|    Oct 26 Wed, 2016 6:48 pm

നരേന്ദ്ര മോദിയുടെ കേരളത്തിനെതിരേയുള്ള പരാമര്‍ശങ്ങള്‍; മുഖ്യമന്ത്രി കത്തയച്ചു

Published : 11th May 2016 | Posted By: SMR

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ കേരളത്തിനെതിരേയുള്ള വസ്തുതാവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തില്‍ നടന്നിട്ടില്ലാത്ത കാര്യങ്ങളും കേരളം സോമാലിയ പോലെയാണെന്നും വരെ പറഞ്ഞ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ പദവിയെ താഴ്ത്തിക്കെട്ടിയതായും മുഖ്യമന്ത്രി കത്തില്‍ ആരോപിച്ചു.
പട്ടിണികൊണ്ടും ആഭ്യന്തരകലാപങ്ങള്‍കൊണ്ടും നട്ടംതിരിയുന്ന സോമാലിയയുമായി കേരളത്തെ താരതമ്യം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇന്ത്യയില്‍ സോമാലിയ പോലുള്ള പ്രദേശമുണ്ടെന്നു പറയുന്നത് പ്രധാനമന്ത്രിക്കു നാണക്കേടല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. പ്രധാനമന്ത്രി ഒരു കാര്യം പറയുമ്പോള്‍ അത് വസ്തുതാപരവും സത്യവുമായിരിക്കണം. പേരാവൂരില്‍ ഒരു ബാലന്‍ മാലിന്യത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കരളലിയിച്ചു എന്നാണ് അങ്ങ് പറഞ്ഞത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗവകുപ്പ് ഡയറക്ടറുടെ റിപോര്‍ട്ട് തേടിയിരുന്നു. പേരാവൂരില്‍ കുട്ടികള്‍ പഴകിയ ആഹാരം കഴിച്ചെന്ന വാര്‍ത്തകള്‍ തെറ്റായിരുന്നു. വസ്തുതകള്‍ ഇതായിരിക്കേ എന്തിനാണ് ഇങ്ങനെയൊരു കള്ളം കേരളത്തില്‍ വന്ന് തട്ടിവിട്ടത്?
കേരളത്തില്‍ ഒരു കുട്ടിപോലും മാലിന്യ കേന്ദ്രങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയും. 25.02 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും സൗജന്യ ഉച്ചഭക്ഷണവും ആഴ്ചയില്‍ ഒരുദിവസം മുട്ടയും മറ്റൊരുദിവസം പാലും നല്‍കുന്ന സംസ്ഥാനമാണു കേരളം. സിപിഎം നടത്തിയ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും ഒതുക്കിത്തീര്‍ത്തെന്നുള്ള ആരോപണം തെറ്റാണ്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സമയബന്ധിതമായി അന്വേഷിച്ച് കുറ്റപത്രം നല്‍കി കോടതി മൂന്ന് സിപിഎം നേതാക്കളെയും ഏഴു കൊലയാളികളേയുമടക്കം 11 പേരെ ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍, ഈ കേസിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാല്‍ വര്‍ഷമായി അടയിരിക്കുകയാണ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നു സംശയിക്കുന്നു.
തിരഞ്ഞെടുപ്പാവുമ്പോള്‍ അപമാനം അല്ലെങ്കില്‍ അഭിമാനമെന്ന നിലപാട് പ്രധാനമന്ത്രിക്കു ചേര്‍ന്നതാണോ എന്നും മുഖ്യമന്ത്രി കത്തില്‍ ചോദിച്ചു. ഇന്ന് കേരളത്തിലെത്തുമ്പോള്‍ വാസ്തവവിരുദ്ധമായ പ്രതികരണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day