|    Dec 3 Sat, 2016 12:16 pm
FLASH NEWS

തുറന്ന ജയില്‍ഭൂമി കൈമാറ്റം: പരാതിയില്‍ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തും

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനു കീഴിലെ ഭൂമി സ്വകാര്യ ട്രസ്റ്റിനു കൈമാറിയതിനു പിന്നില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യൂനിറ്റ് ഡിവൈഎസ്പി ത്വരിതാന്വേഷണം ആരംഭിച്ചു. ജയില്‍ വകുപ്പിനു കീഴിലെ ഭൂമി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് റവന്യൂ വകുപ്പ് പോത്തന്‍കോട് ചിന്താലയ ആശ്രമ ട്രസ്റ്റിനു പാട്ടത്തിനു നല്‍കിയത്. ആഭ്യന്തര വകുപ്പിന്റെയോ ജയില്‍ വകുപ്പ് സെക്രട്ടറിയുടെയോ റിപോര്‍ട്ട് തേടാതെയാണ് ഭൂമിക്കൈമാറ്റം നടന്നതെന്നും ഇതിനു പിന്നില്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും തിരുവനന്തപുരം സ്വദേശിയായ പായ്ച്ചിറ നവാസ് നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിക്കാരനില്‍ നിന്നു കഴിഞ്ഞ ദിവസം വിജിലന്‍സ് മൊഴി രേഖപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, അന്നത്തെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ചിന്താലയ ആശ്രമ ട്രസ്റ്റ് ചെയര്‍മാന്‍ എന്നിവരുടെ താല്‍പര്യപ്രകാരമാണ് ഭൂമിക്കൈമാറ്റം നടന്നതെന്നു പരാതിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ഈ മാസം തന്നെ അന്വേഷണ റിപോര്‍ട്ട് കൈമാറണം.
ജയില്‍ വകുപ്പിനു കീഴിലെ ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ട് നടപടികള്‍ ആദ്യം മുതല്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് സര്‍ക്കാരിനു നിരവധി തവണ കത്തു നല്‍കിയിരുന്നു. എന്നാല്‍, ഇതൊക്കെ അവഗണിച്ചാണ് ഭൂമി ട്രസ്റ്റിന് 30 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയത്. 2013ലാണ് ട്രസ്റ്റ് സ്‌കൂള്‍ നിര്‍മിക്കുന്നതിനു ഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കുന്നത്. അപേക്ഷയിന്‍മേല്‍ പരിശോധനയൊന്നും നടത്താതെയാണ് ഏക്കര്‍കണക്കിനു ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day