|    Oct 25 Tue, 2016 7:32 pm

നഗരത്തില്‍ വന്‍ തീപ്പിടിത്തം; മൂന്ന് വീടുകള്‍ കത്തിനശിച്ചു

Published : 7th May 2016 | Posted By: SMR

കോഴിക്കോട്: ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ നഗരത്തില്‍ മൂന്ന് വീടുകള്‍ കത്തിനശിച്ചു. ഒരു അങ്കണവാടിയും തീപ്പിടിത്തത്തില്‍പ്പെടും. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപ്പിടുത്തമുണ്ടായതെങ്കിലും ഓടിപുറത്തുകടന്നതിനാല്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. എന്നാല്‍, വീട്ടുസാധനങ്ങളും വസ്ത്രങ്ങളും കത്തിത്തീര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
ഇന്നലെ പുലര്‍ച്ചെ നാലോടെ കുണ്ടുങ്ങല്‍ മാളിയേക്കല്‍ റോഡില്‍ സിഎന്‍ പടന്ന പറമ്പിലാണ് തീപ്പിടിത്തമുണ്ടായത്. മതാരി ഹൗസില്‍ കുഞ്ഞീബി, ആയിഷ, സൗദ എന്നിവരുടെ വീടുകളാണ് കത്തിശിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ചമ്മങ്ങാട് പോലിസ് കേസെടുത്തു. സൗദയുടെ വീട്ടില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്.
സൗദയും ഭര്‍ത്താവും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയുടെ ഫാനില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സ്ഥലത്ത് പരിശോധന നടത്തിയ കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. തീക്കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് തൊട്ടടുത്ത ആയിഷയുടേയും കുഞ്ഞീബിയുടേയും വീടിനും തീപ്പിടിച്ചു. സമീപവാസികളെല്ലാം വെള്ളം കോരിയൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ബീച്ചില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. മൂന്നുവീടുകളിലുമുള്ള അരി സാധനങ്ങള്‍, പാത്രങ്ങള്‍, ഫ്രിഡ്ജ്, ടിവി തുടങ്ങിയ ഇലട്രോണികസ് ഉപകരണങ്ങള്‍, പുസ്തകങ്ങ ള്‍, രേഖകള്‍, എസ്എസ്എല്‍സി ബുക്ക്, പാസ്‌പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം കത്തി നശിച്ചവയില്‍ പെടും. പത്തുലക്ഷം രൂപയുടെ നഷ്ടം ഒരു വീടിനുണ്ടായതാണ് പ്രാഥമിക കണക്ക്.
തീപ്പിടുത്തതോടെ നിലച്ച പ്രദേശത്തെ വൈദ്യുതി ബന്ധം ഇന്നലെ ഉച്ചയോടെ കെഎസ്ഇബി അധികൃതര്‍ പുനസ്ഥാപിച്ചു. കടുത്ത ചൂടില്‍ പുലര്‍ച്ചെ ഒന്നു മയങ്ങുമ്പോള്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് കുട്ടികളടക്കം തങ്ങളുടെ ജീവന്‍ തിരിച്ച് കിട്ടിയതെന്ന് കുഞ്ഞീബി പറഞ്ഞു. ഉടുതുണിക്ക് മറുതുണിപോലുമില്ല ഇവിടെ. പുതിയ വീടെന്ന സ്വപ്‌നം ശരിയായിവരുന്നതുവരെ എവിടെ കയറികിടക്കുമെന്നുപോലും നിശ്ചയമില്ലെന്നും കരഞ്ഞുകൊണ്ട് കുഞ്ഞീബി പറഞ്ഞു. അഗ്നിക്കിരയായ ആരാമം ആംഗണ്‍വാടിയിലും തീവിഴുങ്ങാത്ത ഒരു കളിപ്പാട്ടം പോലുമില്ല. ആളുകള്‍ തിങ്ങിപാര്‍ക്കുന്ന സിഎന്‍ പടന്നയില്‍ പെട്ടന്നുതന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചില്ലായിരുന്നെങ്കില്‍ വലിയൊരു ദുരന്തം തന്നെ പ്രദേശത്തുണ്ടാവുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ള പട്ടിണിപ്പാവങ്ങളാണ് പ്രദേശത്ത് കൂടുതലായും താമസിക്കുന്നത്. വിവരമറിഞ്ഞ് പ്രദേശത്തെ എംഎല്‍എയും മന്ത്രിയും ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എംകെ മുനീര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ വഹാബ്, എ കെ രാഘവന്‍ എം പി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day