|    Dec 4 Sun, 2016 1:11 am
FLASH NEWS

തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ നാട്ടുകാര്‍ തെരുവിലിറങ്ങി

Published : 2nd November 2016 | Posted By: SMR

നെടുമ്പാശ്ശേരി: തെരുവ് നായയുടെ കടിയേറ്റ് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റ പുത്തന്‍വേലിക്കര പഞ്ചായത്തിലെ മാഞ്ഞാലി തേലതുരുത്തില്‍ തെരുവ് നായകളെ കൊന്നൊടുക്കാന്‍ നാട്ടുകാര്‍ തെരുവിലിറങ്ങി. ജനപ്രതിനിധികളുടെയും തെരുവുനായ ഉന്‍മൂലന സംഘത്തിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് നായകളെ വകവരുത്താന്‍ ഇറങ്ങിയത്. തൊട്ടടുത്ത വീട്ടിലെ പശുവിനെ തെരുവുനായ ആക്രമിക്കുന്നതുകണ്ട് ഓടിച്ചെന്ന അയല്‍വാസികളായ രണ്ട് കുട്ടികള്‍ക്കാണ് ശനിയാഴ്ച്ച നായയുടെ കടിയേറ്റത്. തേലത്തുരുത്ത് കുണ്ടുള്ളിപ്പാടം ഹനിയുടെ മകന്‍ മൂന്ന് വയസ്സുകാരന്‍ ആദര്‍ശ്, കാരുപുഴ അനില്‍കുമാര്‍ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിജിത്ത് എന്നിവര്‍ക്കാണ് കടിയേറ്റിരുന്നത്. ഈ കുട്ടികള്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഈ നായയെ അന്ന് തന്നെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു. അക്രമകാരികളായ തെരുവുനായകളെ ഉന്‍മൂലനം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഞായറാഴ്ച്ച തേലത്തുരുത്തില്‍ കൂടിയ ഗ്രാമസഭാ യോഗം ബന്ധപെട്ടവരോട് അവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഗ്രാമപ്പഞ്ചായത്ത് അംഗവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ വി എസ് അനികുട്ടന്റെ നേതൃത്വത്തില്‍ തെരുവുനായ ഉന്‍മൂലന സംഘത്തിന്റെ സഹായം തേടിയത്. ഇവരുടെ നേതൃത്വത്തില്‍ പത്തോളം തെരുവുനായകളെ ഇന്നലെ കൊന്നൊടുക്കി. ഇതിനിടെ പ്രദേശത്ത് നിരവധിപേരുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ തെരുവുനായകളുടെ ആക്രമണം നടന്നിരുന്നു. ഒരു മാസം മുമ്പ് മാഞ്ഞാലി സ്വദേശി ആല്‍ബിയുടെ 40 താറാവുകളെ തെരുവുനായ്ക്കള്‍ കൊന്നൊടുക്കി. തേലത്തുരുത്ത് സ്വദേശിയായ ഷിജുവിന്റെ ആടുകളും തെരുവുനായകളുടെ ആക്രമണത്തില്‍ ചത്തിരുന്നു. ഇത്തരത്തില്‍ നിരവധിപേര്‍ക്കാണ് തെരുവുനായ്ക്കളുടെ ആക്രമണം മൂലം നഷ്ടമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് നേരെ ആക്രമണം നടന്നതോടെയാണ് നാട്ടുകാര്‍ പ്രകോപിതരായത്. എന്ത് വിലകൊടുത്തും ജനങ്ങളുടെ ജീവന് നേരെയുള്ള ഭീഷണി നേരിടാന്‍ രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് അനിക്കുട്ടന്‍, തെരുവുനായ ഉന്‍മൂലനസംഘം പ്രസിഡന്റ് ജോസ് മാവേലി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ എ ബിജു, പി പി ബിജു, പി എസ് അജിത്കുമാര്‍, ബിനു വെളിയത്ത്, എം ആര്‍ സുരേഷ്, കെ എ ഷിബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരുവുനായ ഉന്‍മൂലനത്തിനായി നാട്ടുകാര്‍ തെരുവിലിറങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day