|    Oct 22 Sat, 2016 5:10 am
FLASH NEWS

തിരഞ്ഞെടുപ്പ്: ശ്രദ്ധാകേന്ദ്രമായി കോളനികള്‍; കുടിവെള്ള പദ്ധതികള്‍ പോലും എങ്ങുമെത്തിയില്ല

Published : 22nd October 2015 | Posted By: SMR

കല്‍പ്പറ്റ: തിരഞ്ഞെടുപ്പില്‍ ആദിവാസി കോളനികളില്‍ രാഷ്ട്രീയ കക്ഷികള്‍ സ്ഥിരതാമസമാക്കുമ്പാഴും ഇവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട കുടിവെള്ള പദ്ധതികള്‍ പോലും എങ്ങുമെത്തിയില്ല. ഫണ്ട് നല്‍കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പ്രത്യേക ദുര്‍ബല ഗോത്രവിഭാഗം (പിവിടിജി) പദ്ധതിയിലൂടെ നടപ്പാക്കിയ കുടിവെള്ള പദ്ധതി പാതിവഴിയില്‍. 15 കോടി ചെലവില്‍ 54 കോളനികളിലാണ് ജില്ലയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, മൂന്നു വര്‍ഷമായിട്ടും 19 പദ്ധതി മാത്രമാണ് പൂര്‍ത്തിയാക്കിയത്. എട്ടു പദ്ധതികളുടെ പണി ഇനിയും തുടങ്ങിയിട്ടില്ല. തിരുനെല്ലി പഞ്ചായത്തിലെ നെടുന്തണ, മധ്യപ്പടി, കാളിന്ദി, ബേഗൂര്‍, കല്‍പ്പറ്റ കൊളഗപ്പാറ, മുപ്പൈനാട് പാലച്ചുരം, പൂതാടി ആലുംമൂല, നെന്മേനി കൊന്നംമൂല കോളനികളിലെ കുടിവെള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം പോലും നടന്നിട്ടില്ല. സുല്‍ത്താന്‍ ബത്തേരി മേലേപ്പാടി, നൂല്‍പ്പുഴ അംബേദ്കര്‍, മഡൂര്‍ തെക്കിന്‍ മീനങ്ങാടി, വിജയന്‍കുന്ന് കോളനി പൂതാടി, മംഗലശേരി കോളനി വെള്ളമുണ്ട, പീടികക്കുന്ന് കോളനി തവിഞ്ഞാല്‍ എന്നിവിടങ്ങളിലെ പദ്ധതികള്‍ പാതിവഴിയിലാണ്. എന്നു തീരുമെന്നുറപ്പില്ല.
2012ലാണ് വാട്ടര്‍ അതോറിറ്റിക്ക് കുടിവെള്ളക്ഷാമം നേരിടുന്ന കോളനികളില്‍ കുടിവെള്ളമെത്തിക്കാന്‍ 15 കോടി രൂപ നല്‍കിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ കടുത്ത അലംഭാവമാണ് കാട്ടുന്നത്. സാങ്കേതികത്വം പറഞ്ഞ് പദ്ധതി നീട്ടിക്കൊണ്ടുപോവുകയാണ്. 2011-12 സാമ്പത്തിക വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗം പദ്ധതി തുടങ്ങിയത്. 2016 മാര്‍ച്ചില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കും. ദുര്‍ബലമായ കാട്ടുനായ്ക്ക വിഭാഗത്തിനായാണ് പദ്ധതി തുടങ്ങിയത്.
4,500 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ഭവന നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഭവനനിര്‍മാണം, ആരോഗ്യസുരക്ഷ, ഭക്ഷ്യധാന്യ വിതരണം, കുടിവെള്ളം, വൈദ്യുതി, ഗതാഗതസൗകര്യം, മണ്ണുസംരക്ഷണം എന്നിവയാണ് പദ്ധതിയിലുള്ളത്. എ കെ ബാലന്‍ പട്ടികജാതി-വര്‍ഗ മന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണിത്. 13ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിലെ ഏഴു ജില്ലകളിലുള്ളവര്‍ക്കാണ് ആനുകൂല്യം. 148 കോടി രൂപയുടെ പദ്ധതിയാണിത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കാണിത്. ആകെ ഏഴു റോഡുകളുടെ പ്രവൃത്തിയാണ് പദ്ധതിയിലുള്ളത്. വയനാട്ടില്‍ ആറും പാലക്കാട് അട്ടപ്പാടിയില്‍ ഒരു റോഡുമാണുള്ളത്. 1,600 വീടുകളാണ് ഈ പദ്ധതി പ്രകാരം നിര്‍മിച്ചത്. എടുത്ത വീടുകളില്‍ പലതിന്റെയും പ്രവൃത്തി പൂര്‍ത്തിയാക്കാതെയാണ് കരാറുകാര്‍ കൈമാറിയത്.
ഇത്തരത്തില്‍ വ്യാപകമായി വഞ്ചിക്കപ്പെടുമ്പോഴും ആദിവാസികള്‍ക്കിടയില്‍ നിന്ന് ഒരു വോട്ട് പോലും നഷ്ടപ്പെടാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്താറുണ്ട്. വോട്ട് ബാങ്ക് മാത്രമായി ഒതുക്കപ്പെടുകയാണ് ജില്ലയിലെ ഗോത്രസമൂഹം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day