|    Oct 26 Wed, 2016 2:48 pm

നാഗ്ജി: കോഴിക്കോടിന്റെ ഒരേ ഒരു അബൂക്ക

Published : 10th February 2016 | Posted By: SMR

കോഴിക്കോട്: കൊല്ലം 1952. അക്കൊല്ലവും അന്നത്തെ സേഠ് നാഗജി അമര്‍സി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തണം. ഏപ്രില്‍-മെയ് മാസങ്ങളിലെ ഒഴിവുകാലത്തായിരിക്കും കളി. ടൂര്‍ണമെന്റ് നടത്തിപ്പിന് യങ്ചാലഞ്ചേഴ്‌സ് ക്ലബ്ബും മറ്റൊരു സംഘവും മുന്നോട്ടു വന്നു. അന്നത്തെ കലക്ടര്‍ ഇരു കൂട്ടരെയും വിളിച്ചു ചേര്‍ത്തു ചര്‍ച്ച നടത്തി. എത്രയും പെട്ടെന്ന് ടൂര്‍ണമെന്റ് നടത്താമെന്ന വാഗ്ദാനവുമായി മുന്നോട്ടു വന്നു. അബൂബക്കര്‍ – കോഴിക്കോട്ടുകാരുടെ സ്വന്തം അബൂക്ക. ചിലരുടെ ഔക്കാക്ക.
അദ്ദേഹം ആവശ്യപ്പെട്ട സമയപരിധി വെറും പത്തു ദിവസം. വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ അബൂക്ക പത്ത് ദിവസം കൊണ്ട് 24 ടീമുകളെ നേരില്‍ കണ്ടും അല്ലാതെയും ടൂര്‍ണമെന്റില്‍ കളിക്കാനെത്തിച്ചു. എല്ലാ അര്‍ഥത്തിലും ആ വര്‍ഷത്തെ നാഗ്ജി ടൂര്‍ണമെന്റിനെ ആഘോഷമാക്കി മാറ്റി. ഇപ്പോള്‍ രാജ്യാന്തര ക്ലബ് ടൂര്‍ണമെന്റിന് എത്രമാസം മുന്നൊരുക്കം വേണ്ടിവന്നു എന്ന് കെഡിഎഫ്എയുടെ അമരക്കാരായ എ പ്രദീപ് കുമാറും പ്രസിഡന്റ് ഡോ. സിദ്ദീഖ് അഹമ്മദും സെക്രട്ടറി ഹരിദാസും പറഞ്ഞുതരും.
ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള പെടാപാട് സംഘടിപ്പിക്കുന്നവനെ അറിയൂ. നീണ്ട അരനൂറ്റാണ്ടിലേറെ കാലം കോഴിക്കോടന്‍ ഫുട്‌ബോളിന്റെ ജീവവായുവും പ്രാണനുമായിരുന്ന സൗമ്യനും ശാന്തനുമായിരുന്ന അബൂബക്കറിനെ ഈ വേളയില്‍ ഓര്‍ക്കുകയാണ്. ഫുട്‌ബോളില്‍ നിന്നും അടര്‍ത്തിയെടുക്കാനാവാത്ത ജീവിതമായിരുന്നു അബൂക്കയുടേത്.
മാനാഞ്ചിറ മൈതാനം മുഴുവന്‍ മെടഞ്ഞ ഓലകൊണ്ട് കെട്ടിമറച്ച് ടിക്കറ്റ് വച്ച് ടൂര്‍ണമെന്റ് നടത്തിയവരില്‍ ഒന്നാമത്തെ പേരും അബൂബക്കറിന്റെതു ന്നെയാണ്.
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍ ഒരു ഫുട്‌ബോള്‍ അസോസിയേഷന് രൂപം കൊടുത്തതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്. അന്ന് മുതല്‍ അര നൂറ്റാണ്ടിലേറെ കാലം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പദം വെറും അലങ്കാരത്തിനുള്ള പദവിയല്ലെന്ന് ബോധ്യപ്പെടുത്തിയുള്ള സേവനം നടത്തി.
കോഴിക്കോടിന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആദ്യമായി കൊണ്ടുവന്നു. പി കെ നായര്‍ ഗോള്‍ഡ് കപ്പിലൂടെ. അതു കഴിഞ്ഞ് സ്വാതന്ത്ര്യസമര സേനാനിയും ഗര്‍ജ്ജിക്കുന്ന സിംഹവുമായിരുന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പേരില്‍ ട്രോഫി ഏര്‍പ്പെടുത്തി ടൂര്‍ണമെന്റും നടത്തി. ഇതിന്റെയൊക്കെ ശില്‍പി മറ്റാരുമായിരുന്നില്ല-അബൂബക്കര്‍ തന്നെ. വലിയങ്ങാടി വാടിയില്‍ താഴത്തേരി മരക്കാര്‍ കുട്ടി ഹാജിയെന്ന പന്തുകളിക്കാരന്റെ മകനായി പിറന്നതു തന്നെയാവാം അബൂബക്കറും പന്തിന് പിറകെ ഓടാനും കാരണം. മരക്കാര്‍ കുട്ടി ഹാജിയുടെ എട്ട് ആണ്‍മക്കളും പന്തുകളിക്കാര്‍ തന്നെ. ആരും മോശക്കാരുമായിരുന്നില്ല.
ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ രക്ഷാനിരയില്‍ കളിച്ച പ്രസിദ്ധനായ ഒളിമ്പ്യന്‍ ടി എ റഹ്മാന്‍, സന്തോഷ് ട്രോഫിയില്‍ ഗുജറാത്തിന്റെ കുപ്പായമിട്ട ആലിക്കോയ, ചാലഞ്ചേഴ്‌സിന്റെ കളിക്കാരനായിരുന്ന ഉസ്മാന്‍കോയ, ഇവരൊക്കെയായിരുന്നു സഹോദരന്‍മാര്‍. ‘യങ്‌മെന്‍സ്’ ക്ലബ്ബിന്റെ തലതൊട്ടപ്പനും അബൂബക്കറായിരുന്നു. കൂടെ പിറന്ന ഒരു സഹോദരിമാത്രം ഫുട്‌ബോളിന്റെ പിറകെ ഓടിയില്ല.
മറ്റൊരു സഹോദരന്‍ തന്നെയായിരുന്നു കെ പി ഉമ്മര്‍ എന്ന മഹാനടനും. ഉമ്മറും ഫുട്‌ബോളിന്റെ തട്ടകത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക് ചേക്കേറിയെന്നേയുള്ളൂ. 1987 ല്‍ കോഴിക്കോട്ട് നെഹ്‌റു കപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആവാനും അബൂബക്കറിന് നിയോഗം.
കാല്‍പന്തുകളിയുടെ കാരണവരായ ടി അബൂബക്കര്‍ ജീവിത സന്ധ്യയില്‍ കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ഒരു നാഗ്ജി ടൂര്‍ണമെന്റിന്റെ ഉദ്ഘാടകനുമായി. ഇത്തരമൊരു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ ഇതിലും യോജിച്ച മറ്റൊരാളില്ലയെന്നാണ് ഗ്യാലറിയില്‍ ഇരുന്ന് ജനം ആവേശം കൊണ്ടത്. പഴയകാല ഫുട്‌ബോള്‍ കളിക്കാര്‍ക്കായി വെറ്ററന്‍സ് ഫുട്‌ബോള്‍ അസോസിയേഷന് രൂപം കൊടുക്കാനും അബൂക്ക എത്തുമ്പോള്‍ കയ്യില്‍ എഴുപത് കഴിഞ്ഞതിന്റെ അടയാളമെന്നോണം ഊന്നുവടിയുമായായിരുന്നു വന്നത്.
മലബാറിന്റെ ‘മിസ്റ്റര്‍ സോക്കര്‍’ പദവി ഒരാള്‍ക്കേ ഉണ്ടാവൂ. ഒരേ ഒരു അബൂബക്കറിന് മാത്രം. ഫുട്‌ബോളിന്റെ ‘വീണ്ടും പ്രഭാതം’ കാണാന്‍ അബൂബ ഇന്ന് സ്റ്റേഡിയത്തിലില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day