|    Dec 6 Tue, 2016 6:15 am
FLASH NEWS

നജീബിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: തന്റെ മകനെ കണ്ടെത്താന്‍ ഡല്‍ഹി പോലിസിനും സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യുവില്‍ നിന്നു കാണാതായ വിദ്യാര്‍ഥി നജീബിന്റെ മാതാവ് ഫാത്തിമ നഫീസ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ജെഎന്‍യു ബയോടെക്‌നോളജി വിദ്യാര്‍ഥിയും ഉത്തര്‍പ്രദേശിലെ ബദുവാന്‍ സ്വദേശിയുമായ നജീബിനെ കാണാതായത്. സര്‍വകലാശാലയില്‍ തലേദിവസം രാത്രി എബിവിബി പ്രവര്‍ത്തകരുമായി ഉണ്ടായ അടിപിടിയെ തുടര്‍ന്നായിരുന്നു നജീബിന്റെ തിരോധാനം.
ജസ്റ്റിസുമാരായ ജി എസ് സിസ്താനി, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഫാത്തിമ നഫീസയുടെ ഹരജിയില്‍ കോടതി ഡല്‍ഹി പോലിസിനും സര്‍ക്കാരിനും നോട്ടീസയച്ചു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് മൂന്നുദിവസത്തിനകം ഹാജരാക്കാനും കോടതി പോലിസിനോട് ആവശ്യപ്പെട്ടു. അഡ്വ. അലി ക്വാംബര്‍ സൈദി മുഖേനയാണ് നഫീസ കോടതിയെ സമീപിച്ചത്. കേസന്വേഷണം കോടതി നിയമിക്കുന്ന, ഡല്‍ഹിക്കു പുറത്തുള്ള നിഷ്പക്ഷരായ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തിനു കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നിര്‍ദേശപ്രകാരം നേരത്തേ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലിസ് പ്രഖ്യാപിച്ച തുക അഞ്ചു ലക്ഷമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day