|    Oct 22 Sat, 2016 6:59 pm
FLASH NEWS

ദേശീയ സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ ട്രാക്കുണരും; ദീപശിഖാ പ്രയാണം ഇന്ന് സമാപിക്കും

Published : 28th January 2016 | Posted By: SMR

കോഴിക്കോട്: രാജ്യത്തെ കൗമാരക്കാരുടെ കുതിപ്പിനും കിതപ്പിനും നാളെ കോഴിക്കോട് തുടക്കമാകും. 61ാമത് ദേശീയ സ്‌കൂള്‍ കായിക മേള മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മേളയുടെ ഒരുക്കങ്ങള്‍ പൂ ര്‍ത്തിയായെന്ന് സംഘാടക സമിതി അറിയിച്ചു.
2700ഓളം വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കാളികളാവുക. 13 സംസ്ഥാനങ്ങളില്‍ നിന്നായി 1600ഓളം പേര്‍ എത്തിക്കഴിഞ്ഞു. ഉത്തരാഖണ്ഡ് സംഘമാണ് ആദ്യമെത്തിയത്. 25ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയെത്തിയ സംഘത്തിന് റെയില്‍വേ സ്‌റ്റേഷനില്‍ ഊഷ്മളമായ വരവേല്‍പാണ് നല്‍കിയത്. വിവിധയിടങ്ങളില്‍ നിന്നു വരുന്ന താരങ്ങളെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. 25 മുതല്‍ തന്നെ ഇവ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നിലവിലുള്ള ഗാലറിക്ക് പുറമെ 600 പേര്‍ക്ക് ഇരിക്കാവുന്ന താല്‍ക്കാലിക ഗാലറിയും ഒരുക്കിയിട്ടുണ്ട്. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണം പാകം ചെയ്യുക. ഇന്ന് 11ന് പാലുകാച്ചല്‍ നടക്കും. ഇന്നത്തെ രാത്രി ഭക്ഷണത്തോടെയാണ് ഭക്ഷണ വിതരണം തുടങ്ങുക. കേരളത്തിന്റെതും മറ്റു സംസ്ഥാനങ്ങളിലേതും എന്നിങ്ങനെ രണ്ട് രീതിയിലുള്ള ഭക്ഷണ മെനുവാണ് ഒരുക്കിയിട്ടുള്ളത്. മിക്ക സംസ്ഥാനങ്ങളില്‍ നിന്നും അത്‌ലറ്റുകള്‍ക്കൊപ്പം പാചകക്കാരും എത്തിയിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം താമസ സ്ഥലത്ത് ഒരുക്കും.
ഓരോ സംസ്ഥാനക്കാര്‍ക്കും വെവ്വേറെ താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 26 സെന്ററുകളില്‍ 303 മുറികളിലായി 3110 കുട്ടികള്‍ക്കാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്.സ്റ്റേഡിയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് പ്രവേശന കവാടത്തില്‍ തന്നെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ടിലും പരിസരത്തും സിസിടിവി കാമറകളും സ്ഥാപിക്കും.
നാളെ അതിരാവിലെ മുതല്‍ മല്‍സരങ്ങള്‍ ആരംഭിക്കും. 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തുന്നതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമാവുക. വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. ഫെബ്രുവരി രണ്ടിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡിഡിഇ ഗിരീഷ് ചോലയില്‍, ഡോ. ചാക്കോ ജോസഫ്, സി പി ചെറിയ മുഹമ്മദ്, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day