|    Dec 7 Wed, 2016 1:21 am
FLASH NEWS

തിരുവനന്തപുരം നഗരസഭ: എന്‍ജിനീയറിങ് വിഭാഗത്തില്‍ അഴിമതിക്കാരെ സ്ഥലംമാറ്റി

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ നടക്കുന്ന അഴിമതിക്കെതിേര തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടി. നിരവധി തവണ അഴിമതിയാരോപണത്തിനു വിധേയരായ എന്‍ജിനീയറിങ് വിഭാഗത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ വകുപ്പ് ഇടപെട്ടാണു സ്ഥലംമാറ്റിയത്. നിലവിലെ സെക്രട്ടറിക്കും സ്ഥാനചലനമുണ്ടായേക്കും. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും കോര്‍പറേഷന്‍ എന്‍ജിനീയര്‍ക്കുമെതിരേയാണു നടപടിയുണ്ടായത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവു പുറത്തിറങ്ങി. കോര്‍പറേഷന്‍ എന്‍ജിനീയര്‍ക്കെതിരേയുള്ള നടപടി ഇന്നുണ്ടായേക്കും. നിലവില്‍ കോര്‍പറേഷനില്‍ ജോലിനോക്കുന്ന അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അന്‍സാറിനെ പാല നഗരസഭയിലേക്കാണു സ്ഥലംമാറ്റിയത്. പി ആര്‍ മോളി ആണു പുതിയ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സ്‌പെഷ്യല്‍ പ്രൊജക്റ്റ് ഓഫിസറായി പ്രവര്‍ത്തിക്കുകയായിരുന്നു മോളി. അഴിമതിക്കാരിയല്ലെന്നതിന്റെ പേരില്‍ മോളിയെ അപ്രധാന തസ്തികയിലേക്ക് ഒതുക്കിയെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണു പുതിയ മാറ്റം. അടുത്തിടെ ഏറെ ആരോപണങ്ങള്‍ക്കു വിധേയനായ കോര്‍പറേഷന്‍ എന്‍ജിനീയറെ വടക്കന്‍ ജില്ലകളിലെ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണ ചുമതലയിലേക്കായിരിക്കും മാറ്റുകയെന്നാണു വിവരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇവരെ ചുമതലകളില്‍ നിന്നു മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും പലതരത്തിലുള്ള ഇടപെടലുകള്‍ വിലങ്ങുതടിയായി. 500, 1000 നോട്ടുകള്‍ ആസാധുവാക്കിയതിനെ തുടര്‍ന്നു പ്രമുഖ കെട്ടിടനിര്‍മാണ കമ്പനി അധികൃതരില്‍ നിന്നു സ്വര്‍ണനാണയമായി കൈക്കൂലി വാങ്ങിയെന്നാണു കോര്‍പറേഷന്‍ എന്‍ജിനീയര്‍ സുലൈമാനെതിരേ അവസാനം ഉയര്‍ന്ന ആരോപണം. കഴിഞ്ഞ കൗണ്‍സിലില്‍ ഭരണകക്ഷിയില്‍പ്പെട്ട പാളയം രാജന്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചു. കെട്ടിടനിര്‍മാണ കമ്പനി വകുപ്പില്‍ രേഖാമൂലം പരാതിപ്പെട്ടതായും അറിയുന്നു. എ ന്‍ജിനീയറിങ് വിഭാഗത്തിലെ അഴിച്ചുപണിക്കു പിന്നാലെ കോര്‍പറേഷന്റെ നിലവിലെ സെക്രട്ടറിക്കും സ്ഥാനചലനമുണ്ടായേക്കുമെന്നാണു സൂചന. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കോര്‍പറേഷന്‍ സെക്രട്ടറിയായി നിയമിക്കാനാണ് ആലോചിക്കുന്നത്.  മെട്രോ പദവിയുള്ള കോര്‍പറേഷനില്‍ ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണു സെക്രട്ടറിയാവേണ്ടത്. എന്നാല്‍ പലകാലങ്ങളിലായി സെക്രട്ടറിയുടെ ചാര്‍ജ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കിവരികയായിരുന്നു. കൂടാതെ ഏതാനും ഭരണസമിതി അംഗങ്ങള്‍ തന്നെ സെക്രട്ടറിക്കെതിരേ സര്‍ക്കാരിനോടു പരാതിയുമുന്നയിച്ചു. ജീവനക്കാര്‍ക്കെതിരേ ആരോപണമുയരുമ്പോള്‍ കൃത്യമായി നടപടിയെടുക്കുന്നില്ലെന്നതാണു സെക്രട്ടറിക്കെതിരേ ഉയരുന്ന പ്രധാന പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day