|    Oct 27 Thu, 2016 4:27 pm
FLASH NEWS

ദേശീയപാത 49: ടാറിങ്ങില്‍ വ്യാപക ക്രമക്കേട്; ഒരാഴ്ചക്കകം റോഡ് തകര്‍ന്നു

Published : 22nd January 2016 | Posted By: SMR

കോതമംഗലം: ദേശീയപാത 49ല്‍ കോടികള്‍ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ ചെയ്ത ടാറിങ്ങില്‍ വ്യാപക ക്രമക്കേട്. ടാറിങ് പൂര്‍ത്തിയായി ഒരാഴ്ചക്കകം റോഡ് പലസ്ഥലത്തും പൊട്ടിപ്പൊളിഞ്ഞു.
കോതമംഗലം ബിഷപ്പ് ഹൗസിനടുത്തും പുതുപ്പാടി പള്ളിപ്പടിക്കടുത്തും റോഡ് പാടെ തകര്‍ന്ന സ്ഥിതിയിലാണ്. നഗരത്തില്‍ മിക്കയിടങ്ങളിലും പാതയോരങ്ങളിലെ ടാറിങ് വിണ്ടുകീറിയിട്ടുണ്ട്. അയ്യങ്കാവ് മുതല്‍ മൂവാറ്റുപുഴ കക്കടാശ്ശേരിവരെയുള്ള 11 കിലോമീറ്റര്‍ ദൂരത്തെ ടാറിങ് ജോലികള്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് പൂര്‍ത്തിയായത്. രാഷ്ട്രീയ ഭരണ രംഗത്ത് കാര്യമായ സ്വാധീനമുള്ള കരാറുകാരനാണ് ടാറിങ് ഏറ്റെടുത്തിട്ടുള്ളത്. ഇയാള്‍ കേരള കോണ്‍ഗ്രസ്സിലെ മുന്‍ മന്ത്രിമാരുടെ ബിനാമിയാണെന്നുള്ള ആരോപണവും ശക്തമാണ്.
ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ റിക്കാര്‍ഡ് വേഗത്തിലാണ് കരാറുകാര്‍ ടാറിങ് പൂര്‍ത്തിയാക്കിയത്. വാഹന യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കാതെയും കാര്യമായ ഗതാഗത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താതെയും ശരവേഗത്തിലുള്ള കരാറുകാരുടെ ടാറിങ് പൂര്‍ത്തീകരണം പരക്കെ പ്രശംസ നേടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മോര്‍ത്ത് പദ്ധതിയില്‍പെടുത്തി ദേശീയ പാത 49 ന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍നിന്നുമാണ് ഇപ്പോള്‍ നടത്തിയിട്ടുള്ള റോഡ് ടാറിങിനുള്ള തുക വിനിയോഗിക്കുക. പലയിനങ്ങളിലായി മൂന്നര കോടിയില്‍പരം രൂപക്കാണ് ടാറിങ് കരാര്‍ നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരുടെ സാന്നിദ്ധ്യത്തിലായിരുന്നു ടാറിങ് നടന്നത്. ടാറിങ് സംബന്ധിച്ച് കരാറില്‍ നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകളൊന്നും കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭ്യമായ വിവരം. സാധാരണ പഞ്ചായത്ത് റോഡ് ടാറിങിന്റെ നിലവാരം പോലും ഇപ്പോഴത്തെ എന്‍എച്ച് 49ലെ ടാറിങിന് ഇല്ലെന്ന് മനസിലാവുന്ന വിധത്തിലാണ് റോഡിന്റെ തകര്‍ച്ച. പുതുപ്പാടിക്കടുത്ത് രണ്ടായി പിളര്‍ന്ന മട്ടിലാണ് റോഡ് തകര്‍ന്നത്. ഈ ഭാഗത്ത് ടാറിങിന് കഷ്ടി ഒന്നരയിഞ്ച് കനം പോലുമില്ല.
കോതമംഗലം ബിഷപ്പ് ഹൗസിന് സമീപം എട്ടുകാലി വല വിരിച്ചത് പോലെയാണ് ടാറിങ് വിണ്ടുകീറിയിരിക്കുന്നത്. ഇവിടെയും റോഡ് താഴേക്കിരുന്നിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകത മൂലമാണ് റോഡ് തകര്‍ന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയറുടെയും ഓവര്‍സീയറുടെയും സാന്നിദ്ധ്യത്തിലാണ് ടാറിങ് നടന്നതെന്നാണ് എന്‍എച്ച് പൊതുമരാമത്ത് വകുപ്പ് ഉന്നതാധികൃതരുടെ അവകാശവാദം. ഇതു കണക്കിലെടുത്താല്‍ കരാറുകാരന്റെ വഴിവിട്ടുള്ള നീക്കത്തിന് ഈ ഉദ്യോഗരസ്ഥുടെ മനസ്സറിവുമുണ്ടായിരുന്നെന്നുവേണം കരുതാന്‍.
മൂന്നാര്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയാണിത് ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനം കടന്നുപോവുന്ന ഈ ദേശീയ പാതയുടെ ശോച്യാവസ്ഥ അപകടങ്ങള്‍ക്ക് കാരണമാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day