|    Dec 9 Fri, 2016 9:21 am
FLASH NEWS

നഗരസഭാ വാര്‍ഡുകളില്‍ ശുചീകരണം പുരോഗമിക്കുന്നു

Published : 22nd October 2016 | Posted By: SMR

തിരുവനന്തപുരം: എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി 15 വാര്‍ഡുകളിലായി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ഡുതല ശുചീകരണം പുരോഗമിക്കുന്നു. ശാസ്തമംഗലം, കവടിയാര്‍, പേട്ട, ജഗതി, ചാക്ക, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, നന്തന്‍ക്കോട്, പാളയം, കുന്നുകുഴി തുടങ്ങി നഗരത്തിന്റെ വിവിധ പ്രദശങ്ങളിലാണിപ്പോള്‍ ശുചീകരണം നടക്കുന്നത്. ഇതിന്റെ ഭാഗമായി കിച്ചണ്‍ ബിന്നുകളും സ്ഥാപിച്ചു തുടങ്ങി. 2000-2200 വീടുകള്‍ ഉളള പ്രദേശത്തു ഒരു കിച്ചണ്‍ ബിന്‍ എന്ന നിലയിലാണു ബിന്നുകള്‍ സ്ഥാപിക്കുന്നത്. വാര്‍ഡുകളില്‍ ബിന്നുകള്‍ സ്ഥാപിക്കുന്നതിനായുളള സര്‍വേയാണു ഇപ്പോള്‍ പൂര്‍ത്തിയായിവരുന്നത്. ഒരു വാര്‍ഡില്‍ ശരാശരി 500 കിച്ചണ്‍ ബിന്നുകളാണു സ്ഥാപിക്കുന്നത്. വാര്‍ഡുകള്‍ നിര്‍ദേശിക്കുന്ന അത്ര ബിന്നുകള്‍ സ്ഥാപിക്കാനാണു നഗരസഭയുടെ തീരുമാനം. ഈ മാസം അവസാനത്തോടെ ഇതു പൂര്‍ത്തിയാക്കുമെന്നു നഗരസഭ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന എസ് ഐ ശ്രീകുമാര്‍ അറിയിച്ചു. നഗരത്തിലെ 80 വീടുകളില്‍ ഉറവിട മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതിയും നടപ്പാക്കും. വാര്‍ഡുകളില്‍ നിന്നുള്ള മാലിന്യവും നീക്കം ചെയ്തു തുടങ്ങി. പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷയാവും കിട്ടുക. പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ ജനങ്ങള്‍ക്കു ബോധവല്‍ക്കരണവും നഗരസഭയുടെ നേതൃത്വത്തില്‍ നല്‍കും. വ്യാപാര വ്യവസായശാലകളില്‍ നിന്നുണ്ടാവുന്ന മാലിന്യങ്ങള്‍ അവിടെ തന്നെ നിര്‍മാര്‍ജനം ചെയ്യാനുള്ള നിര്‍ദേശമായിരിക്കും വ്യാപാരികള്‍ക്കു നല്‍കുക. നഗരത്തില്‍ നിന്നുള്ള കോഴി, ഇറച്ചി മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അമല ഇക്കോ ക്ലീനിങ് ഏജന്‍സിയെയാണു ഏല്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ ഇറച്ചി മാലിന്യങ്ങള്‍ ശേഖരിച്ചു നിര്‍മാര്‍ജനം ചെയ്യും. ഇവയ്ക്കു പുറമെ തമിഴ്‌നാട് ഏജന്‍സികളും ഇത്തരം മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്നു എസ് ഐ ശ്രീകുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെക്രട്ടേറിയറ്റ് തുടങ്ങി സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും മാലിന്യ നിര്‍മാര്‍ജനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day