|    Dec 6 Tue, 2016 9:27 pm
FLASH NEWS

നഗരസഭാ സെക്രട്ടറിയുടെ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച: മനുഷ്യാവകാശ കമ്മീഷന്‍

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സെക്രട്ടറിയുടെ പ്രവര്‍ത്തനം നിരുത്തരവാദപരവും അസംതൃപ്തികരവുമെന്നും കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് നടപടിക്രമത്തില്‍ ചൂണ്ടികാണിച്ചു.  പൂജപ്പുര സ്വദേശി അനില്‍കുമാര്‍ ഒരു ദിനപത്രത്തില്‍ എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിരീക്ഷണം. പൊതുനിരത്തിലെ ഓടയില്‍ നിന്നുള്ള മലിനജലം വീട്ടുമുറ്റത്ത് നിറയുന്നത് പതിവായതിനെ തുടര്‍ന്നാണ് അനില്‍കുമാര്‍ നഗരസഭയില്‍ പരാതി നല്‍കിയത്.  നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.പൂജപ്പുര കേശവന്‍നായര്‍ റോഡില്‍ നിന്നും മേലാങ്കോട് ക്ഷേത്രത്തിലേക്ക് ഇറക്കമിറങ്ങുമ്പോള്‍ റോഡിനോട് ചേര്‍ന്നുള്ള ഓട പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.  2014 മേയ് 2 നാണ് കമ്മീഷന്‍ നഗരസഭാസെക്രട്ടറിക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയത്.  ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് അനില്‍കുമാര്‍ വീണ്ടും പരാതി നല്‍കി.  2015 സെപ്റ്റംബര്‍ 15 ന് ഓട നവീകരിക്കണമെന്ന് കമ്മീഷന്‍ വീണ്ടും നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ആദ്യ ഉത്തരവ് നല്‍കി രണ്ടുവര്‍ഷവും രണ്ടാം ഉത്തരവ് നല്‍കി പത്തുമാസവും കഴിഞ്ഞിട്ടും നഗരസഭാ സെക്രട്ടറി നടപടിയെടുത്തില്ലെന്നാണ് പുതിയ പരാതി. നേരത്തെ പാസാക്കിയ ഉത്തരവുകള്‍ക്ക് മേല്‍ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചയ്ക്കകം രേഖാമൂലം സമര്‍പ്പിക്കണമെന്ന് മനുഷ്യാകാശ കമ്മീഷന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കേസ് ഡിസംബറില്‍ പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day