|    Dec 8 Thu, 2016 5:25 pm
FLASH NEWS

തൊടുപുഴ-പുനലൂര്‍ ഹൈവേ നിര്‍മാണം അവസാനഘട്ടത്തില്‍

Published : 16th November 2016 | Posted By: SMR

പാലാ: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന പാതയായ തൊടുപുഴ-പാലാ-പൊന്‍കുന്നം ഹൈവേ നിര്‍മാണം അവസാനഘട്ടത്തില്‍. റോഡ് പൂര്‍ത്തിയാവുന്നതോടെ ശബരിമലയിലെത്താനുള്ള യാത്രാസമയം കുറയും. പാലാ മുതല്‍ പൊന്‍കുന്നം വരെയുള്ള ഹൈവേയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. തൊടുപുഴ-പാലാ-പൊന്‍കുന്നം ഹൈവേ പൂര്‍ത്തിയാവുന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം സുഗമമാവും. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഭാഗമായ തൊടുപുഴ-പാലാ-പൊന്‍കുന്നം റോഡ്, അവസാന മിനുക്കുപണികള്‍ കഴിയുന്നതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജന പ്രദമായിത്തീരും. റോഡിന്റെ വശങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ദ്രൂദഗതിയില്‍ പുരോഗമിക്കുകയാണ്. പൊന്‍കുന്നം മുതല്‍ പാലായുടെ സമീപം വരെ റോഡില്‍ സോളര്‍ വിളക്കുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 10 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 1115 ലൈറ്റുകളാണ് പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെ സ്ഥാപിക്കുന്നത്. 40 മീറ്റര്‍ ഇടവിട്ടാണ് വിളക്കുകള്‍ സ്ഥാപിക്കുന്നത്. 78 വാട്‌സിന്റെ എല്‍ഇഡി ലൈറ്റുകള്‍ പാതയില്‍ വെളിച്ചം വിതറും. ഡിസംബറിനകം സോളര്‍ വിളക്കുകളുടെ സ്ഥാപിക്കല്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുരിക്കുംപുഴ ഭാഗത്ത് ടാറിങ് ജോലികള്‍ അവസാനഘട്ടത്തിലും. കോലാനി മുതല്‍ നടുക്കണ്ടം വരെയുള്ള ഭാഗത്ത് ടാറിങ് ജോലികള്‍ ഊര്‍ജിതമായി തുടരുകയാണ്. 2014 ജൂണില്‍ ആരംഭിച്ച് നിര്‍മാണ ജോലികള്‍ 30 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ഡിസംബര്‍ ഒമ്പതിന് ഈ കാലാവധി അവസാനിക്കും. റോഡ് വശങ്ങളില്‍ ക്രാഷ് ബാരിയര്‍, വയര്‍റോപ്പ് എന്നിവ സ്ഥാപിക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. ലോക ബാങ്കും സര്‍ക്കാരും ചേര്‍ന്ന് 290 കോടി ഹൈവേയ്ക്കു വേണ്ടി ചെലവഴിച്ചിരുന്നു. വെങ്ങല്ലൂര്‍ ജങ്ഷന്‍ മുതല്‍ പൊന്‍കുന്നം വരെ 50 കിലോമീറ്റര്‍ റോഡാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാവുന്നത്. ഹൈവേ നിര്‍മാണത്തിനിടെ വെട്ടിപ്പൊളിച്ച ഇട റോഡുകളുടെ ടാറിങും ഇതോടൊപ്പം പൂര്‍ത്തിയാവും. ബാര്‍ മാര്‍ക്കിങ്, സ്‌കഡ് ഫിക്‌സിങ്, ദിശാ ബോര്‍ഡുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവയെല്ലാം സ്ഥാപിക്കുന്ന ജോലികളും ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണ്. പൊന്‍കുന്നം മുതല്‍ പുനലൂര്‍വരെയുള്ള ഹൈവേ നിര്‍മാണം മൂന്നാം ഘട്ടമായി അരംഭിക്കും. 400 കോടിയോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.വടക്കന്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഹൈവേ പൂര്‍ത്തിയായതോടെ എളുപ്പത്തില്‍ ശബരിമലയില്‍ എത്തിച്ചേരാം. മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴ-പാലാ-പൊന്‍കുന്നം-എരുമേലി വഴി ശബരിമലയില്‍ എത്താന്‍ ഇനി സമയലാഭം ഉണ്ടാവും. തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളായ ഏറ്റുമാനൂര്‍, കടപ്പാട്ടൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിവരുന്നവര്‍ക്കും പാലാ-പൊന്‍കുന്നം വഴി എളുപ്പത്തില്‍ ശബരിമലയിലെത്താം. ആധുനിക രീതിയില്‍ 10 മീറ്റര്‍ ടാറിങ് നടത്തി ഏഴുമീറ്റര്‍ വീതിയില്‍ വാഹന ഗതാഗതം സാധ്യമാവുന്ന വിധത്തിലാണ് നിര്‍മാണം. ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വേര്‍തിരിച്ച് ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും അനുവദിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day