|    Dec 4 Sun, 2016 1:10 am
FLASH NEWS

തൊഴിലുറപ്പ് പദ്ധതി; കൂലി കുടിശ്ശിക 15 കോടി; തൊഴിലാളികള്‍ ദുരിതത്തില്‍

Published : 28th November 2016 | Posted By: SMR

കല്‍പ്പറ്റ: നിരവധി കുടുംബങ്ങളെ പട്ടിണിയില്‍ നിന്നു കരകയറ്റിയ ദേശീയ തൊഴിലുറപ്പ് പദ്ധതിയെയും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ അവതാളത്തിലാക്കുന്നു. കൂലി കുടിശ്ശിക തീര്‍ക്കാന്‍ നടപടിയില്ലാത്തതിനാല്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ദുരിതംപേറുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ പട്ടിണിക്കിടുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ 350 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കാനുള്ളത്. കേന്ദ്രം പണം നല്‍കാത്തതിനാല്‍ രണ്ടു മാസത്തിലേറെയായി തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശികയാണ്. ജില്ലയില്‍ 15 കോടിയോളം കുടിശ്ശികയുണ്ട്. കഴിഞ്ഞ സപ്തംബര്‍ 15 മുതല്‍ പണം നല്‍കിയിട്ടില്ല. കൂലി കിട്ടാത്തതിനാല്‍ ജില്ലയിലെ 57,036 കുടുംബങ്ങളിലെ 65,433 പേര്‍ കടുത്ത ദുരിതത്തിലാണ്. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജലസംരക്ഷണ പ്രവൃത്തികളാണിപ്പോള്‍ പ്രധാനമായി തൊഴിലുറപ്പിലൂടെ ചെയ്യുന്നത്. തടയണകള്‍, കുളങ്ങള്‍, മഴക്കുഴികള്‍ എന്നിവയുടെ നിര്‍മാണമാണ് നടക്കുന്നത്. കൂലി കിട്ടാത്തതിനാല്‍ പ്രവൃത്തിയും മന്ദഗതിയിലാണ്. കൂലി കുടിശ്ശിക തൊഴിലുറപ്പിലൂടെ ജില്ലയിലെ ജലസംരക്ഷണ പ്രവൃത്തികള്‍ സംഘടിപ്പിക്കാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്കും തിരിച്ചടിയാണ്. ജില്ലയിലാകെ തടയണകളും ജലസംരക്ഷണ പ്രവൃത്തിയും ഊര്‍ജിതമായി നടക്കുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാരില്‍നിന്നു തിരിച്ചടി നേരിടുന്നത്. കൂലി എന്നുകിട്ടുമെന്ന കാര്യത്തിലും ഉറപ്പില്ല. തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് കടുത്ത പ്രതിസന്ധിയിലായിട്ടുള്ളത്. തൊഴിലുറപ്പിലൂടെ ജീവിതം കഴിയുന്ന 57,000 കുടുംബങ്ങളില്‍ പകുതിയിലേറെയും ആദിവാസികളാണ്. ഈ വിഭാഗമാണ് കൂലി ലഭിക്കാത്തതിന്റെ പരിണതഫലം അനുഭവിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇതുതന്നെയാണ് അവസ്ഥ. പണം എന്നുവരുമെന്ന് ഉറപ്പുകൊടുക്കാന്‍ അധികൃതര്‍ക്കുമാവുന്നില്ല.ഉടന്‍ ലഭിക്കുമെന്ന ഉറപ്പിലാണിപ്പോള്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. നോട്ട് പ്രതിസന്ധി കാരണം മറ്റു തൊഴിലുകളുമില്ല. ആരും തൊഴിലെടുപ്പിക്കുന്നില്ല. ഇതും ഏറെ ബാധിച്ചത് ആദിവാസി-പിന്നാക്ക വിഭാഗങ്ങളെയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day