|    Dec 4 Sun, 2016 3:45 pm

നന്മയുടെ നിറദീപവുമായി ദീപാവലി ഇന്ന്

Published : 29th October 2016 | Posted By: SMR

പാലക്കാട്: മാനവഹൃദയത്തില്‍ തിന്മയെ അകറ്റി നന്മയുടെ പ്രകാശം വിതറി ഇന്ന് ദീപാവലി. ഹൈന്ദവ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളില്‍ ഏറെ പ്രാധാന്യം കല്‍പിച്ചിരിക്കുന്ന ദീപങ്ങളുടെ ഉല്‍സവമായ ദീപാവലിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.   പാലക്കാട് നഗരത്തില്‍ താമസിക്കുന്ന ഗുജറാത്തികളും ഉത്തരേന്ത്യക്കാരും കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലായിരുന്നു. ഒരു കാലത്ത് തമിഴ്‌നാട്ടിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രം ആഘോഷിച്ചിരുന്ന ദീപാവലി പിന്നീട് കേരളീയരുടെ മറുനാടന്‍ ഉല്‍സവങ്ങളില്‍ പ്രധാനപ്പെട്ടതായി മാറുകയായിരുന്നു. കാര്‍ത്തിക മാസത്തില്‍ കറുത്തപക്ഷത്തിലെ ത്രയോദശി മുതല്‍ വെള്ളുത്തപക്ഷത്തിലെ ദ്വിതീയ നാള്‍വരെയുള്ള മൂന്നു ദിവസങ്ങളിലാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും അധിഷ്ഠിതമാണ് ഈ ഉല്‍സവം. തിന്മയെ അകറ്റി നന്മയെ കുടിയിരുത്തുക എന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകളും നാടും നഗരവുമൊക്കെ ഈ ദീപോല്‍സവത്തില്‍ ദീപ്തമാവുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെല്ലാം തന്നെ ധര്‍മപാലനത്തില്‍ അധിഷ്ഠിതമാണ്. കേരളത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ് തമിഴ്‌നാട്ടിലെയും ഉത്തരേന്ത്യയിലും രീതികള്‍. കേരളത്തില്‍ കാര്‍ത്തിക വിളക്കിന്റെ പ്രതീതിയാണ് ദീപാവലി നല്‍കുന്നത്. ദശാവതാരത്തില്‍ ഒമ്പതാമത്തേതായ കൃഷ്ണാവതാരത്തിന് ദീപാവലി ദിനത്തില്‍ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. ഇതിനാല്‍ കൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടത്തിവരുന്നതും പതിവാണ്. ആദ്യകാലങ്ങളില്‍ ബനിയ ജാതിക്കാരുടെ മാത്രം ഉത്സവമായി കണ്ടിരുന്ന ദീപാവലി ഇന്ന് ഏവരുടെയും ഉല്‍സവമാണ്. ഗുജറാത്തികള്‍ സമ്പദ് വര്‍ഷാരംഭമായിട്ടാണ് ദീപാവലിയെ കാണുന്നത്. അക്ഷയത്രിതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതുപോലെ ദീപാവലി ദിനത്തില്‍ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങുന്നത് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഗുജറാത്തികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 77 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day