|    Dec 3 Sat, 2016 11:13 pm
FLASH NEWS

തൃക്കാക്കരയില്‍ ലീഗ് മുനിസിപ്പല്‍ ഭരണം പിടിച്ചെടുക്കാന്‍ ഗ്രൂപ്പ് പോര് ശക്തമാവുന്നു

Published : 21st November 2016 | Posted By: SMR

കാക്കനാട്: തൃക്കാക്കരയില്‍ ലീഗ് മുനിസിപ്പല്‍ ഭരണം പിടിച്ചെടുക്കാന്‍ ഗ്രൂപ്പ് പോര് ശക്തമാവുന്നു. അതിന്റെ തുടക്കമാണ് ലീഗ് ശാഖാ കമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ ഇരു വിഭാഗവും രംഗത്തുവന്നിട്ടുള്ളത്. നിലവില്‍ ലീഗ് മുനിസിപ്പല്‍ കമ്മിറ്റി അഹമ്മദ് കബീര്‍ എംഎല്‍എയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ അധീനതയിലാണ്. വര്‍ഷങ്ങളായി ഈ വിഭാഗം തന്നെയാണ് തൃക്കാക്കരയില്‍ ലീഗിനെ നയിക്കുന്നത്. ഇത് മാറ്റിയെടുക്കാനുള്ള തന്ത്രങ്ങളാണ് വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ വിഭാഗം നടത്തുന്നത്. എന്ത് ത്യാഗം സഹിച്ചും വിട്ടുകൊടുക്കുകയില്ലെന്ന നിലപാടിലാണ് മറുവിഭാഗവും. മെംബര്‍ഷിപ്പ് വിതരണവും ശാഖാ കമ്മിറ്റികള്‍ രൂപീകരണവും സമവായത്തിലൂടെ ആവണമെന്നാണ് ജില്ലാ കമ്മിറ്റി നിര്‍ദേശമെന്ന് ഇബ്രാഹിം കുഞ്ഞ് വിഭാഗം പറയുന്നു. അതു മുഖവിലക്കെടുക്കാതെ മെംബര്‍ഷിപ്പ് വിതരണം നടത്തിയതാണ് കഴിഞ്ഞ ദിവസം തൃക്കാക്കര ലീഗ് ഹൗസില്‍ കൂടിയ യോഗത്തില്‍ തര്‍ക്കത്തിനിടയാക്കിയതെന്നാണ് ഇവര്‍ പറയുന്നത്. യോഗം പിരിഞ്ഞ ശേഷം ഓഫിസില്‍ അതിക്രമിച്ചു കയറിയവരാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന മെംബര്‍ഷിപ്പുകള്‍ കവര്‍ന്നെടുത്തതെന്നാണ് മുനിസിപ്പല്‍ ലീഗ് കമ്മിറ്റി പ്രസിഡന്റ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇബ്രാഹിം കുഞ്ഞ് വിഭാഗത്തിലെ കെ കെ ഇബ്രാഹിം, എ എ ഇബ്രാഹിം കുട്ടി കെ കെ അക്ബര്‍, വി എം എ ബക്കര്‍, സി എ റഹീം, എം കെ ജമാല്‍, ഇ എം ബക്കര്‍, എ എ മുഹമ്മദാലി എന്നിവര്‍ക്കെതിരേയാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. ലീഗ് ജില്ലാ നേതൃത്ത്വത്തിനും ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുള്ളതായും  പരാതിയെകുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും പ്രസിഡന്റ് ഹംസ മൂലയില്‍ പറഞ്ഞു. ലീഗ് ഹൗസില്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ കൂടിയ യോഗത്തിലാണ് ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായത്.  കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതായ തലക്കോട്ടുമൂല ശാഖയിലെ ലീഗ് പ്രവര്‍ത്തകരുടെ മെംബര്‍ഷിപ്പ് നേതൃത്ത്വം തടഞ്ഞുവച്ചത് ഇബ്രാഹിം കുഞ്ഞ് വിഭാഗത്തെ ചൊടിപ്പിച്ചു. സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയ തലക്കോട്ടുമൂല ശാഖയിലെ അംഗങ്ങള്‍ക്ക് മെംബര്‍ഷിപ്പ് വിതരണം പ്രത്യേക യോഗം ശാഖയില്‍ വിളിച്ചുചേര്‍ത്ത് തീരുമാനിക്കാമെന്നത് തര്‍ക്കത്തിനിടയാക്കിയെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ല. ഇവരുടെ മെംബര്‍ഷിപ്പ് ബുക്കുകളാണ് അലമാരയില്‍നിന്നും മറുവിഭാഗം കവര്‍ന്നതായ പരാതി. തൃക്കാക്കരയില്‍ ലീഗിന് പതിനൊന്ന് ശാഖ കമ്മിറ്റികളാണുള്ളത്. അതില്‍ നിലവില്‍ 2400 അംഗങ്ങളുമുണ്ട്. എന്നാല്‍ മെംബര്‍ഷിപ്പ് ബുക്കുകള്‍ ഒരു വിഭാഗത്തിന്റെ കസ്റ്റഡിയില്‍ ലീഗ് ഓഫിസില്‍ അലമാരയില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. തങ്ങളുടെ കൈപ്പിടിയില്‍നിന്നും ഭരണം വിട്ടുപോവുമെന്ന ഭയപ്പാടാണ് പോലിസില്‍ പരാതി നല്‍കിയതിന് കാരണമെന്ന് വിമത വിഭാഗക്കാര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day