|    Dec 5 Mon, 2016 7:50 am

തോട്ടണ്ടി ഇടപാട് : വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാല്‍ രണ്ടാം വിക്കറ്റ് വീഴും: വി ഡി സതീശന്‍

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: തോട്ടണ്ടി ഇടപാടിലെ അഴിമതി സംബന്ധിച്ച് താന്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന്റെ രണ്ടാം വിക്കറ്റ് വീഴുമെന്ന് വി ഡി സതീശന്‍. നാലു മാസത്തിനകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വിക്കറ്റ് വീണു. വിജിലന്‍സ് അന്വേഷണം പ്രഖ്യാ—പിച്ചാല്‍ ദിവസങ്ങള്‍ക്കകം അടുത്ത വിക്കറ്റും വീഴുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം അന്വേഷണത്തിനു വിസമ്മതിക്കുന്നതെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോവും. ഇതു സംബന്ധിച്ച വ്യക്തമായ രേഖകള്‍ തന്റെ കൈവശമുണ്ട്. വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ ഡോളറും രൂപയും തമ്മിലുള്ള തര്‍ക്കമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ലോക്കല്‍ പര്‍ച്ചേസിനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഡോളര്‍ നിരക്ക് കാണിച്ചതുകൊണ്ടാണ് താന്‍ അത്തരത്തില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. അതിന്റെ പകര്‍പ്പ് കൈവശമുണ്ട്.
മന്ത്രിയുടെയോ ഭര്‍ത്താവിന്റെയോ പേര് താന്‍ പറഞ്ഞിട്ടില്ല. എന്നിട്ടും തനിക്കും ഭര്‍ത്താവിനുമെതിരേ ആരോപണം ഉന്നയിക്കുന്നുവെന്ന് മന്ത്രി പറയുന്നു. ഏതു കുറ്റകൃത്യത്തിലും ഇങ്ങനെ ചില തെളിവുകള്‍ അതു മറച്ചുവയ്ക്കുന്നവര്‍ അറിയാതെ പുറത്തുവരാറുണ്ട്. മന്ത്രി പറയുന്നതുപോലെ 10 ദിവസത്തിനകം വിലയില്‍ ഇത്ര വ്യത്യാസമുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗസ്ത്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കേരള കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും രണ്ടിനങ്ങളിലുള്ള തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് നിയമസഭയില്‍ സതീശന്‍ ആരോപിച്ചിരുന്നു.
അതേസമയം, വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയ ശേഷമാണ് കാപെക്‌സില്‍ എംഡിയെ നിയമിച്ചതെന്ന് മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ മറുപടി നല്‍കി. അദ്ദേഹം ആ സ്ഥാനത്തു വരുന്നതില്‍ പലര്‍ക്കും ഭയമുണ്ടായിരുന്നു. പഴയ ഇടപാടുകളെക്കുറിച്ച് ഓര്‍ത്താണ് ഭയം. 2013ല്‍ നടന്ന ഒരു ഇടപാടിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അതുകൊണ്ടാണ് തനിക്കും ഭര്‍ത്താവിനുമെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day