|    Dec 6 Tue, 2016 2:07 am
FLASH NEWS

ദേവരാജിനും അജിതയ്ക്കും നിരവധി തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

Published : 27th November 2016 | Posted By: mi.ptk
gl-maoist-kupppu-devaraj

കുപ്പു ദേവരാജിന്റെ മൃതദേഹം കണ്ട് അവശയായ അമ്മയെ സഹോദരനും സഹോദരിമാരും പരിചരിക്കുന്നു

ഇ  രാജന്‍

കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ കൊല്ലപ്പെട്ട സിപിഐ മാവോവാദി നേതാക്കളായ കുപ്പു ദേവരാജിനും അജിത എന്ന കാവേരിക്കും ഇരുഭാഗത്തുനിന്നും തുരുതുരാ വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. ദേവരാജിന്റെ ലിംഗത്തിലാണ് ആദ്യം വെടിയേറ്റത്. പിന്നീട് കാലിന് മുന്‍ഭാഗത്തും നെഞ്ചിലും വെടിയേറ്റു. മൊത്തം ഏഴ് വെടിയേറ്റു. നാല് ഉണ്ടകള്‍ ശരീരം തുളച്ച് പുറത്തുപോയപ്പോള്‍ ബാക്കിയുള്ളവ ശരീരത്തില്‍ കണ്ടെത്തി. അജിതയ്ക്ക് 19 വെടിയേറ്റു. 13 ഉണ്ടകള്‍ ശരീരം തുളച്ച് പുറത്തുപോയി. ബാക്കി ആറെണ്ണം ശരീരത്തില്‍ നിന്നു കണ്ടെടുത്തു. അജിതയുടെ നട്ടെല്ലും ആന്തരികാ വയവങ്ങളും തകര്‍ന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടിയില്‍ സ്‌കാനറും എക്‌സറെയും ഉപയോഗിച്ചതിനാല്‍ ശരീരത്തിനകത്തെ ലോഹാവശിഷ്ടങ്ങളും ചതവുകളും കണ്ടെത്താനായിട്ടുണ്ട്. ദേവരാജിന് 60 വയസ്സ് പ്രായവും അജിതയ്ക്ക് 55 വയസ്സ് പ്രായവും തോന്നിക്കും. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ ഡോ. കൃഷ്ണകുമാര്‍, ഡോ. രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. മുഴുവന്‍ നടപടികളും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അന്തിമ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന കുടുംബത്തിന്റെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പ്രാഥമിക റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍. അടുത്തുനിന്ന് വെടിയേറ്റതിനാലാവണം വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്തുപോയത്. മൃതദേഹം കണ്ടെത്തിയ പ്രദേശത്തേക്ക് ഇതുവരെയും മാധ്യമപ്രവര്‍ത്തകരെയോ മനുഷ്യാവകാശ പ്രവര്‍ത്തകരെയോ പ്രവേശിപ്പിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഏറ്റുമുട്ടല്‍ സംബന്ധിച്ച പോലിസ് ഭാഷ്യത്തിലും വൈരുധ്യങ്ങളുണ്ട്. ആദ്യം മൂന്നു പേര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്ത നല്‍കിയ പോലിസ് പിന്നീട് രണ്ടുപേര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് പരിക്കേറ്റെന്നും പറഞ്ഞു. ഇപ്പോള്‍ പറയുന്നത് രണ്ടു പേര്‍ കൊല്ലപ്പെട്ടെന്ന് മാത്രമാണ്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലാണെന്ന് പറയുമ്പോഴും പോലിസിന് യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല. ആരെയും പ്രവേശിപ്പിക്കാതെ പോലിസ് ബന്തവസ്സില്‍ പരിശോധന നടക്കുന്നതിനാല്‍ ഉള്‍വനത്തില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമല്ല. നടപടികളില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ മൃതദേഹം കാണാന്‍ അനുവദിക്കാതിരുന്ന പോലിസ് അവരെ കസ്റ്റഡിയില്‍ എടുത്തു കൊണ്ടുപോവുകയാണ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 352 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day