|    Dec 10 Sat, 2016 8:13 pm

തേവലക്കരയിലും ശാസ്താംകോട്ടയിലും തെരുവ് നായ്ക്കളുടെ ആക്രമണം

Published : 26th November 2016 | Posted By: SMR

ശാസ്താംകോട്ട/തേവലക്കര: തേവലക്കരയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ പിഞ്ചു കുട്ടികള്‍ ഉള്‍പ്പടെ 9 പേര്‍ക്ക് കടിയേറ്റു. ശാസ്താംകോട്ടയില്‍ വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന 25ഓളം കോഴികളെ കടിച്ചുകൊന്നു. തേവലക്കരയില്‍ നായ് കൂട്ടം വീട്ടിനകത്ത് കയറിയാണ് മൂന്നു പേരെ കടിച്ചത്. സ്‌കൂളിലേക്ക് പോയ രണ്ട് കുട്ടികള്‍ക്കും അമ്മയ്ക്കും കടിയേറ്റു. പ്രകോപിതരായ നാട്ടുകാര്‍ രണ്ട് നായകളെ തല്ലിക്കൊന്നു. തേവലക്കര പടിഞ്ഞാറ്റക്കര,  മുള്ളിക്കാല ഭാഗങ്ങളിലാണ്  ഇന്നലെ രാവിലെ അഞ്ചിനും ഒമ്പതിനും ഇടയിലാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. മുള്ളിക്കാല കാക്കത്തോട്ടത്ത് കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് ആറു പേര്‍ക്ക് നായകളുടെ കടിയേറ്റത്. കാക്കത്തോട്ടത്ത് രേണുക (23), മകന്‍ ആദര്‍ശ് (അഞ്ച്), സമീപ വീട്ടില്‍ താമസിക്കുന്ന ശാന്തകുമാരി (55), നടയില്‍ കിഴക്കതില്‍ സൂര്യ (28) എന്നിവരെ വീടുകളില്‍ കയറിയാണ് കടിച്ചത്. ആദര്‍ശിന്റെ തലയിലാണ് കടിയേറ്റത്. മൂന്ന് നായകളാണ് അക്രമിക്കാന്‍ എത്തിയതെന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയവര്‍ പറഞ്ഞു. വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയാണ് നായകളെ ഓടിച്ചത്. ഇവര്‍ക്ക് നേരെയും നായ്ക്കള്‍ കുരച്ച് എത്തിയെങ്കിലും പലരും സാഹസിക മായി രക്ഷപ്പെടുകയായിരുന്നു. നടയില്‍ കിഴക്കതിതില്‍ ശോഭ (35), രഞ്ജിനി (30) എന്നിവര്‍ക്കും കടിയേറ്റു. രാവിലെ ആറോടെ കൃഷിയിടത്തില്‍ പണി ചെയ്തു കൊണ്ടിരുന്ന നടുവിലക്കര സ്വദേശി രാജേന്ദ്രനെയും നായകള്‍ പിന്നിലൂടെ എത്തി കടിച്ചു. തേവലക്കരയിലെ സ്വകാര്യ സ്‌കൂളില്‍ പോകുകയായിരുന്ന പടിഞ്ഞാറ്റക്കര സഫ വീട്ടില്‍ ഷീബ (26), മകന്‍  ആദില്‍ മുഹമ്മദ് (5), ആര്യാ ഭവനത്തില്‍ രാജീവ് ബിജിത ദമ്പതികളുടെ മകള്‍ അപര്‍ണ (11) എന്നിവര്‍ക്ക് തേവലക്കര ദേവീക്ഷേത്രത്തിന് കിഴക്ക് വച്ചാണ് കടിയേറ്റത്. നായകള്‍ കുരച്ച് കൊണ്ട് വരുന്നത് കണ്ട് ഇവര്‍ ഓടിയെങ്കിലും പിന്നാലെയെത്തി കടിക്കുകയായിരുന്നു. ഷീബയ്ക്ക് കൈവിരലിലും ആദിലിന് വലതു കൈയുടെ തോളിന്  താഴെയും അപര്‍ണയ്ക്ക് വലതുകാലിന്റെ തുടയ്ക്കുമാണ് കടിയേറ്റത്.  കടിയേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. ശാസ്താംകോട്ട വേങ്ങ ഐസിഎസ് ജങ്ഷന് സമീപം മുജീബ് മന്‍സിലില്‍ മുജീബിന്റെ വീട്ടിലെ കോഴികളെയാണ് കഴിഞ്ഞ ദിവസം രാത്രി നായക്കൂട്ടം ആക്രമിച്ചത്. കൂട് തകര്‍ത്ത് അകത്ത് കടന്നാണ് കോഴികളെ കൊന്നത്. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് വന്നപ്പോഴേക്കും കോഴികളെ മുഴുവന്‍ കൊന്നിരുന്നു.നായക്കൂട്ടം പിന്നീട് കടന്ന് കളയുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക