി പ്രവേശനമുണ്ടാവുമോ അതോ ജനാധിപത്യ സംരക്ഷണ സമിതിയുമായി മുന്നോട്ടുപോവുമോയെന്ന് കണ്ടറിയണം.—നഗരസഭയെ കോര്‍പറേഷനാക്കി ഉയര്‍ത്തിയതോടെയാണ് പള്ളിക്കുന്ന് പഞ്ചായത്തും നഗരഭരണ പരിധിയില്‍ ഉള്‍പ്പെട്ടത്. അതോടെ കോര്‍പറേഷന്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പള്ളിക്കുന്ന് പഞ്ചായത്തില്‍പ്പെട്ട പഞ്ഞീക്കയില്‍ വാര്‍ഡും ഒരു ഡിവിഷനായി. ഇവിടെ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന തര്‍ക്കത്തില്‍ നിന്നാണ് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതൃത്വവുമായും കെ സുധാകരനുമായും പള്ളിക്കുന്ന് പഞ്ചായത്ത് സഹകരണ ബാങ്ക് പ്രശ്‌നത്തില്‍ ഇടഞ്ഞുനിന്ന പി കെ രാഗേഷ് പൂര്‍ണമായും തെറ്റുന്നത്. വിമതനായി മല്‍സരിച്ച പി കെ രാഗേഷ് ജയിച്ചെന്നു മാത്രമല്ല, നിര്‍ണായക സാന്നിധ്യവുമായി. 55അംഗ കൗണ്‍സിലില്‍ യുഡിഎഫിന് വിജയിപ്പിക്കാനായത് 27പേരെ മാത്രം. എല്‍ഡിഎഫില്‍ നിന്ന് അവര്‍പോലും പ്രതീക്ഷിക്കാതെ 27പേരും വിജയിച്ച് കൗണ്‍സിലിലെത്തി. പി കെ രാഗേഷ് ഇരുമുന്നണികള്‍ക്കുമിടയില്‍ ഭൂരിപക്ഷത്തിനു വേണ്ട ഒരുവോട്ടുമായി.——ഇതോടെയാണ് ഇനി ചര്‍ച്ചയില്ലെന്ന് പറഞ്ഞ് പുറത്താക്കിയ പി കെ രാഗേഷിനെ തേടി കോണ്‍ഗ്രസ് അനുനയവുമായെത്തിയത്. എന്നാല്‍, പാര്‍ട്ടിക്ക് മുന്നില്‍ ചില നിബന്ധനകള്‍ രാഗേഷ് നിരത്തി. ഇതൊന്നും നടപ്പാക്കാനാവില്ലെന്ന് കോണ്‍ഗ്രസും. ഒടുവില്‍ നാളിതുവരെ കോണ്‍ഗ്രസോ ലീഗോ അല്ലാതെ മറ്റൊരാളും ഭരിച്ചിട്ടില്ലാത്ത കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രഥമ മേയറായത് സിപിഎമ്മിലെ ഇ പി ലത. പി കെ രാഗേഷ് വിട്ടുനിന്നതോടെ നറുക്കെടുപ്പിന്റെ ഭാഗ്യത്തില്‍ ലീഗിലെ സി സമീര്‍ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ആസ്ഥാനത്ത് അധികം തുടരാന്‍ സമീറിനായില്ല. പി കെ രാഗേഷിന്റെ പിന്തുണയോടെ ഡെപ്യൂട്ടിമേയര്‍ക്കെതിരേ എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കി. നാണംകെട്ട് പുറത്ത് പോവാന്‍ നില്‍ക്കാതെ സി സമീര്‍ സ്ഥാനം രാജിവച്ചൊഴിഞ്ഞു. അതോടെ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി സിപിഎം ഓഫിസില്‍ ചേര്‍ന്ന് പി കെ രാഗേഷിനെ ഡെപ്യൂട്ടിമേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാലം നഗരസഭാ കൗണ്‍സിലറായ സിപിഐയിലെ വെള്ളോറ രാജന്‍ അനിഷ്ടം മനസ്സിലൊതുക്കി തീരുമാനം ശരിവച്ചു. ഓപണ്‍ബാലറ്റായതിനാല്‍ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ആരും കളംമാറ്റിചവിട്ടിയില്ല. അതുകൊണ്ടുതന്നെ പി കെ രാഗേഷിന് 28ഉം യുഡിഎഫിലെ സി സമീറിന് 27വോട്ടും ലഭിച്ചു.——
സുധാകരനെതിരേ വിമര്‍ശനവുമായി
പി കെ രാഗേഷ ്
കണ്ണൂര്‍: കോണ്‍ഗ്രസ് പേക്കൂത്തിനെതിരേയുള്ള ജനാധിപത്യ വിജയമാണു തന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനമെന്നു പി —കെ രാഗേഷ്. ഇതുവരെ ഇടതുപക്ഷത്തിനു കടന്നുവരാന്‍ പറ്റാത്ത കണ്ണൂര്‍ കോര്‍പറേഷന്‍ കോണ്‍ഗ്രസിനു നഷ്ടമായതു കെ സുധാകരന്‍ നടത്തിയ രാഷ്ട്രീയ നെറികേടിന്റെ ഫലമാണ്. കോ ണ്‍ഗ്രസെന്ന തന്റെ അധ്യായം അടഞ്ഞിട്ടില്ല. കെ സുധാകരന്റെയും കെ സുരേന്ദ്രന്റെയും ഏകാധിപത്യത്തിനെതിരേയാണു തന്റെ പോരാട്ടം. എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോവും. തനിക്കു നിരുപാധിക പിന്തുണയാണ് എല്‍ഡിഎഫ് നല്‍കിയത്. താന്‍ മേയര്‍ ഇ —പി ലതയ്ക്കു നല്‍കിയതും നിരുപാധിക പിന്തുണയായിരുന്നുവെന്നും പി —കെ രാഗേഷ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day