|    Oct 22 Sat, 2016 12:01 am
FLASH NEWS

ദേശീയത വെല്ലുവിളിയാവുമ്പോള്‍ വികസനം അസാധ്യമാവുന്നു: കെ ഇ എന്‍

Published : 15th March 2016 | Posted By: SMR

പാലക്കാട്: നരഭോജനത്തിന് സ്വന്തം അകത്തളങ്ങള്‍ തന്നെ അനുവദിച്ചുകൊടുക്കുമ്പോള്‍ സാര്‍വ്വദ്ദേശീയ രംഗത്ത് പ്രതിനിധാനം ചെയ്യപ്പെട്ട ദേശത്തിന്റെ താല്‍പര്യം ഇല്ലാതാവുകയും രാജ്യം എന്ന സങ്കല്‍പത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡോ. കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കേരള എന്‍ ജി ഒ യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേരള വികസനവും സമകാലീന രാഷ്ട്രീയ സാഹചര്യവും വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും പഴഞ്ചന്‍ മനസ്സിന്റെ പുനരുദ്ധാരണങ്ങളാണ് നാമിപ്പോള്‍ മുറുകെ പിടിക്കുന്നത്. അടിമയില്‍ നിന്ന് മനുഷ്യനിലേക്ക് വികസിക്കുന്നതിന് പകരം ഉപഭോക്താവായി മാറുകയാണ് ചെയ്യുന്നത്.വിപണിയില്‍ നിന്ന് വാങ്ങുകയല്ല നമ്മെതന്നെ വില്‍പനക്ക് വെക്കുകയാണ് ഉപഭോഗം എന്നത്‌കൊണ്ട് ഇന്ന് അര്‍ത്ഥമാക്കുന്നത്. പുതിയ വികസന സങ്കല്‍പ്പത്തില്‍ പൊതു എന്ന വാക്കിനെ അപ്രസക്തമാക്കാനും സ്വകാര്യം എന്നത് ഉയര്‍ത്തി പിടിക്കാനുമാണ് ശ്രമിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ സ്വാതന്ത്ര്യം എന്നത് സ്വതന്ത്ര്യവ്യാപാരം എന്നായി മാറുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാനകമ്മറ്റി അംഗം സരള അധ്യക്ഷയായി, കെ മൂഹമ്മദ് ഇസ്ഹാഖ്, എന്‍ ജാന്‍സിമോന്‍ സംസാരിച്ചു.സമ്മേളനത്തോടനുബന്ധിച്ച് നടന്ന സുഹൃദ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ രാജന്‍ അധ്യക്ഷനായി. 39 അംഗ ജില്ലാ വനിതാ സബ്കമ്മറ്റിയുടെ കണ്‍വീനറായി മേരി സില്‍വസ്റ്ററേയും ജോ. കണ്‍വീനര്‍മാരായി കെ ഇന്ദിരാദേവി, എസ് ശ്രീദേവി എന്നിവരേയും സമ്മേളനം തിരഞ്ഞെടുത്തു. വര്‍ഗീയതക്കെതിരെ ജാഗ്രത പുലര്‍ത്താനും മതനിരപേക്ഷ സമൂഹത്തിനായി നിലകൊള്ളുവാനും കേരള എന്‍.ജി.ഒ.യൂനിയന്‍ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ രാജ്യത്തെമ്പാടും തൊഴിലാളികളുടെ പോരാട്ടം ശക്തിപ്പെടുമ്പോള്‍ മൂലധന ശക്തികളുടെ സഹായത്താല്‍ അധികാരത്തിലേറിയ ഭരണാധികാരികള്‍ തീവ്രദേശീയവാദമുയര്‍ത്തിയും വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യമൊരുക്കിയും തൊഴിലാളി വര്‍ഗ്ഗപോരാട്ടങ്ങള്‍ക്ക് തടയിടാനും ശ്രമിക്കുന്നു. വര്‍ഗീയ മതതീവ്രവാദ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമെന്ന കാലഘട്ടത്തിന്റെ ആവശ്യമേറ്റെടുക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day