|    Dec 5 Mon, 2016 7:51 am

ദലിത് ജീവനക്കാരനെ അര്‍ധരാത്രി കസ്റ്റഡിയിലെടുത്തു; വിവാദമായപ്പോള്‍ തിരിച്ചു വീട്ടിലെത്തിച്ചു

Published : 9th November 2016 | Posted By: SMR

തിരൂര്‍: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ദലിതനായ വില്ലേജ് ഓഫിസ് ജീവനക്കാരനെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത് പോലിസ് വെട്ടിലായി. സംഭവം വിവാദമായപ്പോള്‍ പോലിസ് വാഹനത്തില്‍ തിരികെ വീട്ടിലെത്തിച്ചു. മംഗലം പുല്ലൂണിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. തൃക്കണ്ടിയൂര്‍ വില്ലേജ് ഓഫിസില്‍ ഫീല്‍ഡ് അസിസ്റ്റന്റായ പുല്ലൂണി സ്വദേശി വടക്കെപുരക്കല്‍ ബാലകൃഷ്ണനെ(39)യാണ് തിരൂര്‍ സിഐ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. സംഭവത്തെ കുറിച്ച് ബാലകൃഷ്ണന്‍ പറയുന്നത്: പുലര്‍ച്ചെ രണ്ട് മണിയോടെ തന്റെ പേര് പുറത്ത് നിന്ന് വിളിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. വീട്ടില്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാതില്‍ തുറന്ന് പുറത്തിറങ്ങുന്നതിനിടെ ഒരാള്‍ കൈപിടിച്ച് വലിച്ചു. ഉടന്‍ കുതറി വാതില്‍ അടക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലിസാണെന്ന് അറിയുന്നത്. തുടര്‍ന്ന് പുറത്ത് വന്ന് കാര്യം അന്വേഷിച്ചപ്പോള്‍ തനിക്കെതിരെ കേസുണ്ടെന്നും അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്നും പോലിസ് അറിയിച്ചു. കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും സര്‍ക്കിള്‍ ഓഫിസിന് അരികിലുള്ള വില്ലേജ് ഓഫിസിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും അറിയിച്ചിട്ടും പോലിസ് പിന്‍മാറിയില്ല. വില്ലേജ് ഓഫിസറെയോ ബന്ധുക്കളെയോ വിവരം അറിയിക്കാനുള്ള സാവകാശവും നല്‍കിയില്ല. അയല്‍വാസിയാണ് തന്നെ പോലിസ് കൊണ്ടുപോവുന്നത് കണ്ടത്. ഇയാളോടും തനിക്കെതിരെ കേസുണ്ടെന്നും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയാണെന്നുമാണ് പോലിസ് അറിയിച്ചത്. വീട്ടില്‍ നിന്ന് അര കിലോമീറ്ററോളം അകലെ വാഹനം നിര്‍ത്തിയാണ് പോലിസ് വന്നത്. അത്രയും ദൂരം നടത്തിച്ച് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയിട്ടും തനിക്കെതിരെയുള്ള കേസ് വ്യക്തമാക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറിന് ശേഷം പോലിസ് വാഹനത്തില്‍ തന്നെ വീട്ടില്‍ എത്തിക്കുകയായിരുന്നു. സിഐ എംകെ ഷാജി, ഒരു വനിതാ പോലിസ് ഉള്‍പ്പെടെ നാലു സിവില്‍ പോലിസുകാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വീട്ടിലേക്ക് കൊണ്ടാക്കിയത് രണ്ട് പോലിസുകാര്‍ ചേര്‍ന്നാണ്.   പോലിസ് സ്റ്റേഷന്‍ വളപ്പില്‍ സര്‍ക്കിള്‍ ഓഫിസിനോട് തൊട്ട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തൃക്കണ്ടിയൂര്‍ വില്ലേജ് ഓഫിസ്. ബാലകൃഷ്ണന്‍ ആറ് വര്‍ഷമായി ഇവിടെ ജോലിചെയ്യുന്നു. അതേസമയം വീട്ടില്‍ കുറച്ചാളുകള്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും ബാലകൃഷ്ണനെ വിവരങ്ങള്‍ ശേഖരിക്കാനായി കൊണ്ടുവന്ന് പോലിസ് വാഹനത്തില്‍ തന്നെ തിരിച്ചെത്തിക്കുകയാണ് ചെയ്തതെന്നും തിരൂര്‍ സിഐ എംകെ ഷാജി അറിയിച്ചു. പുല്ലൂണിയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രതികളെ പിടികിട്ടാനുണ്ടെന്ന് സിഐ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതിഷേധിച്ച് തിരൂര്‍ സിവില്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രകടനം നടത്തി. കെ സുനില്‍കുമാര്‍, കെഎം സുനില്‍, ജമാലുദ്ദീന്‍, അനൂപ്, ഗോപാലകൃഷ്ണന്‍, ഹസൈനാര്‍കുട്ടി, സുജിത്, സലീം നേതൃത്വം നല്‍കി. സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി, ജില്ലാ കലക്ടര്‍, ആര്‍ ഡി ഒ,ചീഫ് സെക്രട്ടറി ,മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day