|    Oct 26 Wed, 2016 8:46 pm
FLASH NEWS

തെരുവുനായ നിയന്ത്രണം: വന്ധ്യംകരണ നടപടി തുടങ്ങി

Published : 6th October 2016 | Posted By: Abbasali tf

കണ്ണൂര്‍: രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) പദ്ധതിക്ക് തുടക്കമായി. ബംഗളൂരു ആസ്ഥാനമായ ആനിമല്‍ റൈറ്റ്‌സ് ഫണ്ട് എന്ന ഏജന്‍സിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു നായയ്ക്ക് 1450 രൂപ എന്ന നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്ക് ചെലവ് വരുന്ന 2.98 കോടി രൂപയുടെ 70 ശതമാനം സംസ്ഥാന സര്‍ക്കാരും 30 ശതമാനം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വഹിക്കും. ആനിമല്‍ റൈറ്റ്‌സ് ഫണ്ട് ജീവനക്കാര്‍ നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള പ്രദേശങ്ങളില്‍ പുലര്‍ച്ചെയെത്തി തെരുവുനായകളെ വലയിട്ടു പിടികൂടും. പ്രത്യേക വാഹനത്തില്‍ പാപ്പിനിശ്ശേരിയിലെ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രത്യേകം സജ്ജമാക്കിയ ഇരുമ്പ് കൂടുകളില്‍ പാര്‍പ്പിക്കും. നായകളുടെ തൂക്കത്തിന് അനുസരിച്ച് അനസ്തീഷ്യ മരുന്ന് നല്‍കി ഇവയെ പ്രത്യേക മുറിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുക. ഇത് പൂര്‍ത്തിയാവാന്‍ ആണിന് 20 മിനുട്ടും ഗര്‍ഭാശയം ഉള്‍പ്പെടെ എടുത്തുമാറ്റേണ്ടതിനാല്‍ പെണ്ണിന് 45 മിനുട്ടുമാണ് ശരാശരി സമയമെടുക്കുക. അതിനുശേഷം പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്പ് നല്‍കും. ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോ സൂക്ഷിക്കും. രണ്ടോ മൂന്നോ ദിവസം പ്രത്യേക കൂട്ടില്‍ ഒന്നിച്ച് താമസിപ്പിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വലതു ചെവിയില്‍ വി ആകൃതിയില്‍ അടയാളമിട്ടാണ് ഇവയെ തിരികെ പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ടുപോയി തുറന്നുവിടുക. ഗുരുതരമായ രോഗം ബാധിച്ചവയെ ദയാവധത്തിന് വിധേയമാക്കി സംസ്‌കരിക്കാനാണ് പരിപാടി. തുടക്കത്തില്‍ ഈ രീതിയില്‍ ഒരു ദിവസം 10 മുതല്‍ 15 വരെ നായകളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കാമെന്നാണ് കണക്കുകൂട്ടല്‍. വന്ധ്യംകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സിസിടിവി വഴി പ്രത്യേക മുറിയിലിരുന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ നിരീക്ഷണ വിധേയമാക്കു ം. ഒരു ഡോക്ടര്‍, നാല് നായപിടുത്തക്കാര്‍, ഡ്രൈവര്‍, അറ്റന്‍ഡര്‍ എന്നിവരാണ് ആനിമല്‍ റൈറ്റ്‌സ് ഫണ്ടിന്റെ സംഘത്തിലുള്ളത്. ആവശ്യത്തിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടും. ഇവരുടെ വാഹനം, താമസം, ഭക്ഷണം, ശസ്ത്രക്രിയക്കുള്ള മരുന്നുകള്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടെയാണ് ഒരു നായക്ക് 1450 രൂപ എന്ന തോതില്‍ ഏജന്‍സിക്ക് നല്‍കുന്നത്. എല്ലാ പ്രദേശത്തെയും തെരുവുനായകള്‍ പദ്ധതിയിലുള്‍പ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ നായയെ പിടികൂടുമ്പോഴും തിരികെ വിടുമ്പോഴും വാര്‍ഡ് പ്രതിനിധി സാക്ഷ്യപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രജിസ്റ്ററുകള്‍ ഏജന്‍സി സൂക്ഷിക്കും. ശസ്ത്രക്രിയക്കും കുത്തിവയ്പിനുമുള്ള സംവിധാനങ്ങള്‍ പാപ്പിനിശ്ശേരിയിലെ ഉപകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വന്ധ്യംകരിക്കുന്നതോടെ നായകളുടെ ശൗര്യവും ആക്രമണ പ്രവണതയും കുറയും. പേവിഷ ബാധക്കെതിരായ കുത്തിവയ്പ് നല്‍കുന്നതിനാ ല്‍ പേയിളകാനുള്ള സാധ്യതയും ഇല്ലാതാവും. പാപ്പിനിശ്ശേരി, അഴീക്കോട്, മയ്യില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പ്രവര്‍ത്തനം. പദ്ധതി ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിവിധ തലങ്ങളിലായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റികളും സാങ്കേതിക മേല്‍നോട്ടം വഹിക്കാന്‍ വെറ്ററിനറി ഓഫിസര്‍മാരടങ്ങുന്ന ടെക്‌നിക്കല്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day