|    Dec 10 Sat, 2016 10:05 pm

നരകയാതനയുടെ ഏഴാംനാള്‍

Published : 15th November 2016 | Posted By: SMR

കൊച്ചി: അസാധുവായ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാനും നൂറു രൂപ നോട്ടുകള്‍ ലഭിക്കാനുമുള്ള ജനങ്ങളുടെ നരകയാതനയ്ക്ക് ആറു ദിവസം പിന്നിട്ടിട്ടും അറുതിയില്ല. നോട്ടിനായി നെട്ടോട്ടമോടുന്ന ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും ചെറിയ നോട്ടുകളുടെ ക്ഷാമം നിമിത്തം യാതൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്.
എടിഎമ്മില്‍ നിന്ന് 2,500 രൂപ വരെ പിന്‍വലിക്കാമെന്നും അസാധുവായ 500ന്റെയും ആയിരത്തിന്റെയും 4500 രൂപ വരെയുളള നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയെങ്കിലും സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്കുകളിലും ഈ തീരുമാനം നടപ്പായില്ല. മിക്ക ബാങ്കുകളില്‍ നിന്നും ഇന്നലെ പഴയതുപോലെ 4000 രൂപ മാത്രമാണ് മാറ്റി നല്‍കിയത്. പുതിയ നിര്‍ദേശം നടപ്പാക്കത്തതിന്റെ പേരില്‍ ചില ബാങ്കുകളില്‍ ഉദ്യോഗസ്ഥരും ഇടപാടുകാരും തമ്മില്‍ തര്‍ക്കവുമുണ്ടായി.
പുതിയ 500 രൂപ നോട്ടുകള്‍ വിതരണത്തിനായി രാജ്യത്തെ ബാങ്കുകളില്‍ എത്തിത്തുടങ്ങിയെങ്കിലും കേരളത്തിലെ ബാങ്കുകളില്‍ ഈ നോട്ടുകള്‍ ഇന്നലെയും വിതരണത്തിനെത്തിയില്ല. രാജ്യവ്യാപകമായി എടിഎമ്മുകള്‍ക്കു മുന്നിലും ജനങ്ങളുടെ നരകയാതന തുടരുകയാണ്. ജോലിക്കുപോലും പോവാന്‍ കഴിയാതെ പുലര്‍ച്ചെ മുതല്‍ എടിഎമ്മുകള്‍ക്കു മുന്നില്‍ ജനം എത്തുകയാണ്.
നോട്ടുക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം എടിഎമ്മുകളും അടഞ്ഞുകിടക്കുകയാണ്. എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക 2000 ത്തില്‍ നിന്നും 2500 രൂപയാക്കി ഉയര്‍ത്തിയെങ്കിലും ഇത്രയും തുക പിന്‍വലിക്കാന്‍ ഇന്നലെ കഴിഞ്ഞില്ല. പിന്‍വലിക്കാനുളള പരിധി 2500 രൂപയാക്കി ഉയര്‍ത്തിയെങ്കിലും എസ്ബിടി, എസ്ബിഐ പോലുളള വലിയ ശൃംഖലയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാങ്കേതികമായി സമയം വേണ്ടിവരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
100 രൂപ നോട്ടുകള്‍ മാത്രം വയ്ക്കാനുളള സംവിധാനമാണ് ഭൂരിഭാഗം എടിഎമ്മുകളിലും ഉള്ളത്. ഒരു ട്രേയില്‍ 2500 നോട്ടുകള്‍ മാത്രമാണ് വയ്ക്കാന്‍ കഴിയുന്നത്. ഇങ്ങനെ രണ്ടര ലക്ഷം രൂപ മാത്രമാണ് ഒരു എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കഴിയുകയുള്ളൂവെന്ന് എസ്ബിഐ അധികൃതര്‍ പറയുന്നു. തിരക്കുളളിടത്താണെങ്കില്‍ ഈ പണം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തീരും.
500 രൂപ നോട്ടുകള്‍കൂടി എത്തിക്കഴിഞ്ഞാല്‍ ക്ഷാമത്തിന് അല്‍പം പരിഹാരമാവും. 12.5 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകള്‍ ഒരു ട്രേയില്‍ വയ്ക്കാന്‍ സാധിക്കും. 500 രൂപ നോട്ടുകള്‍ ഇന്നു മുതല്‍ കേരളത്തില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും  എസ്ബിഐ അധികൃതര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക