|    Dec 3 Sat, 2016 1:34 am
FLASH NEWS

നജീബ് അഹ്മദിന്റെ തിരോധാനം: പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു

Published : 7th November 2016 | Posted By: SMR

ന്യുഡല്‍ഹി: ആഴ്ചകള്‍ പിന്നിട്ടിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ നജീബ് അഹ്മദിനെ കണ്ടെത്തുന്നതില്‍ അധികൃതര്‍ കാണിക്കുന്ന ഉദാസീനതയ്‌ക്കെതിരേ ഇന്ത്യാഗേറ്റില്‍ പ്രതിഷേധിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികളുടെ പ്രതിഷേധം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ്തന്നെ ഇന്ത്യാഗേറ്റിനോട് ചേര്‍ന്ന പ്രധാന റോഡുകളെല്ലാം പോലിസ് തടസ്സപ്പെടുത്തിയിരുന്നു. പ്രതിഷേധം തുടങ്ങിയ ഉടനെ പോലിസ് നടപടി ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്ന നജീബിന്റെ മാതാവ് ഫാത്തിമ അഹ്മദിനെ പോലിസ് വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നാലെ മകളെയും കസ്റ്റഡിയിലെടുത്തു. മകനെ കാണാതായെന്നറിഞ്ഞ് ഉത്തര്‍പ്രദേശിലെ ബദായൂനില്‍നിന്നു കഴിഞ്ഞ മാസം ഡല്‍ഹിയിലെത്തിയ ഫാത്തിമ വിദ്യാര്‍ഥികള്‍ക്കൊപ്പം എല്ലാ പ്രതിഷേധത്തിലും പങ്കെടുക്കുന്നുണ്ട്. ഛട്ട് പൂജയോടനുബന്ധിച്ചു വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നും 144 പ്രഖ്യാപിച്ചിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്. കഴിഞ്ഞദിവസം സര്‍വകലാശാലയിലെ പ്രക്ഷോഭത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ജെഎന്‍യുവിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പ്രതിഷേധം ഇന്ത്യാഗേറ്റിലേക്ക് മാറ്റണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രാലയത്തോട് റിപോര്‍ട്ട് തേടുമെന്ന് രാഷ്ട്രപതി അറിയിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് പോലിസ് നടപടിയെടുക്കാത്തതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ ശേഷമാണ് ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. 22 ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് എബിവിപി പ്രവര്‍ത്തകരെ പോലിസ് ചോദ്യംചെയ്തത്. എബിവിപി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാത്തത് ബിജെപിയുടെ സമ്മര്‍ദം മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു. നജീബിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നു പോലിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day