|    Dec 3 Sat, 2016 9:08 pm
FLASH NEWS

നഷ്ടപ്പെട്ട ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ബിജെപിയുടെ സഹായം കാത്തിരിക്കുന്നു

Published : 22nd October 2016 | Posted By: SMR

മാനന്തവാടി: തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും ഭരണം തിരിച്ചുപിടിക്കാന്‍ കഴിയാതെ യുഡിഎഫ്, ബിജെപി സഹായം കാത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെയും ലീഗിലെയും തര്‍ക്കങ്ങള്‍ കാരണം നഷ്ടപ്പെട്ട രണ്ടു പഞ്ചായത്തുകളിലും തര്‍ക്കങ്ങള്‍ പരിഹരിച്ച് ഭൂരിപക്ഷം ഉറപ്പാക്കിയെങ്കിലും അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ രണ്ടിടങ്ങളിലും ബിജെപി സഹായിക്കണമെന്നതാണ് യുഡിഎഫിനെ കുഴക്കുന്നത്. തരിയോട് പഞ്ചായത്തില്‍ ആകെയുള്ള 13 സീറ്റുകളില്‍ എല്‍ഡിഎഫ് അഞ്ചിലും യുഡിഎഫ് ആറിലും ബിജെപി രണ്ടു സീറ്റിലുമായിരുന്നു വിജയിച്ചത്. യുഡിഎഫില്‍ കോണ്‍ഗ്രസ്-നാല്, പൊതു സ്വതന്ത്ര, ഒരു ലീഗ് എന്നിങ്ങനെയാണ് കക്ഷിനില. വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ തിരഞ്ഞെടുപ്പില്‍ ലീഗ് ഇടതിനനുകൂലമായി വോട്ട് ചെയ്യുകയും ബിജെപി വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെ ആറു വോട്ടുകള്‍ നേടിയ സിപിഎമ്മിലെ റീന സുനില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ്സും ലീഗുമായുള്ള പ്രശ്‌നങ്ങള്‍ രമ്യതയിലെത്തുകയും ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെ യുഡിഎഫിന് ആറംഗങ്ങളും ഭരിക്കുന്ന എല്‍ഡിഎഫിന് അഞ്ചംഗങ്ങളുമായി. എന്നാല്‍, നിലവിലെ ഭരണസമിതിക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ പകുതിയില്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ വേണമെന്നതിനാല്‍ ബിജെപി കൂടി സഹകരിക്കണം. ഇതിനായി കാത്തിരിക്കുകയാണ് യുഡിഎഫ്. ഒരുമിച്ച് നോട്ടീസ് നല്‍കാതെ വെവ്വേറെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കാനാണ് നീക്കം. പടിഞ്ഞാറത്തറയിലും സമാനമായ അവസ്ഥയാണ്. ആകെയുള്ള 16 സീറ്റുകളില്‍ ഏഴെണ്ണം വീതം എല്‍ഡിഎഫും യുഡിഎഫും നേടിയപ്പോള്‍ ഒരു സീറ്റില്‍ ബിജെപിയും മറ്റൊന്നില്‍ ഇടതു പിന്തുണയോടെ മല്‍സരിച്ച ലീഗ് റിബല്‍ സ്ഥാനാര്‍ഥിയുമാണ് ജയിച്ചത്. ബിജെപി വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയും ലീഗ് റിബലിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയുമാണ് എല്‍ഡിഎഫ് ഭരണം നേടിയത്. എന്നാല്‍, ലീഗ് റിബലായിരുന്ന നസീമ പൊന്നാണ്ടിയെ ഉള്‍പ്പെടെ മുഴുവന്‍ പേരെയും കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും യുഡിഎഫ് അവിശ്വാസ നോട്ടീസ് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവിടെയും ആകെയുള്ള അംഗങ്ങളുടെ പകുതിയിലധികം പേര്‍ തികയണമെങ്കില്‍ ബിജെപിയുടെ ഒരംഗം കൂടി നോട്ടീസില്‍ ഒപ്പിടണം. പേരുദോഷം ഒഴിവാക്കാനായി ബിജെപി അംഗം തനിച്ചും യുഡിഎഫിലെ ഏഴുപേര്‍ വേറിട്ടും അവിശ്വാസ നോട്ടീസ് നല്‍കാനാണ് ഇപ്പോള്‍ നീക്കങ്ങള്‍ നടക്കുന്നത്. ഏതായാലും അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കല്‍പ്പറ്റ ബ്ലോക്കില്‍ 2015ലെ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട രണ്ടു പഞ്ചായത്തുകളും തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് യുഡിഎഫിന്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day