|    Dec 4 Sun, 2016 1:37 pm

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ സര്‍വേ: തുക കൈമാറണമെന്ന് ആക്ഷന്‍ കമ്മിറ്റി

Published : 24th October 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിഎംആര്‍സിക്ക് അനുവദിച്ച തുക ഉടന്‍ കൈമാറണമെന്നു നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അനുവദിച്ച എട്ടുകോടി രൂപ നല്‍കാത്തതിനാല്‍ ഡിഎംആര്‍സി സര്‍വേ നിര്‍ത്തിവയ്ക്കാനുണ്ടായ സാഹചര്യത്തില്‍ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. സംയുക്ത സംരംഭമായി റെയില്‍വേ പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി ജൂണ്‍ 24ന് ഉത്തരവിറക്കിയത്. സംയുക്ത കമ്പനി രൂപീകരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍, സര്‍വേ നടപടികള്‍ തുടങ്ങിയിട്ടും അനുവദിച്ച പണം ലഭിക്കാന്‍ നാലുമാസമായി ഡിഎംആര്‍സിക്ക് സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വന്നു. ഒമ്പതുമാസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. സര്‍വേയും പദ്ധതിരേഖയും പൂര്‍ത്തിയായെങ്കില്‍ മാത്രമേ സംയുക്ത കമ്പനിക്ക് കീഴില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച് പാതയുടെ നിര്‍മാണം തുടങ്ങാനാവൂ. സര്‍വേ നടത്താന്‍ ഡിഎംആര്‍സിക്ക് അനുവദിച്ച തുക ഉടന്‍ നല്‍കണം. നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍പ്പാത അട്ടിമറിക്കാനായി പല ലോബികളും ശ്രമിക്കുന്നുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വയനാട്ടിലെ ജനപ്രതിനിധികളുടെ നിതാന്ത ജാഗ്രതയുണ്ടാവണമെന്നു യോഗം ആവശ്യപ്പെട്ടു. കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പി വൈ മത്തായി, ഫാ. ടോണി കോഴിമണ്ണില്‍, വി മോഹനന്‍, എം എ അസൈനാര്‍, മോഹന്‍ നവരംഗ്, ഡോ. തോമസ് മോഡിശ്ശേരി, ജോയിച്ചന്‍ വര്‍ഗീസ്, ഒ കെ മുഹമ്മദ്, ജോസ് കപ്യാര്‍മല, ഐസണ്‍ ജോസ്, നാസര്‍ കാസിം, റാംമോഹന്‍, ഷംസാദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day