|    Dec 10 Sat, 2016 12:19 pm

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ; നടപടി വൈകുന്നതിനു പിന്നില്‍ സംസ്ഥാനത്തിന്റെ അനാസ്ഥ

Published : 4th November 2016 | Posted By: SMR

കല്‍പ്പറ്റ: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേയുടെ നടപടികള്‍ വൈകുന്നതിന് പിന്നില്‍ സംസ്ഥാനത്തിന്റെ അനാസ്ഥയെന്ന് ആക്ഷേപം. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിഎംആര്‍സിക്ക് അനുവദിച്ച തുക കൈമാറാത്തതുള്‍പ്പെടെ വിഷയത്തില്‍ കേരളം തികഞ്ഞ അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപമുയരുന്നത്.നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പ്പാതക്കായുളള ഡിഎംആര്‍സിയുടെ സര്‍വേ നടപടികള്‍ അനിശ്ചിതത്വത്തിലാണ്. കേന്ദ്രം അനുവദിച്ച എട്ടു കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് ഡിഎംആര്‍സി സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചത്. ഉദ്യോഗസ്ഥര്‍ തുക കൈമാറാത്തതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും സര്‍വേ നടപടികളുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ പോലും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് സാധിച്ചിട്ടില്ല. ചില ഉദ്യോഗസ്ഥരുടെ ഉദാസീനത നടപടികള്‍ വൈകിപ്പിക്കുകയാണെന്നു റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹി അഡ്വ. പി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ റെയില്‍വേ ബജറ്റിലാണ് ഈ പാതയ്ക്ക് വീണ്ടും അനുമതി ലഭിച്ചത്. തുടര്‍ന്ന് സംയുക്ത സംരംഭമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയുമായി ധാരണപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. സര്‍വേയും പദ്ധതിരേഖയും പൂര്‍ത്തിയായാല്‍ മാത്രമേ സംയുക്ത കമ്പനിക്ക് കീഴില്‍ പാതയുടെ നിര്‍മാണം തുടങ്ങാനാവൂ. എന്നാല്‍, തുക ലഭിക്കാത്തതു മൂലം സര്‍വേ നടപടികള്‍ തുടങ്ങാനാവാതെ പദ്ധതി നിര്‍ത്തിവച്ചിരിക്കുകയാണ്. ആദ്യഗഡുവായി രണ്ടുകോടി രൂപയാണ് ഡിഎംആര്‍സി ആവശ്യപ്പെട്ടത്. എന്നാല്‍, അതു പോലും നല്‍കാതെ ഉദ്യോഗസ്ഥര്‍ വട്ടംകറക്കുന്നതായാണ് ആക്ഷേപം. നാലുമാസമായി തുക ലഭ്യമാവുന്നതിനായി ഡിഎംആര്‍സി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങുന്നുണ്ട്. തുക ലഭ്യമാക്കി സര്‍വേയും പദ്ധതിരേഖയും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സംയുക്ത കമ്പനിക്ക് കീഴില്‍ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ച് പാതയുടെ നിര്‍മാണം തുടങ്ങാനാവൂ. ഇതോടെ പദ്ധതിക്ക് തുരങ്കംവയ്ക്കാന്‍ ചിലര്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്ന ആക്ഷേപം. ഡിഎംആര്‍സിയെ മാറ്റി മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറാനുള്ള ഗൂഢാലോചന ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day