|    Dec 6 Tue, 2016 12:09 am
FLASH NEWS

തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള; നെയ്യാറ്റിന്‍കര കുതിപ്പ് തുടരുന്നു

Published : 28th November 2016 | Posted By: SMR

കഴക്കൂട്ടം: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിവസവും നെയ്യാറ്റിന്‍കര ഉപജില്ലയുടെ മുന്നേറ്റം തുടരുന്നു. നെയ്യാറ്റിന്‍കര ഉപജില്ല വ്യക്തമായ മുന്നേറ്റമാണ് ഇതിനകം നേടിക്കഴിഞ്ഞത്. കായികമേളയുടെ രണ്ടാം ദിവസത്തെ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ 122 പോയിന്റ് നേടിയാണ് നെയ്യാറ്റിന്‍കര ബഹുദൂരം മൂന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട കിരീടം ഇക്കുറി തങ്ങള്‍ നേടിയെടുക്കുമെന്ന വാശിയിലാണ് നെയ്യാറ്റിന്‍കരയിയില്‍ നിന്നെത്തിയ കായിക വിദ്യാര്‍ഥികള്‍. തൊട്ട് പിന്നിലുള്ള നോര്‍ത്ത് ഉപജില്ലക്ക് 79 പോയിന്റ് മാത്രമാണുള്ളത്.  2014ല്‍ 12 വര്‍ഷത്തെ തിരുവനന്തപുരം നോര്‍ത്തിന്റെ കുത്തക തകര്‍ത്താണ് നെയ്യാറ്റിന്‍കര ഉപജില്ല കിരീടം നേടിയത്. രണ്ടാം ദിവസമായതോടെ 13 സ്വര്‍ണ്ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലുവുമാണ് നെയ്യാറ്റിന്‍കര നേടിയത്. നോര്‍ത്തിന് അഞ്ച് സ്വര്‍ണ്ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് ലഭിച്ചത്. സ്‌കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കായി ഇഞ്ചോടിഞ്ച് പോരാടുന്ന അരുമാനൂര്‍ എംവിഎച്ച്എസ്എസിന്റെയും കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസിന്റെയും മിന്നുന്ന പ്രകടനമാണ് നെയ്യാറ്റിന്‍കര ഉപജില്ലയെ മുന്നിലെത്തിച്ചത്. അരുമാനൂര്‍ സ്‌കൂളിന് 36 പോയിന്റും (അഞ്ച് സ്വര്‍ണ്ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം) കാഞ്ഞിരംകുളത്തിന് 31 പോയിന്റുമാണ് (നാല് സ്വര്‍ണ്ണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം) ലഭിച്ചത്. തിരുവനന്തപുരം നോര്‍ത്തിനെ രണ്ടാമതെത്തിച്ചത് മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് എച്ച്എസും, സെന്റ്‌ജോസഫ് എച്ച്എസ്എസുമാണ്. ഹോളി ഏഞ്ചല്‍സിന് 20 ഉം, സെന്റ് ജോസഫ്‌സിന് 12 പോയിന്റുമാണുള്ളത്. 17 പോയിന്റ് നേടിയ പാറശാല, കാട്ടാക്കട ഉപജില്ലകളാണ് മൂന്നാം സ്ഥാനത്തുള്ളത്. നെടുമങ്ങാട (13 പോയിന്റ്), കിളിമാനൂര്‍ (11), തിരുവനന്തപുരം സൗത്ത് (11), വര്‍ക്കല (11), കണിയാപുരം (10), ആറ്റിങ്ങല്‍ (9), പാലോട് (7), ബാലരാമപുരം (4) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില. ജില്ലയിലെ 12 ഉപജില്ലകളില്‍ നിന്നുള്ള സ്‌കൂളുകളില്‍ നിന്നായി 2500 ഓളം കായിക താരങ്ങളാണ് മല്‍സര രംഗത്തുള്ളത്. കായികമേളക്ക് നാളെ കൊടിയിറങ്ങും. ഇന്ന് ഹര്‍ത്താലായതിനാല്‍ ഇന്നത്തെ മല്‍സരങ്ങള്‍ നാളത്തേക്ക് മാറ്റുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day