|    Oct 21 Fri, 2016 11:59 pm
FLASH NEWS

നബിയുടെ ഭാര്യമാര്‍

Published : 9th March 2016 | Posted By: swapna en

ഇംതിഹാന്‍ അബ്ദുല്ല


ലിംഗസമത്വ/വിവേചന ചര്‍ച്ചകളില്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കുന്ന സ്ഥാനത്തെ ചൊല്ലി വിവാദങ്ങള്‍ നിരവധിയാണ്. സ്ത്രീക്ക് സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളില്‍ പ്രാതിനിധ്യം നല്‍കാനോ അവരുടെ കഴിവുകള്‍ അംഗീകരിക്കാനോ ഇസ്‌ലാമിക സമൂഹങ്ങള്‍ തയ്യാറാകുന്നില്ല എന്നതാണ് ഉയര്‍ന്നു കേള്‍ക്കാറുള്ള മുഖ്യമായ ഒരാരോപണം.
ഒരു നാഗരികത/സമൂഹം വിലയിരുത്തപ്പെടേണ്ടത് അതിന്റെ സുവര്‍ണ്ണകാല ഘട്ടത്തെ ആസ്പദമാക്കിയാണ്. ഇസ്‌ലാമിക നാഗരികത അതിന്റെ പുഷ്‌ക്കലമായ ആദ്യനൂറ്റാണ്ടുകളില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യവും അംഗീകാരവും നല്‍കിയിരുന്നു. സ്ത്രീക്ക് ഇസ്‌ലാം നിര്‍ദ്ദേശിച്ച പെരുമാറ്റ ചട്ടങ്ങള്‍ സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിക്കുന്നതിന് അക്കാലത്ത് തടസ്സമുണ്ടായിരുന്നില്ല. മുസ്‌ലിം സമുദായത്തിന്റെ അധഃപതനത്തിന്റെ ഒരു കാരണം വൈജ്ഞാനിക/സാമൂഹിക/രാഷ്ട്രീയ മേഖലകളില്‍ നിന്നും സ്ത്രീകള്‍ പുറം തളളപ്പെട്ടതാണെന്നു കാണാന്‍ കഴിയും. എക്കാലത്തെയും മുസലിംകള്‍ക്ക് മാതൃകയായ പ്രവാചക പത്‌നിമാരുടെ ജീവിതത്തെക്കുറിച്ച് ഒരന്വേഷണം.


1

വിശ്വാസികളുടെ മാതാക്കള്‍
അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവുമാണ് മനുഷ്യരാശിക്കുള്ള അവന്റെ മാര്‍ഗ്ഗ ദര്‍ശനം. വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും മുഖേനയാണ് അല്ലാഹു ഈ കാരുണ്യ വര്‍ഷം സാധ്യമാക്കിയിരിക്കുന്നത്. മുഹമ്മദ് നബിയുടെ നിയോഗത്തോട് കൂടി ആ കാരുണ്യവും അനുഗ്രഹവും പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ പ്രവാചകന്മാരാരും തന്നെ തങ്ങള്‍ നിയുക്തരായ സന്ദേശത്തിന്റെ കേവല മാധ്യമങ്ങളായിരുന്നില്ല. മറിച്ച് അവയുടെ പ്രയോക്താക്കളും ജീവിക്കുന്ന സാക്ഷ്യങ്ങളുമായിരുന്നു. അതുകൊണ്ട് തന്നെ പ്രവാചകന്മാരും തങ്ങളുടെ അനുയായികളും തമ്മിലുള്ള ബന്ധം ദന്ത ഗോപുരങ്ങളിലിരുന്ന് ആജ്ഞാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന നേതാവിന്റെയും മനമില്ലാ മനസ്സോടെ  അവ അനുസരിക്കുന്ന അനുയായികളുടെയും മാതൃകകള്‍ക്ക് വഴങ്ങുന്നതല്ല.  മറിച്ച് ഒരാള്‍ മുസ്‌ലിമാവുന്നതോടെ അതുവരെ തനിക്ക് അമൂല്യവും പ്രിയപ്പെട്ടവയുമായിരുന്ന എല്ലാറ്റിനെയും അഗണ്യമാക്കുന്ന ആദര്‍ശപ്രചോദിതമായ അത്യപൂര്‍വ്വവും അനന്യ സാധാരണവുമായ ഒരു സ്‌നേഹബന്ധം അയാള്‍ക്ക് അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും ഉടലെടുക്കുന്നു. ഈ തീവ്രാനുരാഗമാണ് അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്‍പനകളെ പിന്‍പറ്റാന്‍ വിശ്വാസിക്ക് പ്രചോദനം. വിശ്വാസികളും പ്രവാചകനും തമ്മിലുളള ആദര്‍ശ പ്രചോദിതമായ ഈ ബന്ധം മറ്റെല്ലാ ബന്ധങ്ങളെക്കാളും ഉല്‍കൃഷ്ടവും പരിപാവനവുമാണ്. കറകളഞ്ഞ ആദര്‍ശത്തിന്റെ താല്‍പര്യമായി ഇക്കാര്യം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ‘നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു. പ്രവാചക പത്‌നിമാരോ, അവരുടെ മാതാക്കളുമാകുന്നു.’ (അല്‍ അഹ്‌സാബ്: 12, 13)
വിശ്വാസികള്‍ പ്രവാചക പത്‌നിമാരെ നിര്‍ബന്ധമായും ആദരിക്കുകയും സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടവരാണ്. ഖുര്‍ആന്റെ ഈ പ്രഖ്യാപനം മുഴുവന്‍ നബിപത്‌നിമാര്‍ക്കും ബാധകമാകുന്നു. നബി വിവാഹം ചെയ്യുകയും ഭാര്യ എന്ന നിലയില്‍ സംസര്‍ഗം പുലര്‍ത്തുകയും ചെയ്ത ഒരാള്‍പോലും ഇതില്‍ നിന്നൊഴിവല്ല. വിശ്വാസികളുടെ സമൂഹത്തില്‍ പ്രവാചകപത്‌നിമാര്‍ക്കുളള ആദരവിന്റെ പ്രതീകമായി ഉമ്മഹാതുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ മാതാക്കള്‍) എന്ന പേരില്‍ പ്രസിദ്ധരായ ഇവര്‍ അല്‍അസ്‌വാജുല്‍ മുതഹറാത് (വിശുദ്ധ പത്‌നിമാര്‍) എന്നും  അറിയപ്പെടുന്നു.

2
പ്രവാചകനു പതിനൊന്നു ഭാര്യമാരാണ് എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഖദീജ, സൗദ, ആഇശ, സൈനബ്, ഉമ്മു സല്‍മ, മൈമൂന, സഫിയ, ഹഫ്‌സ, സൈനബ് ബിന്‍ത് ജഹ്ശ്, ജുവൈരിയ, ഉമ്മുഹബീബ എന്നിവര്‍. എന്നാല്‍ ഇബ്‌നു ഹിശാമിന്റെ അഭിപ്രായത്തില്‍ പതിമൂന്നു ഭാര്യമാരാണ് പ്രവാചകനുണ്ടായിരുന്നത്. നബിയുടെ ഭാര്യമാരില്‍ മൂന്നുപേര്‍ അദ്ദേഹത്തിന്റെ കാലത്തുതന്നെ മരണമടഞ്ഞു. ഖദീജ, സൈനബ് ബിന്‍ത് ഖുസൈമ, മൈമൂന എന്നിവരാണവര്‍. നബി ഇത്രയധികം വിവാഹങ്ങള്‍ നടത്തി എന്നു വായിക്കുന്ന ആധുനിക കാലത്തെ ഒരു ചരിത്ര വിദ്യാര്‍ത്ഥിക്കു സുഖാഡംബര പ്രിയനും വിഷയാസക്തനുമായ ഒരു രാജാവിന്റെ അന്തഃപുരത്തിന്റേതു പോലത്തെ ചിത്രമായിരിക്കാം ഒരു പക്ഷേ  മനസ്സില്‍ തെളിഞ്ഞു വരിക.

എന്നാല്‍ നബിക്ക് അല്ലാഹു നാലില്‍ കൂടുതല്‍ ഭാര്യമാരെ നിലനിര്‍ത്താന്‍ അനുവാദം നല്കിയതിന്റെ താല്‍പര്യം അവിടുത്തെ ജഡികാസക്തി നാലു ഭാര്യമാരെ കൊണ്ട് തൃപ്തിപ്പെടുത്താനാവാത്തത് കൊണ്ടല്ല. മറിച്ച് അല്ലാഹു അദ്ദേഹത്തെ ചുമതലപ്പെടുത്തിയ ഭാരിച്ച ഉത്തരവാദിത്ത നിര്‍വഹണത്തിന് അതനിവാര്യമായതുകൊണ്ടായിരുന്നു.
എന്തെന്നാല്‍ വ്യക്തി ജീവിതത്തിലും കുടുബ-സാമൂഹിക മണ്ഡലങ്ങളിലും തികച്ചും അന്ധകാരത്തില്‍ മുങ്ങിപ്പോയ ഒരു സമൂഹത്തിന്റെ പുനരുത്ഥാരണം അവരിലെ പുരുഷന്മാരില്‍ പരിമിതപ്പെടുത്താനാവില്ലായിരുന്നു. അതുകൊണ്ട് പ്രവാചകന്‍ വ്യത്യസ്ത പ്രായക്കാരും വിവിധ ഗോത്രസാഹചര്യങ്ങളില്‍ നിന്നു വന്നവരുമായ സ്ത്രീകളെ വിവാഹം ചെയ്തു.  പ്രവാചകന്‍ താന്‍ നിയുക്തനായ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണ ദൗത്യത്തില്‍ അവരെ കൂടി പങ്കാളികളാക്കി. പ്രവാചകന്റെ കുടുബ-വ്യക്തി ജീവിതത്തെക്കുറിച്ച വിശദാംശങ്ങള്‍ ഒന്നിലധികം നിവേദനങ്ങളിലൂടെ വിശ്വാസികള്‍ക്കു ലഭിക്കാനും പ്രവാചകന്റെ ബഹുഭാര്യത്വം വഴി തെളിയിച്ചു.

വാസസ്ഥലം
പത്‌നിമാരില്‍ ഖദീജയും സൗദ ബിന്‍ത് സംഅയും ഒഴികെയുളളവരെല്ലാം പലായനത്തിനു ശേഷമാണ് പ്രവാചകനോടൊപ്പം ജീവിച്ചത്. കഅ്ബയുടെ പരിസരത്തുളള മര്‍വയുടെ ഭാഗത്തായി അബൂസുഫ്‌യാന്റെ വീടിന്റെ പിറകുവശത്തായിരുന്നു ഖദീജയുടെ വീട്. വിവാഹാനന്തരം പത്‌നീഗൃഹത്തിലേക്ക് തിരുമേനി താമസം മാറി. പ്രഥമ പത്‌നിയുടെ വിയോഗാനന്തരം നബി വിവാഹം ചെയ്ത സൗദയും ഈ വീട്ടില്‍ തന്നെയാണ് താമസിച്ചത്. പലായനം ചെയ്യുന്നതു വരെ നബി കുടുബം താമസിച്ചിരുന്നതും ഈ വീട്ടില്‍ തന്നെയാണ്.
മദീനയില്‍ എത്തിയ പ്രവാചകന്‍ മസ്ജിദുന്നബവി നിര്‍മ്മിച്ചു. പളളിയോട് ചേര്‍ന്ന് ഒറ്റ മുറികള്‍ വീതമുളള രണ്ടു വീടുകള്‍ കൂടി പണിതു. സൗദയും ആഇശയും മാത്രമേ അന്നു പ്രവാചക പത്‌നിമാരായി നിലവിലുണ്ടായിരുന്നുളളൂ. പിന്നീട് പ്രവാചകന്‍ മറ്റു വിവാഹങ്ങള്‍ കഴിച്ചപ്പോള്‍ ഏഴു വീടുകള്‍ കൂടി പണിതു. ഇവ ചുട്ടെടുക്കാത്ത ഇഷ്ടിക കൊണ്ടും ഈത്തപ്പനത്തടികള്‍ കൊണ്ടുമാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. വാതിലുകള്‍ക്ക് പകരം ചണത്തുണികള്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു. നിവര്‍ന്നു നിന്നാല്‍ തല മുട്ടുന്ന ഉയരമേ അവക്കുണ്ടായിരുന്നുളളൂ. വിസ്തീര്‍ണമാകട്ടെ അഞ്ചു മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയും.
ആദ്യ കാലത്ത് ഈ വീടുകളോട് ചേര്‍ന്ന് വിസര്‍ജനാലയങ്ങള്‍ ഉണ്ടായിരുന്നില്ല. ഹിജ്‌റ അഞ്ചാം വര്‍ഷം ആഇശക്കെതിരില്‍ ചില തല്‍പരകക്ഷികള്‍ വ്യാജ ആരോപണം ഉന്നയിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍ കരുതലെന്ന നിലയില്‍ വിസര്‍ജനാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. നബി പത്‌നിമാര്‍ക്കും അയല്‍വാസികള്‍ക്കും കൂടി ഒരടുപ്പാണ് ഉണ്ടായിരുന്നത്.
സംസ്‌കരണവും ജീവിത രീതിയും
പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കളും അതുകൊണ്ട് തന്നെ ഉന്നത സ്ഥാനീയരുമാണ്. മനുഷ്യ സഹജവും സ്ത്രീ സഹജവുമായ വീഴ്ചകളും പോരായ്മകളും അവരില്‍ നിന്നുണ്ടാവുക സ്വാഭാവികമായിരുന്നു. പ്രവാചകന്റെ നേരിട്ടുള്ള ശിക്ഷണത്തിനും മേല്‍നോട്ടത്തിനും ലഭിച്ച അവസരം അവരെ മാതൃകാ യോഗ്യരായ വ്യക്തികളാക്കിത്തീര്‍ത്തു. പ്രവാചകന് ഏറ്റവും പ്രിയങ്കരിയാവുക വഴി തങ്ങളുടെ നീരസത്തിന് പാത്രമായ ആഇശയെക്കുറിച്ച് അപവാദ പ്രചരണമുണ്ടായപ്പോള്‍ അവരുടെ സപത്‌നിമാരാരും ആഇശക്കെതിരായി മൊഴി നല്‍കിയില്ല എന്നത് ഒരു ഉദാഹരണം. ആഇശയെ പറ്റി നല്ലതല്ലാത്ത മറ്റൊന്നും ഞങ്ങള്‍ക്കറിയില്ല എന്നായിരുന്നു സപത്‌നിമാര്‍ പറഞ്ഞത്.
പ്രവാചകന്റെ വിവാഹങ്ങള്‍ സവിശേഷമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളവയായിരുന്നു. അതുകൊണ്ട് തന്നെ പ്രവാചകനോടൊത്തുള്ള ജീവിതം അവിടുത്തെ പത്‌നിമാര്‍ക്ക് ഒരിക്കലും ഒരു പൂമെത്തയായിരുന്നില്ല. നിത്യവൃത്തിക്ക് പോലും വകയില്ലാതെ അരിഷ്ടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത്. മൂന്നുമാസം തുടര്‍ച്ചയായി തങ്ങളുടെ വീട്ടില്‍ അടുപ്പ് പുകഞ്ഞിരുന്നില്ലെന്ന് ആഇശ പ്രസ്താവിക്കുന്നുണ്ട്.
ഒരു ഘട്ടത്തില്‍ ജീവിത വിഭവങ്ങളുടെ ഈ ഞെരുക്കം പ്രവാചക പത്‌നിമാരെ പ്രവാചകനുമായി സമരം ചെയ്യുന്നതില്‍ വരെ എത്തിച്ചു. അതേ തുടര്‍ന്ന് ഖുര്‍ആന്‍ പ്രവാചക ഭാര്യമാര്‍ക്ക് ശക്തമായ താക്കീത് നല്‍കി: ‘പ്രവാചകാ താങ്കളുടെ  ഭാര്യമാരോട് പറയൂ നിങ്ങള്‍ ലൗകിക ജീവിതവും അതിലെ അലങ്കാരവുമാണ് ആശിക്കുന്നതെങ്കില്‍ വരൂ, നിങ്ങള്‍ക്ക് സസുഖം ജീവിക്കാനുള്ള വക തന്ന് ഞാന്‍ നിങ്ങളെ മാന്യമായി പിരിച്ചയക്കാം. അല്ല, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകത്തേയുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളില്‍ നിന്നുള്ള പുണ്യവനിതകള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു.’ (അല്‍ അഹ്‌സാബ്: 28, 29)

jabal-noor
വെളിപാട് ലഭിച്ച ഉടന്‍ പ്രവാചകന്‍ തന്റെ ഭാര്യമാരെ സമീപിച്ച് അല്ലാഹുവിന്റെ നിര്‍ദ്ദേശം ധരിപ്പിച്ചു. അവര്‍ ഭൗതിക സുഖസൗകര്യങ്ങള്‍ക്ക് തെല്ലും വിലകല്‍പ്പിക്കാതെ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും തിരഞ്ഞെടുത്തു. ഈ ഭൗതിക വിരക്തി  അവര്‍ പ്രവാചക വിയോഗാനന്തരവും തുടര്‍ന്നു. അമീര്‍ മുഅവിയ ആഇശക്ക് എണ്‍പതിനായിരം ദിര്‍ഹം അയച്ചു കൊടുത്ത സന്ദര്‍ഭം നല്ലൊരുദാഹരണമാണ്. നോമ്പുകാരിയായിരുന്ന ആഇശ തനിക്ക് കിട്ടിയ ധനം ഇരുന്ന ഇരുപ്പില്‍ വിതരണം ചെയ്തു തീര്‍ത്തു. വൈകുന്നേരം നോമ്പുതുറക്കാന്‍ മാംസം വാങ്ങാനുള്ള പണംപോലും അവരുടെ കയ്യില്‍ അവശേഷിച്ചിരുന്നില്ല. ഇത് ആഇശയുടെ മാത്രം ശീലമായിരുന്നില്ല. പ്രവാചകന്റെ  ഇതര പത്‌നിമാരും ഈ രീതി തന്നെയാണ് പിന്തുടര്‍ന്നത്.
സൈനബ് ബിന്‍ത് ജഹ്ശിന് ഒരിക്കല്‍ പൊതു ഖജനാവില്‍ നിന്നുള്ള വിഹിതമായി 12,000 വെള്ളി ലഭിച്ചു. ഈ ധനം ഒരു പരീക്ഷണമാണ്. അല്ലാഹുവേ അടുത്ത കൊല്ലം ഈ പണം എനിക്ക് ലഭിക്കാതിരിക്കണമേ എന്നു പറഞ്ഞ് അവര്‍ അത് മുഴുവന്‍ ധര്‍മ്മം ചെയ്തു. വിവരമറിഞ്ഞ ഖലീഫാ ഉമര്‍ വീട്ടാവശ്യങ്ങള്‍ക്ക് സൂക്ഷിച്ചു വെയ്ക്കണം എന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചു ആയിരം വെള്ളികൂടി കൊടുത്തയച്ചുവെങ്കിലും അതും പൂര്‍ണ്ണമായി ധര്‍മ്മം ചെയ്യുകയാണുണ്ടായത്.
സദാചാരത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങളുടെയും എക്കാലത്തേയും പ്രകാശ ഗോപുരമാവേണ്ട പ്രവാചകപത്‌നിമാരുടെ പവിത്രതയും മാന്യതയും കാത്തു സൂക്ഷിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ആന്‍ അവര്‍ക്കു നല്‍കുകയുണ്ടായി. ‘പ്രവാചക പത്‌നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിക്കപ്പെടുന്നതാണ്. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവിനോടും അവന്റെ ദൂതനോടും താഴ്മ കാണിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ പ്രതിഫലം രണ്ടു മടങ്ങായി നാം നല്‍കുന്നതാണ്. അവള്‍ക്കു വേണ്ടി നാം മാന്യമായ വിഭവങ്ങള്‍ ഒരുക്കിവെയ്ക്കുകയും ചെയ്തിരിക്കുന്നു. പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റ് ആരേയും പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മ നിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിഞ്ഞുകൊള്ളുകയും ചെയ്യുക.
പഴയ അജ്ഞാത കാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നടത്തരുത്. നിങ്ങള്‍ നമസ്‌ക്കാരം മുറപോലെ നിര്‍വ്വഹിക്കുകയും, സക്കാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. പ്രവാചകന്റെ വീട്ടുകാരേ! നിങ്ങളില്‍നിന്നു മാലിന്യം നീക്കികളയാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (അഹ്‌സാബ്: 30-34) മറ്റൊരിടത്ത് ഖുര്‍ആന്‍ ഇപ്രകാരം കല്‍പിക്കുന്നു: ‘നബിയേ താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.’ (അഹ്‌സാബ്: 59)
നബിപത്‌നിമാരുടെ സ്വഭാവത്തെക്കുറിച്ചോ നടപടികളെക്കുറിച്ചോ ആശങ്ക ഉണ്ടായത് കൊണ്ടല്ല അല്ലാഹു ഇപ്രകാരം കല്‍പ്പിച്ചിരിക്കുന്നത്. മറിച്ച് ഇസ്‌ലാമിക സമൂഹത്തില്‍ അവര്‍ക്ക് കല്‍പ്പിക്കപ്പെട്ട പവിത്രത അവരെയും വിശ്വാസികളെയും ബോധ്യപ്പെടുത്തുകയെന്നതായിരുന്നു താല്‍പര്യം. ലോകത്തിനു മുഴുവന്‍ മാര്‍ഗ്ഗ ദര്‍ശനത്തിന്റെ കേന്ദ്രസ്ഥാനമായി വര്‍ത്തിക്കേണ്ട പ്രവാചകന്റെ ഭവനത്തില്‍ ജാഹിലിയ്യത്തിന്റെ യാതൊരു മാതൃകയും കാണാന്‍ ഇടയായിക്കൂടാ. ജനങ്ങള്‍ അവരെ അനുധാവനം ചെയ്യുന്നു എന്നതിനാല്‍ അവരുടെ നന്മതിന്മകള്‍ ജനങ്ങളുടെ ജയപരാജയങ്ങള്‍ക്ക് നിമിത്തമാകുന്നു.
വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്ന രഹസ്യങ്ങള്‍ കാത്തു സൂക്ഷിക്കുകയെന്നത് ഭദ്രമായ കുടുംബ ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഉപാധിയാണ്. ആ രഹസ്യങ്ങള്‍ പ്രവാചകനെപ്പോലെ ഭരണാധികാരിയും സൈന്യാധിപനുമായ ഒരു വ്യക്തിയുമായി ബന്ധപ്പെട്ടതാകുമ്പോള്‍ അവയുടെ ഗൗരവം വര്‍ധിക്കുന്നു. അതുകൊണ്ട്തന്നെ പ്രവാചക പത്‌നിമാരിലൊരാള്‍ പ്രവാചകന്‍ തന്നോടു പറഞ്ഞ ഒരു രഹസ്യം തന്റെ സപത്‌നിയോടു വെളിപ്പെടുത്തിയപ്പോള്‍ ഈ ഖുര്‍ആന്‍ വാക്യങ്ങളവതരിച്ചു. പ്രവാചകന്‍ തന്റെ ഭാര്യമാരില്‍ ഒരാളോട് ഒരു രഹസ്യ വര്‍ത്തമാനം പറഞ്ഞു. അവരത് മറ്റൊരാളെ അറിയിച്ചു.
രഹസ്യം പരസ്യമായ വിവരം അല്ലാഹു പ്രവാചകനെ ധരിപ്പിച്ചു. അപ്പോള്‍ അദ്ദേഹം അതിലെ ചില വശങ്ങള്‍ ആ ഭാര്യയെ അറിയിച്ചു. ചില വശം ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യം പ്രവാചകന്‍ അവരോട് പറഞ്ഞപ്പോള്‍ ആരാണിത് താങ്കളെ അറിയിച്ചതെന്ന് അവര്‍ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു. സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനാണ് എന്നെ വിവരമറിയിച്ചത്. നിങ്ങളിരുവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. കാരണം, നിങ്ങളിരുവരുടെയും മനസ്സുകള്‍ വ്യതിചലിച്ചു പോയിട്ടുണ്ട്. അഥവാ നിങ്ങളിരുവരും അദ്ദേഹത്തിനെതിരേ പരസ്പരം സഹായിക്കുകയാണെങ്കില്‍ അറിയുക; അല്ലാഹുവാണ് അദ്ദേഹത്തിന്റെ രക്ഷകന്‍. പിന്നെ ജിബ്‌രീലും സച്ചരിതരായ മുഴുവന്‍ സത്യവിശ്വാസികളും മലക്കുകളുമെല്ലാം അദ്ദേഹത്തിന്റെ സഹായികളാണ്.’ (അത്തഹ്‌രീം: 3-4).

വൈജ്ഞാനിക രംഗം
തങ്ങളുടെ സമകാലീനരായ സ്ത്രീകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനാവശ്യമായ അറിവ് പ്രവാചക പത്‌നിമാര്‍ കരസ്ഥമാക്കിയിരുന്നു. അക്കാലത്ത് അക്ഷരാഭ്യാസം സിദ്ധിച്ചവര്‍ അപൂര്‍വമായിരുന്നു. എന്നാല്‍ പ്രവാചകപത്‌നിമാരില്‍ സാക്ഷരത നേടിയവരുണ്ടായിരുന്നു. പില്‍ക്കാലതലമുറയുടെ വളര്‍ച്ചയില്‍ പ്രവാചക പത്‌നിമാര്‍ പങ്കു വഹിച്ചതായി കാണാം. വൈജ്ഞാനിക രംഗത്ത് പുരുഷന്മാരെപ്പോലും പിന്നിലാക്കാനുളള പാണ്ഡിത്യം ആഇശ നേടിയെടുത്തിരുന്നു. ആഇശ ഇല്ലായിരുന്നുവെങ്കില്‍ പ്രവാചക ജീവിതത്തിന്റെ പല വശങ്ങളും അനാവരണം ചെയ്യപ്പെടാതെ കിടന്നേനെ എന്ന്‌പോലും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അബൂമൂസല്‍ അശ്അരി പറയുന്നു: നബിയുടെ അനുചരന്മാരായ ഞങ്ങള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ സംശയം ഉണ്ടാവുകയും അതുമായി ആഇശയെ സമീപിക്കുകയും ചെയ്താല്‍ അവരില്‍ നിന്ന് ഞങ്ങള്‍ക്ക് അതു സംബന്ധമായ വിജ്ഞാനം കിട്ടാതെ പോയിട്ടില്ല. ഭിന്നാഭിപ്രായമുളള വിഷയങ്ങളില്‍ നെല്ലും പതിരും വേര്‍തിരിക്കാനുളള ആഇശയുടെ ഗവേഷണ പാടവം പ്രമുഖ സഹാബികളെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്.
പ്രമുഖരായ സഹാബിമാര്‍പോലും അവരില്‍നിന്നും സംശയ നിവാരണം നടത്തിയിരുന്നതായി പ്രസിദ്ധ താബിഈ പണ്ഡിതനായ ഇമാം സുഹ്‌രി പ്രസ്താവിക്കുന്നു. അത്വാഅ്ബ്‌നു അബീറബാഹയുടെ അഭിപ്രായത്തില്‍ ആഇശ ഏറ്റവും വലിയ പണ്ഡിതയായിരുന്നു. തിരുവചനങ്ങളെ കേവലം വാക്കര്‍ത്ഥത്തിലെടുത്തായിരുന്നു പലപ്പോഴും പല സഹാബികളും നിരീക്ഷണം നടത്താറുണ്ടായിരുന്നത്. എന്നാല്‍ ആഇശ അവയുടെ ആന്തരാര്‍ത്ഥങ്ങള്‍ക്ക് പ്രധാന്യം നല്‍കി മതതത്വങ്ങളുടെ ആത്മാവ് മനസ്സിലാക്കി വിധിപ്രസ്താവം നടത്തി.

index

രാഷ്ട്രീയസാമൂഹിക ഇടപെടലുകള്‍
പ്രവാചക പത്‌നിമാര്‍ അദ്ദേഹം ജീവിച്ചിരുന്നപ്പോഴും അതിനു ശേഷവും സാമൂഹികമായ ഇടപെടലുകള്‍ നടത്തിയിരുന്നു. പ്രവാചകനോടൊപ്പം അവര്‍ യുദ്ധരംഗങ്ങളില്‍ സന്നിഹിതരായിരുന്നു. നറുക്കിലൂടെയായിരുന്നു യുദ്ധത്തിനു പോകാനുളള പ്രവാചകപത്‌നിയെ തിരഞ്ഞെടുത്തിരുന്നത്. ഹുദൈബിയാ സന്ധിയുടെ അവസരത്തില്‍ പ്രവാചകന്റെ വിട്ടുവീഴ്ചാ നയം ഉള്‍ക്കൊളളാന്‍ തന്റെ അനുചരന്മാര്‍ക്ക് കഴിഞ്ഞില്ല. തല മുണ്ഡനം ചെയ്യാനുളള പ്രവാചക നിര്‍ദ്ദേശം നടപ്പാക്കാന്‍ അവര്‍ തയ്യാറായില്ല. പ്രവാചകന്‍ തന്റെ നിര്‍ദ്ദേശം പാലിക്കപ്പെടാത്ത ദുഃഖത്തിലായിരിക്കെ ഉമ്മുസല്‍മ പ്രവാചകനോട് സ്വയം മുടി കളയാനും ബലിയറുക്കാനും ആവശ്യപ്പെട്ടു. പ്രവാചകന്‍ അപ്രകാരം ചെയ്തപ്പോള്‍ അനുയായികള്‍ തെറ്റു തിരുത്താന്‍ തയ്യാറായി.
യുദ്ധരംഗത്താകട്ടെ അവര്‍ തമ്പുകളില്‍ കാഴ്ചക്കാരായി മാറിനില്‍ക്കുകയായിരുന്നില്ല. പരിക്കേറ്റ ഭടന്‍മാരെ ശുഷ്രൂഷിക്കുക, ഭടന്‍മാര്‍ക്ക് കുടി വെളളം എത്തിച്ചു കൊടുക്കുക തുടങ്ങിയ ജോലികള്‍ അവര്‍ നിര്‍വഹിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഉഹ്ദ് യുദ്ധവേളയില്‍ ആഇശ യോദ്ധാക്കളെ പരിചരിക്കുകയും അവര്‍ക്ക് ആയുധങ്ങള്‍ എത്തിക്കുകയും ചെയ്യുന്ന ജോലിയിലേര്‍പ്പെട്ടിരുന്നു. പില്‍ക്കാലത്ത് തനിക്കു ശരിയെന്നു തോന്നിയ ഒരു രാഷ്ട്രീയ മുന്നേറ്റത്തെ നയിക്കുവാനുളള ഇഛാശക്തിയും അവര്‍ പ്രദര്‍ശിപ്പിച്ചു. നിര്‍ഭാഗ്യകരമായ ആ യുദ്ധത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് പണ്ഡിതന്മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടാവാം. പക്ഷേ, അനുഗൃഹീത എഴുത്തുകാരന്‍ ടി മുഹമ്മദ്, സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ സീറതെ ആഇശയുടെ മലയാളം പരിഭാഷക്കെഴുതിയ മുഖവുരയില്‍ ഗ്രന്ഥകാരനെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയപോലെ ആഇശ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രവേശിച്ചതോടെ മുസലിം സ്ത്രീകളുടെ അവകാശ പരിധി പലരും ധരിച്ചപോലെ അത്ര സങ്കുചിതമല്ലെന്ന് തെളിഞ്ഞുകഴിഞ്ഞിരിക്കുകയാണ്. അതെ, മുസലിം സ്ത്രീയുടെ അവകാശ-സ്വാതന്ത്യമണ്ഡലം രാഷ്ട്രീയ നേതൃത്വം വരെ വിശാലമാണ്.                   ി

അവലംബം:  തഹ്ഫീമുല്‍ ഖുര്‍ആന്‍
(ഇസ്‌ലാം വിജ്ഞാന കോശം
-കലിമ ബുക്‌സ്)
(ഇസ്‌ലാമിക വിജ്ഞാന കോശം
-ഐപിഎച്ച്)
ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ:
സയ്യിദ് സുലൈമാന്‍ നദവി -ഐപിഎച്ച്‌

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4,968 times, 7 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day