|    Dec 6 Tue, 2016 11:23 pm
FLASH NEWS

ധനസഹായം മുടങ്ങി; വീട് നിര്‍മാണം തുടങ്ങിയ 14 ആദിവാസി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

Published : 25th October 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: വള്ളക്കടവ് വഞ്ചിവയല്‍ ആദിവാസി കോളനിയില്‍ സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരം നിര്‍മാണം തുടങ്ങിയ വീടുകള്‍ പാതിവഴിയില്‍ .സര്‍ക്കാര്‍ പണം നല്‍കാത്തത് മൂലമാണ്        വീടുകളുടെ നിര്‍മാണം പ്രതിസന്ധിയിലായത്. ഊരാളി വിഭാഗത്തില്‍പ്പെട്ട 81 ആദിവാസി കുടുംബങ്ങളാണ് വഞ്ചിവയല്‍ കോളനിയില്‍ താമസിക്കുന്നത്.കഴിഞ്ഞ മാര്‍ച്ചിലാണ് വീടിന് ധനസഹായം അനുവദിച്ചത്. മൂന്നര ലക്ഷം രൂപ വീതമാണ് ഓരോ വീടിനും അനുവദിച്ചത്. ഇതില്‍ രണ്ടര ലക്ഷം രൂപ ഹഡ്‌കോ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവും ബാക്കി ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും നല്‍കുന്നതായിരുന്നു പദ്ധതി.അധികം വരുന്ന തുക ഗുണഭോക്താക്കള്‍ കണ്ടെത്തണമെന്നുമാണ് വ്യവസ്ഥ. വഞ്ചിവയല്‍ കോളനിയില്‍ ഇത്തരത്തില്‍ പതിനാല് കുടുംബങ്ങള്‍ക്കാണ് വീടിനുള്ള ധനസഹായം അനുവദിച്ചത്.അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ താമസിച്ചിരുന്ന പഴയ വീടുകള്‍ ഇവര്‍ പൊളിച്ചുമാറ്റി. പതിനാലു വീടുകളില്‍ പലതും മോശമായ വീടുകളായിരുന്നു.ഇവര്‍ക്ക് രണ്ട് ഗഡുക്കളായി 1,57,500 രൂപയാണ് ലഭിച്ചത്.ആ തുക കൊണ്ട് തറയും ഭിത്തിയും പണിതു. ഇതിനു ശേഷം നാലു മാസമായിട്ടും ബാക്കി തുക ലഭിച്ചില്ല.  ബാക്കി തുക ലഭിക്കാതെ വന്നതോടെ ഇവരുടെ വീടെന്ന സ്വപ്‌നത്തിന് തിരിച്ചടിയായി.അടുത്ത ഗഡു ലഭിക്കുന്നതിനു വേണ്ടി പീരുമേട്ടിലെ ഓഫിസ് കയറി ഇറങ്ങി പലരും നിരാശരായി മടങ്ങുകയാണ്. അടുത്ത മാസത്തോടെ ബാക്കി തുക ലഭിക്കുമെന്നാണ് പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പറയുന്നത്. കോളനിയിലുണ്ടായിരുന്ന വീട് നഷ്ടപ്പെട്ടവര്‍ താല്‍ക്കാലികമായി പണിത പ്ലാസ്റ്റിക്ക് ഷെഡിലാണ് രാത്രിയും പകലും കഴിയുന്നത്. മറ്റു ചിലര്‍ രാത്രി ബന്ധുവീടുകളില്‍ അന്തിയുറങ്ങുന്നു. അടുത്ത ഗഡു എന്നു ലഭിക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. വീടിന്റെ പണികള്‍ക്ക് വേണ്ടി കടകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പ വായ്പ വാങ്ങിയവരാണ് കൂടുതല്‍ കുഴപ്പത്തിലായത്.സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും ലഭിക്കേണ്ട പണം കിട്ടാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കലക്ടര്‍ അടക്കം അധികൃതര്‍ക്ക് നിവേദനം നല്‍കി പണത്തിനായി കാത്തിരിക്കുകയാണ് ആദിവാസി കുടുംബങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day