|    Dec 8 Thu, 2016 7:49 pm

തേജസിന് സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ല: മുഖ്യമന്ത്രി

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പി സി ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പത്രധര്‍മത്തിന് വിരുദ്ധമായതും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതും രാജ്യത്ത് മതവിദ്വേഷം വളര്‍ത്തുന്നതും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സംസ്ഥാനത്ത് ഏതെങ്കിലും പത്രപ്രസിദ്ധീകരണങ്ങള്‍ക്ക് പരസ്യം നിഷേധിച്ചിട്ടുണ്ടോയെന്ന പി സി ജോര്‍ജിന്റെ ചോദ്യത്തിന് തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു.
തേജസിലെ വാര്‍ത്തകളും മുഖപ്രസംഗങ്ങളും വര്‍ഗീയത പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലുള്ളതായതിനാലും അത് പത്രധര്‍മത്തിന് വിരുദ്ധമാണെന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുമാണ് പരസ്യം നിഷേധിച്ചിരിക്കുന്നത്. രാജ്യത്ത് തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലും മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലും തേജസ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2009 നവംബര്‍ 18ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചിട്ടുള്ളത്. 2012 ജൂലൈ 26ന് സംസ്ഥാന അഡീഷനല്‍ ഡിജിപി(ഇന്റലിജന്‍സ്) നല്‍കിയ കത്തില്‍ തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day