|    Dec 4 Sun, 2016 9:50 pm
FLASH NEWS

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Published : 6th November 2016 | Posted By: SMR

മുക്കം: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവിനെയും പ്രേരണ നല്‍കിയെന്ന് ആരോപണമുള്ള തങ്ങളെയും പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് കുട്ടിയുടെ പിതാവ് ഓമശ്ശേരി ചക്കിണാംകണ്ടി അബൂബക്കര്‍ (32), കളന്‍തോട് സ്വദേശിയായ മുഷ്തരി വളപ്പില്‍ ഹൈദ്രോസ് തങ്ങള്‍ (75) എന്നിവരെ മുക്കം എസ്‌ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മാതാവ് ഹഫ്‌സത്ത് (24) ഒന്നാംപ്രതിയും പിതാവ് രണ്ടാംപ്രതിയുമാണ്. ചെറിയ കുഞ്ഞുള്ളതിനാല്‍ മാതാവിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല. കഴിഞ്ഞ ബുധനാഴ്ച മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓമശ്ശേരി സ്വദേശിയായ ഹഫ്‌സത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും അഞ്ചു ബാങ്കിന്റെ സമയം പിന്നിടാതെ കുഞ്ഞിനു മുലപ്പാല്‍ നല്‍കാന്‍ അനുവദിക്കില്ലെന്ന് പിതാവായ അബൂബക്കര്‍ പറഞ്ഞു.
കളന്‍തോട് സ്വദേശിയായ ഹൈദ്രോസ് തങ്ങളുടെ ഉപദേശപ്രകാരമാണ് തന്റെ തീരുമാനമെന്നും ഇതില്‍ മാറ്റമില്ലെന്നും ഇയാള്‍ ശഠിച്ചു. പോലിസും ഡോക്ടര്‍മാരും കിണഞ്ഞു ശ്രമിച്ചിട്ടും ഇയാള്‍ അയഞ്ഞില്ല. കുട്ടിയുടെ ആരോഗ്യനിലയെ ബാധിക്കുമെന്നതിനാല്‍ ആശുപത്രി അധികൃതര്‍ യുവതിയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, അബൂബക്കര്‍ കുട്ടിയെയും ഭാര്യയെയും വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടില്‍ വെച്ച് പാല്‍ കൊടുക്കുന്നത് തടയാന്‍ ബന്ധുക്കളെ കാവലേല്‍പ്പിച്ചതായും പറയപ്പെടുന്നു. പിന്നീട് സംഭവം വാര്‍ത്തയാവുകയും ശക്തമായ നടപടിയാവശ്യപ്പെട്ട് പൊതുസമൂഹം രംഗത്തിറങ്ങുകയുമായിരുന്നു. എന്നാല്‍, പരാതി ലഭിക്കാതെ നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. തുടര്‍ന്ന് പ്രസവം നടന്ന മുക്കം ഇഎംഎസ് സഹകരണ ആശുപത്രി നഴ്‌സ് ഷാമില രേഖാമൂലം പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കള്‍ക്കും ഉപദേശി തങ്ങള്‍ക്കുമെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യ്തത്‌

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 121 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day