|    Dec 10 Sat, 2016 11:58 pm

തെരുവുനായ നിയന്ത്രണപദ്ധതിയുമായി കുടുംബശ്രീ

Published : 1st December 2016 | Posted By: SMR

കല്‍പ്പറ്റ: സംസ്ഥാനം നേരിടുന്ന രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് കുടുംബശ്രീ ഇടപെടുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സമഗ്രമായ തെരുവുനായ വന്ധ്യംകരണ പരിപാടിയാണ് കുടുംബശ്രീ സംഘടിപ്പിക്കുന്നത്. എബിസിഡി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ഡെസിഗ്നേറ്റഡ്) മാനേജ്‌മെന്റ് യൂനിറ്റ് എന്ന പേരില്‍ അഞ്ചുപേരടങ്ങുന്ന ബ്ലോക്ക്/ നഗരസഭാ തല യൂനിറ്റുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത രീതിയില്‍ നിന്ന് വ്യതിചലിച്ച് സുരക്ഷിതമായ മാര്‍ഗങ്ങളിലൂടെയാണ് വന്ധ്യംകരണ പരിപാടി നടപ്പാക്കുക. ബലവത്തായ ഇരുമ്പുകൂടുകള്‍ തെരുവുനായകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കുകയും ഇതിലേക്ക് ഇവയെ ആകര്‍ഷിച്ച് പിടിക്കുകയും ചെയ്യുന്ന രീതിയാണ് കുടുംബശ്രീ നടപ്പാക്കുക. തുടര്‍ന്ന് ഇവയെ വാഹനത്തില്‍ കയറ്റി വെറ്ററിനറി സര്‍ജന്റെ മേല്‍നോട്ടത്തില്‍ വന്ധ്യംകരണം നടത്തുകയും തിരിച്ച് അതേ സ്ഥലത്ത് മോചിപ്പിക്കുകയും ചെയ്യും. യൂനിറ്റ് അംഗങ്ങള്‍ക്കാവശ്യമായ പരിശീലനം കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നല്‍കും. ഒരു തെരുവുനായയെ വന്ധ്യംകരിക്കുന്നതിന് 1,000 രൂപ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കും. കൂടാതെ ഇവയെ ശസ്ത്രക്രിയക്ക് കൊണ്ടുപോവുന്നതിനും തിരിച്ചു വിടുന്നതിനുമുള്ള വാഹന വാടകയും ലഭിക്കും. ഈ തുക ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഫണ്ടില്‍ നിന്നും അതാത് യൂനിറ്റുകള്‍ക്കു ലഭിക്കും. മാതൃകാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയില്‍ ആരംഭിച്ച പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും തദ്ദേശഭരണ അധ്യക്ഷന്മാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, മെംബര്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് ബോധവല്‍ക്കരണം നല്‍കും. ഇന്നു രാവിലെ 10ന് കല്‍പ്പറ്റ എംജിടി ഹാള്‍, രണ്ടിന് സുല്‍ത്താന്‍ ബത്തേരി കമ്മ്യൂണിറ്റി ഹാള്‍, നാളെ രാവിലെ 10ന് പനമരം കമ്മ്യൂണിറ്റി ഹാള്‍, ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി വ്യാപാരഭവന്‍ എന്നിവിടങ്ങളിലാണ് ബോധവല്‍ക്കരണ പരിപാടികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക