|    Dec 9 Fri, 2016 1:14 pm

തുണ്ടിയില്‍ ബെന്നിയുടെ മരണം; അന്വേഷണം വഴിത്തിരിവില്‍

Published : 23rd November 2016 | Posted By: SMR

ഇടുക്കി: ബംഗളുരുവില്‍ കുളിമുറിയില്‍ വീണ് മരിച്ചെന്ന് കരുതിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് മൊഴി. വണ്ടിപ്പെരിയാര്‍ ചെല്ലാര്‍കോവില്‍ തുണ്ടിയില്‍ ബെന്നിയുടെ മരണം കൊലപാതകമാണെന്നാണ് മക്കള്‍ ഇടുക്കി ചൈല്‍ഡ് ലൈനിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും മുന്നിലും നല്‍കിയിരിക്കുന്ന മൊഴി. 2016 ഫെബ്രുവരി ഒമ്പതിന് രാവിലെയാണ് ബംഗളുരുവില്‍ ബെന്നി മരിച്ചതായുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. കുളിമുറിയില്‍ വീണ് മരിച്ചെന്നായിരുന്നു ഫോണ്‍ സന്ദേശം. വൈകാതെ ബെന്നിയുടെ  ബന്ധുക്കള്‍ ബംഗളുരുവിലെത്തി. എം എസ് രാമയ്യമെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങി. ബെന്നിയുടെ ഭാര്യ രേഷ്മയും ഏഴും നാലും വയസുള്ള പെണ്‍മക്കളും ബെന്നിയുടെ ബന്ധുക്കള്‍ക്കൊപ്പം മൃതദേഹവുമായി നാട്ടിലേക്ക് പോന്നു. ചക്കുപള്ളം പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം മക്കളുമായി രേഷ്മ മടങ്ങിപ്പോയി.രണ്ടുമാസം കഴിഞ്ഞപ്പോള്‍ മക്കളുമായി വീണ്ടും വണ്ടന്‍മേട്ടിലെത്തി. പിന്നീട് മക്കളെ ബെന്നിയുടെ അമ്മ മേരിക്കൊപ്പമാക്കി ബംഗളുരുവിലേക്ക് പോയി. ഇതിനിടെ ബെന്നിയുടെ മരണത്തില്‍ സംശയുണ്ടെന്ന് കാണിച്ച് മേരി ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഈ പരാതി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ചു.ബെന്നിയുടെ മക്കളെ കൗണ്‍സലിങിന് വിധേയരാക്കി മൊഴി ശേഖരിച്ചപ്പോഴാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ‘അച്ഛനെ അമ്മയുടെ സുഹൃത്ത് പ്രജീഷ് എന്നയാള്‍ കമ്പിവടിക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു മൊഴി. ബെന്നിയുടെ ഇളയമകളെ പ്രജീഷ് തടഞ്ഞ് വച്ചിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ബെന്നിക്ക് അടിയേറ്റത്. ഈ സമയത്ത് രേഷ്മ വീട്ടിലുണ്ടായിരുന്നു. തടസ്സം പിടിക്കാനെത്തിയ മക്കളെയും പ്രജീഷ് ആക്രമിച്ചു. സംഭവം ബംഗളുരു പോലിസ് മുഖവിലയ്‌ക്കെടുത്തില്ല. ബംഗളുരു സിറ്റിയിലുള്ള കൊമ്പിഗെ ഹള്ളി പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തതൊഴിച്ചാല്‍ കേസ് സംബന്ധിച്ച് ഒരു അന്വേഷണവും നടത്തിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day