|    Dec 4 Sun, 2016 3:46 pm

ദേവസ്വം മന്ത്രീ, ഇനിയും പൂട്ട് കിട്ടിയില്ലേ ?

Published : 26th October 2016 | Posted By: Navas Ali kn

kadakampally-surendran53-k
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ പൂട്ടുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഫെയ്‌സ്ബുക്ക് പോസ്റ്റായി തന്നെ അവശേഷിക്കുന്നു. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നായിരുന്നു ദേവസ്വം മന്ത്രി ആഗസ്റ്റ് 29ന്് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച്  നിരവധി പരാതികളാണ് ദിവസേന ലഭിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ടെന്നും മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
‘ ക്ഷേത്രങ്ങള്‍ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കേന്ദ്രമാണ്. വിശ്വാസികളെ അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ശാഖയും ആയുധപരിശീലനവും നടത്തുകവഴി ആര്‍എസ്എസ് ശ്രമിക്കുന്നത്. നാടിന്റെ മതനിരപേക്ഷസ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ല. സര്‍ക്കാരിന് ലഭിച്ച പരാതികളില്‍  അടിയന്തരനടപടി സ്വീകരിക്കും. അനധികൃതപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാവശ്യമായ ഇടപെടല്‍  സര്‍ക്കാരിന്റെ  ഭാഗത്തുനിന്ന് ഉടനുണ്ടാകും.’ എന്നെല്ലാമായിരുന്നു മന്ത്രി കടകംപള്ളിയുടെ പ്രഖ്യാപനങ്ങള്‍.
ആരാധനാലയങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് കടകംപള്ളി കോഴിക്കോട്ട് വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു. എല്ലാ മതവിശ്വാസികള്‍ക്കും തങ്ങളുടെ ആരാധനാലയങ്ങളില്‍ പ്രശ്‌നങ്ങളില്ലാതെ ആരാധിക്കാനുള്ള സാഹചര്യമുണ്ടാക്കും. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. പ്രസ്താവന നടത്തി രണ്ടു മാസം കഴിയാറായിട്ടും സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡിന്റേതുള്‍പ്പടെയുള്ള പല ക്ഷേത്രങ്ങളിലും ഒരു തടസ്സവുമില്ലാതെ ആര്‍എസ്എസ് ശാഖകള്‍ നടക്കുന്നുണ്ട്. ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനു പുറമെ വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അവഗണിച്ച് മഞ്ചേരിയിലുള്‍പ്പടെ ചില സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍എസ്എസിന് സായുധ പരിശീലന കാപുകള്‍ നടത്താനുള്ള അനുമതിയും നല്‍കിയിരുന്നു. സംഘ്പരിവാരിനെ വാക്കുകള്‍ കൊണ്ട് ശക്തമായി എതിര്‍ക്കുമ്പോഴും അവരുടെ പ്രവര്‍ത്തനങ്ങളോട് രാജിയാവുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാറില്‍ നിന്നുമുണ്ടാകുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലക്കെതിരെ കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്ന ആരോപണവും ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 300 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day