|    Oct 22 Sat, 2016 12:06 am
FLASH NEWS

ദിവാന്‍ജി മൂല മേല്‍പാലം ഉടന്‍; അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള നടപടിയായില്ല

Published : 2nd January 2016 | Posted By: SMR

തൃശൂര്‍: ദിവാന്‍ജി മൂല മേല്‍പാലനിര്‍മാണത്തിന് റെയില്‍വേ ഒരുങ്ങി; അപ്രോച്ച് റോഡ് നിര്‍മാണം നടത്തേണ്ട കോര്‍പറേഷന്‍ ഉറക്കത്തില്‍തന്നെ. പാലം നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ അടുത്തയാഴ്ച ചേരുന്ന ടെന്‍ഡര്‍ കമ്മിറ്റിയോഗത്തില്‍ അംഗീകാരമാകുമെന്നും കരാര്‍ നല്‍കി താമസിയാതെ പണി തുടങ്ങാനാകുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ആറ് മാസത്തിനകം പണിതീര്‍ക്കാനാണ് കരാര്‍. ആധുനിക നിര്‍മാണസംവിധാനത്തില്‍ അതിനും മുമ്പേ പണിതീര്‍ക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് റെയില്‍വേ. പക്ഷെ പാലനിര്‍മാണത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയും അപ്രോച്ച് റോഡ് നിര്‍മിക്കുകയും ചെയ്യേണ്ട കോര്‍പറേഷന്‍ ഇനിയും അനങ്ങിയിട്ടില്ല. നിലവിലുള്ള പാലത്തിന്റെ വടക്കുഭാഗത്തു 23 മീറ്റര്‍ നീളത്തി ല്‍ രണ്ടുവരി ഗതാഗതയോഗ്യമായ 7.5 മീറ്റര്‍ റോഡും വടക്ക് ഭാഗത്ത് 1.5 മീറ്ററില്‍ ഫുട്പാത്തും സഹിതം 10 മീറ്റര്‍ വീതിയിലാണ് ആദ്യഘട്ടം പാലം നിര്‍മിക്കുന്നത്. പാലം പണി തുടങ്ങണമെങ്കില്‍ നഗരസഭ സ്ഥലത്തെ മൂന്ന് കുടിലുകള്‍ പൊളിച്ചുനീക്കി നല്‍കണം.
ഇവര്‍ക്ക് നേരത്തെ കിരാലൂരില്‍ സ്ഥലം അനുവദിച്ചതാണെന്ന് വാദമുണ്ടെങ്കിലും ഇവരെ പുരനരധിവസിപ്പിക്കാന്‍ കോര്‍പറേഷന്‍ നടപടിയൊന്നും ആലോചിച്ചിട്ടില്ല. ഡിടിപി സ്‌കീമിന് വിധേയമായി കെഎസ്ആര്‍ടിസിക്ക് മുന്‍വശം മുതല്‍ 25 മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡിന്, ബ്രിഡ്ജസ് കോര്‍പറേഷന്‍ ആഗസ്റ്റില്‍ തയ്യാറാക്കി നല്‍കിയ പ്ലാന്‍ കൗണ്‍സില്‍ അംഗീകരിച്ചതാണെങ്കിലും റോഡ് നിര്‍മാണത്തിന് ഒരുവിധ നടപടിയും അഞ്ച് മാസമായി കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം സ്വീകരിച്ചിട്ടില്ല. കെഎസ്ആര്‍ടിസിക്ക് മുന്നില്‍ വീതികൂട്ടാന്‍ റെയില്‍വേയുടെ വക സ്ഥലമാണ് പ്രധാനമായും ആവശ്യം. റോഡ് വികസനത്തിന് സ്ഥലം സൗജന്യമായി നല്‍കാമെന്ന് അഞ്ച് വര്‍ഷംമുമ്പ് റെയില്‍വേ ജനറല്‍ മാനേജര്‍ പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെ സ്ഥലം വിട്ടുകിട്ടാന്‍ അപേക്ഷപോലും കോര്‍പറേഷന്‍ നല്‍കിയിട്ടില്ല. ബാക്കി സ്ഥലത്തിന് അക്വിസിഷന്‍ നടപടികളും ആരംഭിക്കാനുണ്ട്.
മാത്രമല്ല പാടത്തിന് തെക്കുഭാഗത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്.പാലം നിര്‍ഇാണതിന് റെയില്‍വേ ആവശ്യപ്പെട്ട 7.13 കോടി, വൈദ്യുതി വിഭാഗം ഫണ്ടില്‍ നിന്നെടുത്ത് കഴിഞ്ഞ ജൂണില്‍ കോര്‍പറേഷന്‍ റെയില്‍വേയ്ക്ക് കൈമാറിയതാണെങ്കിലും നിര്‍ഇാണങ്ങള്‍ വേഗത്തിലാക്കാന്‍ ഒരുവിധ ചര്‍ച്ചകള്‍പോലും ആറ്മാസമായി നടന്നിട്ടില്ല. അപ്രോച്ച് റോഡിന് ആവശ്യമായ ഫണ്ട് എംഎല്‍എ ഫണ്ടില്‍നിന്നും തേറമ്പില്‍ രാമകൃഷ്ണന്‍ വാഗ്ദാനം ചെയ്തതാണ്. എംഎല്‍എയുടെ കാലാവധിയും തീരാനിരിക്കേ അപ്രോച്ച് റോഡ് നിര്‍മാണത്തിന് ആ ഫണ്ടും നഷ്ടമാകാവുന്ന സാഹചര്യമാണിപ്പോള്‍.
പാലത്തിന്റെ വടക്കുഭാഗത്തു പുതിയ പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണം പാലം നിര്‍മാണത്തോടൊപ്പം ആദ്യഘട്ടമായി തുടങ്ങാനാകുമെങ്കിലും, എംഎല്‍എ ഫണ്ട് ലഭ്യമാക്കി അതിന് കോര്‍പറേഷന്‍ നേതൃത്വവും എന്‍ജിനീയറിങ് വിഭാഗവും ആലോചനപോലും നടത്തിയിട്ടില്ല. ആദ്യഘട്ടം അപ്രോച്ച് റോഡ് നിര്‍മാണത്തിന് അടിയന്തരനടപടികള്‍ കോര്‍പറേഷന്‍ സ്വീകരിക്കാത്തപക്ഷം ഉണ്ടാകാവുന്ന കാലതാമസം പാലം നിര്‍മാണത്തേയും പ്രതിസന്ധിയിലാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day