|    Dec 3 Sat, 2016 10:09 am
FLASH NEWS

തിരഞ്ഞെടുപ്പ് ഒരുമിപ്പിക്കുന്നതിനെ അനുകൂലിച്ച് നീതി ആയോഗും

Published : 28th November 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള നീക്കത്തെ അനുകൂലിച്ച് നീതി ആയോഗും. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവച്ച ആശയം നടപ്പാക്കുകയാണെങ്കില്‍ പകുതി സംസ്ഥാനങ്ങളിലെ നിലവിലുള്ള സര്‍ക്കാരുകളുടെ കാലാവധി മൂന്നു മാസം മുതല്‍ 15 മാസം വരെ വെട്ടിക്കുറയ്ക്കുകയും ബാക്കിയുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി ഒരു വര്‍ഷം വരെ നീട്ടുകയും ചെയ്യേണ്ടി വരും. കേരള സര്‍ക്കാരിന്റെ കാലാവധി ആറുമാസം വരെ നീളും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിര്‍ദേശത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പല രാഷ്ട്രീയപ്പാര്‍ട്ടികളും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ സമവായം കൊണ്ടുവരാനുള്ള ശ്രമം തിരഞ്ഞൈടുപ്പ് കമ്മീഷന്‍ നടത്തുന്നുണ്ട്.
ഓരോ വര്‍ഷവും രണ്ടുമുതല്‍ അഞ്ചുവരെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുകയെന്ന രീതിക്ക് പകരം 30 മാസത്തെ ഇടവേളയിട്ട് രണ്ടു ഘട്ടങ്ങളായുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്തുകയെന്ന നിര്‍ദേശമാണ് മുന്നിലുള്ളത്. ആദ്യഘട്ടമായി 14 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 2019 ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്തുക. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒന്നര വര്‍ഷത്തിന് ശേഷം 2021 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും നടത്തുക. നിലവിലുള്ള സംസ്ഥാന സര്‍ക്കാറുകളുടെ കാലാവധി നീട്ടിയും വെട്ടിക്കുറച്ചും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തണമെന്നാണ് നീതി ആയോഗിന്റെ നിലപാട്. ഇതു സംബന്ധിച്ച് നീതി ആയോഗ് തയ്യാറാക്കിയ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്: എന്ത്, എന്തുകൊണ്ട്, എങ്ങനെ എന്ന റിപോര്‍ട്ടിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതെ ആശയം തന്നെയാണ് മുന്നോട്ടു വച്ചിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ മിസോറാം കര്‍ണാടക, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് നടത്തുക. ഇതില്‍ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ നിലവിലുള്ള സര്‍ക്കാറുകളുടെ കാലാവധി അഞ്ചു മാസവും മിസോറാം 6 മാസവും കര്‍ണാടക 12 മാസവും നീട്ടേണ്ടി വരും. ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ കാലാവധി അഞ്ചു മാസം കുറയും. ജാര്‍ഖണ്ഡ് ഏഴു മാസവും ഡല്‍ഹി എട്ടു മാസവും കുറയും. തമിഴ്‌നാട്, പശ്ചിമബംഗാള്‍, പോണ്ടിച്ചേരി, അസം, കേരളം, ജമ്മു കശ്മീര്‍, ബിഹാര്‍, ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളാണ് രണ്ടാംഘട്ടത്തില്‍. തമിഴ്‌നാട്, പശ്ചിമബംഗാള്‍, പോണ്ടിച്ചേരി, അസം, കേരളം സംസ്ഥാനങ്ങളുടെ കാലാവധി ആറു മാസം നീട്ടും. കശ്മീര്‍ ഒമ്പത് മാസവും ബിഹാര്‍ 13 മാസവും നീട്ടും. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കാവാവധി മൂന്നു മാസവും ഉത്തര്‍പ്രദേശ് അഞ്ചു മാസവും ഹിമാചല്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കാലാവധി 13 മാസവും മേഘാലയ ത്രിപുര, നാഗാലാന്‍ഡ് 15 മാസവും കുറയും.
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുകയെന്ന ആശയം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ക്ക് എതിരാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത് യുക്തിരഹിതവും നിയമവിരുദ്ധവും രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്തതുമാണെന്ന് കോണ്‍ഗ്രസ് വക്താവ് അജോയ്കുമാര്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടിയും ഈ നിക്കത്തെ എതിര്‍ത്തിട്ടുണ്ട്. സര്‍ക്കാരിന്റെ കാലാവധി വെട്ടിക്കുറയ്ക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്ന് ആംആദ്മി നേതാവ് ദിലീപ് പാണ്ഡെ ചൂ്ണ്ടിക്കാട്ടി. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഇതിനായി വരുന്ന ചെലവ് കുറയ്ക്കാനാവുമെന്നാണ് നീതി ആയോഗ് ചൂണ്ടിക്കാട്ടുന്നത്. 4,500 കോടിയായിരിക്കും ആകെ ചെലവ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മാത്രം ചിലവ് 3,870 കോടിയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day