|    Dec 6 Tue, 2016 11:34 am
FLASH NEWS

ധനവകുപ്പ് റിപോര്‍ട്ടിന് പുറമെ എജി റിപോര്‍ട്ടും; ജേക്കബ് തോമസിനെ പുറത്താക്കാന്‍ നീക്കം

Published : 31st October 2016 | Posted By: SMR

തിരുവനന്തപുരം: ധനവകുപ്പ് പരിശോധനാ റിപോര്‍ട്ടിന് പുറമെ എജി റിപോര്‍ട്ടും പുറത്തായത് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ പുറത്താക്കാനുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമത്തിന്റെ ഭാഗമെന്ന് സൂചന. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നിലപാടുമായി മുന്നോട്ടുപോവുന്നതിനിടെയാണ് ജേക്കബ് തോമസിനെതിരായ രണ്ടു റിപോര്‍ട്ടുകള്‍ പരസ്യമായത്. തനിക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ നേരത്തേ പരോക്ഷമായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ജേക്കബ് തോമസ് കളങ്കിതനാണെന്നു വരുത്തിത്തീര്‍ത്ത് സ്വയം പുറത്തുപോവുന്ന സാഹചര്യമുണ്ടാക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നതെന്നാണ് വിവരം. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് രണ്ടുകോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ഇപ്പോള്‍ പുറത്തായ അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക റിപോര്‍ട്ടിലുള്ളത്. 2014 ഫെബ്രുവരി ഒന്നുമുതല്‍ 2015 ഫെബ്രുവരി 28 വരെയുള്ള ഇടപാടുകള്‍ പരിശോധിച്ച് അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് വിഭാഗം തൃശൂര്‍ ബ്രാഞ്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. പണം വകമാറ്റി ചെലവഴിച്ചതുകൊണ്ടും കൊല്ലം, കണ്ണൂര്‍ അഴീക്കല്‍ തുറമുഖങ്ങളിലേക്ക് ക്രെയിന്‍ വാങ്ങിയതിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും ഖജനാവിന് നഷ്ടമുണ്ടായെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
ധനവകുപ്പ് പരിശോധനാ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എജി റിപോര്‍ട്ടിലുമുള്ളതെന്നതും ശ്രദ്ധേയമാണ്. സോളാര്‍ പാനലുകളുടെ ഇടപാടില്‍ സര്‍ക്കാരിന് നഷ്ടം സംഭവിച്ചെന്ന് ധനവകുപ്പ് പരിശോധനാ റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എജി റിപോര്‍ട്ടിലും ഗുണനിലവാരം ഉറപ്പിക്കാതെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ 57.12 ലക്ഷത്തിന്റെ നഷ്ടംവരുത്തിയതായി പറയുന്നു.
നേരത്തേ ധനവകുപ്പ് പരിശോധനാ റിപോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ വിജിലന്‍സ് ഡയറക്ടര്‍സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജേക്കബ് തോമസ് കത്തുനല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പൂര്‍ണ പിന്തുണ ലഭിച്ച അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍സ്ഥാനത്ത് തുടരാന്‍ തീരുമാനിക്കുകയും ശക്തമായ നിലപാടുമായി മുന്നോട്ടുപോവുകയും ചെയ്യുന്നതിനിടെയാണ് എജി റിപോര്‍ട്ട് ചില മാധ്യമങ്ങള്‍ മുഖേന പുറത്തുവന്നത്.
അന്വേഷണ റിപോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കി ഐഎഎസ്-ഐപിഎസ് തലപ്പത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര് പുതിയ തലത്തിലെത്തിയിരിക്കുകയാണ്. ജേക്കബ് തോമസിനെതിരേ ധനകാര്യ പരിശോധനാ റിപോര്‍ട്ട് പുറത്തുവന്നതിനുശേഷമായിരുന്നു ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെയാണ് പരിശോധന നടന്നതെന്ന് പിന്നീട് വിജിലന്‍സ് ഡയറക്ടര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു.
മികച്ച സര്‍വീസ് ട്രാക്കുള്ള, സര്‍ക്കാരിന് വിശ്വാസമുള്ള ഉദ്യോഗസ്ഥനായ കെ എം എബ്രഹാമിനെതിരേ ഡയറക്ടര്‍പോലുമറിയാതെ പരിശോധന നടത്തിയത് വിജിലന്‍സിനെ പ്രതിക്കൂട്ടിലാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണെന്നും സൂചനയുണ്ട്. പരിശോധനയ്ക്കു നേതൃത്വം നല്‍കിയ വിജിലന്‍സ് എസ്പിക്കെതിരേ നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day