|    Dec 10 Sat, 2016 11:59 pm

ദക്ഷിണസുദാനില്‍ വംശഹത്യക്ക് സാധ്യതയെന്ന് യുഎന്‍ സംഘം

Published : 2nd December 2016 | Posted By: SMR

ജൂബ: ദക്ഷിണസുദാനിലെ പ്രശ്‌നങ്ങള്‍ വംശീയ ഉന്‍മൂലനത്തിലേക്കു നീങ്ങുകയാണെന്ന് യുഎന്‍. രാജ്യത്തു കൂട്ടക്കൊലകളും കൂട്ടബലാല്‍സംഗങ്ങളും ഗ്രാമങ്ങള്‍ നശിപ്പിക്കുന്നതുമടക്കമുള്ള ആക്രമണങ്ങള്‍ തുടരുകയാണെന്നും പട്ടിണി വ്യാപകമാവുന്നതായും യുഎന്‍ മനുഷ്യാവകാശ സമിതി അറിയിച്ചു.
രാജ്യത്തെ 64 വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതകള്‍ വര്‍ധിക്കുന്നതായും 10 ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സമിതി അംഗങ്ങള്‍ വ്യക്തമാക്കി. ആളുകളെ പട്ടിണിക്കിട്ടും അക്രമിച്ചും ഗ്രാമങ്ങള്‍ ചുട്ടെരിച്ചുമടക്കം വംശീയ ഉന്‍മൂലനത്തിനുള്ള ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍ തുടരുകയാണെന്ന് സമിതി അധ്യക്ഷ യാസ്മിന്‍ സൂക വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റുവാണ്ട വംശഹത്യ കാലത്തേതിനു സമാനമാണു ദക്ഷിണസുദാനിലെ സ്ഥിതിഗതികള്‍. വംശഹത്യയെ ചെറുക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ബാധ്യസ്ഥരാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മൂന്നുവര്‍ഷമായി സര്‍ക്കാര്‍ സൈന്യവും വിമതരും സായുധസംഘങ്ങളും തുടരുന്ന സംഘര്‍ഷങ്ങളാണു രാജ്യത്തെ വംശഹത്യക്കു കാരണമായത്.
പ്രസിഡന്റ് സാല്‍വ കിറും മുന്‍ വൈസ് പ്രസിഡന്റ് റിയേക് മച്ചാറും തമ്മിലുള്ള അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് 2013ലാണു രാജ്യം സംഘര്‍ഷത്തിലേക്കു നീങ്ങിയത്. പതിനായിരക്കണക്കിനുപേര്‍ കൊലചെയ്യപ്പെടുകയും 30 ലക്ഷത്തോളം പേര്‍ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനു വിധേയരാവുകയും ചെയ്തു. വംശീയതയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ കുടിയൊഴിയാന്‍ നിര്‍ബന്ധിതരായത് വിവിധ വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ക്കു കാരണമായി യാസ്മിന്‍ സൂക അറിയിച്ചു. വംശീയ സംഘര്‍ഷങ്ങള്‍ വംശഹത്യയിലേക്കു പോവാതിരിക്കാന്‍ യുഎന്‍ രക്ഷാസമിതി ദക്ഷിണസുദാനില്‍ ആയുധ ഉപരോധം പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വടക്കന്‍ നൈല്‍ മേഖലകളില്‍ ശക്തമായ വംശീയ സംഘര്‍ഷം തെക്കന്‍ ഭൂമധ്യരേഖാ പ്രദേശത്തേക്കുകൂടി വ്യാപിക്കുകയാണ്. ആയുധ ഉപരോധം പ്രഖ്യാപിക്കുന്നതിനായുള്ള വോട്ടെടുപ്പ് നടപടികളിലേക്ക് രക്ഷാസമിതി നീങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. ദക്ഷിണസുദാനിലെ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരുടെ വിചാരണാ നടപടികള്‍ക്കായും രക്ഷാസമിതി ഇടപെടല്‍ വേണമെന്നും യാസ്മിന്‍ സൂക വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക