|    Oct 21 Fri, 2016 8:28 pm
FLASH NEWS

നസീറിന്റെ കൊലപാതകം സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി

Published : 7th August 2016 | Posted By: SMR

ഈരാറ്റുപേട്ട: മുന്‍ ബ്രാഞ്ച് സെക്രട്ടറി നടയ്ക്കല്‍ കുന്നുംപുറത്ത് കെ എം നസീറിന്റെ കൊലപാതകത്തില്‍ സിപിഎം പ്രതിരോധത്തിലായി. അക്രമവുമായി ബന്ധപ്പെട്ട ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞുട്ടുണ്ട്. നേതൃത്വം ഇക്കാര്യത്തില്‍ പരസ്യ നിലപാട് സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടെ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായി. പത്ത് വര്‍ഷത്തോളം പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നസീറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊതുജനത്തിനോട് വിശദീകരണം നല്‍കാന്‍ കഴിയാത്ത നിലയിലാണ് പാര്‍ട്ടി.
പാര്‍ട്ടിയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചതിനുണ്ടായ അനുഭവം ഇനിയും ഒരാള്‍ക്കും ഉണ്ടാവാന്‍ പാടില്ല. നസീര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ പാര്‍ട്ടി മേല്‍ഘടകം സ്വീകരിക്കാതിരുന്നതും അക്രമത്തിനുള്ള സഹായമായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ അഴിമതിയുടെ തെളിവുകള്‍ നസീറിന്റെ കൈവശമുണ്ടായിരുന്നെന്ന് പറയുന്നു. ഈ തെളിവുകള്‍ നശിപ്പിക്കുകയെന്നതായിരുന്നു അക്രമത്തിനു പിന്നിലെ ലക്ഷ്യം, ഇതാണ് കൊലയില്‍ കലാശിച്ചത്.
ഇന്നലെ വീട്ടിലെത്തിച്ച മൃതദേഹം വീടിന്റെ മുറ്റത്ത് പൊതു ദര്‍ശനത്തിന് വയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കള്‍ വീട്ടിനുള്ളിലേയ്ക്ക് മാറ്റി. സിപിഎം പ്രാദേശിക നേതാക്കളെ വീട്ടില്‍ കയറ്റില്ലെന്ന് മക്കള്‍ അറിയിക്കുകയും ചെയ്തു. നസീറുമായി അടുപ്പമുണ്ടായിരുന്ന സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പൊതു ജനങ്ങള്‍ക്കുമാണ് പ്രവേശനം അനുവദിച്ചത്. പ്രശ്‌നമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് നേതാക്കളെത്തിയുമില്ല. മരണമടഞ്ഞ നസീറിന്റെ ഫോട്ടോ ടൗണില്‍ സ്ഥാപിക്കാന്‍ സിപിഎമ്മിനായില്ല എന്ന് നാട്ടുകാര്‍ ആരോപിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ സ്ഥാപിച്ച ഏതാനും ബോര്‍ഡുകള്‍ മാത്രമാണ് ടൗണിലുണ്ടായിരുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ ഭൂരിപക്ഷം കടകളും തുറന്നുവെങ്കിലും  ഉച്ചയോടെ കടകളെളെല്ലാം അടച്ച് അനുശോചനമറിയിച്ചു. നസീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെന്നും എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും എസ്‌ഐ  ടി ആര്‍ ജിജു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day