|    Oct 25 Tue, 2016 7:18 pm

തിരഞ്ഞെടുപ്പും രാഷ്ട്രീയക്കാരുടെ തനിനിറവും

Published : 19th March 2016 | Posted By: G.A.G

തിരഞ്ഞെടുപ്പിന് ഇനിയും ഏതാണ്ട് രണ്ടുമാസമുണ്ട്. പക്ഷേ, കേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളും സീറ്റ് നിര്‍ണയവും സ്ഥാനാര്‍ഥികളെ തീരുമാനിക്കലും മറുകണ്ടം ചാടലുമെല്ലാം തകൃതിയായി നടക്കുന്നു. സ്ഥാനാര്‍ഥിയാവാനുള്ള പരക്കംപാച്ചിലും തീരുമാനമെടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളുമെല്ലാം വിരല്‍ചൂണ്ടുന്നത് കേരളത്തിലെ പ്രധാന മുന്നണികളും രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനമോഹികളെ നിയന്ത്രിക്കുന്നതിലും അണികള്‍ക്കിടയില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിലും വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നു എന്ന ദുരവസ്ഥയിലേക്കാണ്. നേതാക്കള്‍ ഒരുവഴിക്ക്, അണികള്‍ മറ്റൊരു വഴിക്ക്- ഇതാണു സ്ഥിതി.കര്‍ശനമായ അച്ചടക്കം പുലര്‍ത്തുന്നു എന്ന് സാമാന്യേന കരുതപ്പെടുന്ന പാര്‍ട്ടിയാണ് സിപിഎം. നേതൃത്വം തീരുമാനിച്ചാല്‍ അപ്പീലില്ല. എന്നാല്‍, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ടതാര് എന്ന തര്‍ക്കം തീരാതെ ‘പിണറായിയും വിഎസും മല്‍സരിക്കട്ടെ, ആരായിരിക്കണം മുഖ്യമന്ത്രി എന്നതൊക്കെ പിന്നീട് തീരുമാനിക്കാം’ എന്ന ഒത്തുതീര്‍പ്പിലെത്തിയിരിക്കുകയാണവര്‍. അതില്‍ തന്നെ പല രഹസ്യ അജണ്ടകളും ഒളിഞ്ഞുകിടപ്പുണ്ടത്രെ. പാര്‍ട്ടി സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന കാര്യമെത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിഞ്ഞു. ജില്ലാ നേതൃത്വം തിരഞ്ഞെടുക്കുന്നവരെ സംസ്ഥാന കമ്മിറ്റി തഴയുന്നു. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചവരെ മണ്ഡലത്തിലുള്ള ആളുകള്‍ക്കു വേണ്ട. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ഇന്നു തീരുമാനിച്ച ആളെ നാളെ തല്‍സ്ഥാനത്തു കാണുന്നില്ല. സ്ഥാനാര്‍ഥികള്‍ നിരന്തരം മാറിമറിയുന്നു. ഇതൊന്നും കാഡര്‍ പാര്‍ട്ടിയായ സിപിഎമ്മില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതാണ്. കോണ്‍ഗ്രസ്സിന്റെ കാര്യം പറയാതിരിക്കുകയാണു ഭേദം. ഒരുവിധക്കാരെല്ലാം പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥികളാണ്. ഗ്രൂപ്പ് വഴിയാണ് ഓരോരുത്തരുടെയും അരങ്ങേറ്റം. വനിത-യുവജന-വിദ്യാര്‍ഥി-ജാതി-മത പരിഗണനകളെല്ലാം വച്ച് സീറ്റ് ഉറപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നവരുമുണ്ട് പാര്‍ട്ടിയില്‍. യാതൊരുവിധ അച്ചടക്കവും തങ്ങള്‍ക്കു ബാധകമല്ലെന്ന തരത്തിലാണ് കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥിത്വ മോഹികളുടെ കളികള്‍. മുസ്‌ലിംലീഗും കേരളാ കോണ്‍ഗ്രസ്സുമൊന്നും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. നേതൃത്വം പറയുന്നത് ശിരസ്സാവഹിക്കുന്ന മുസ്‌ലിംലീഗില്‍ വിമതന്മാര്‍ തലപൊക്കുകയും സമ്മര്‍ദ്ദം പ്രയോഗിച്ച് സ്ഥാനാര്‍ഥിത്വം നേടുകയും ചെയ്യുന്നത് അത്ര അപൂര്‍വമല്ല. സംശുദ്ധ നാട്യത്തോടെ മല്‍സരരംഗത്തവതരിപ്പിച്ച ബിജെപിയില്‍ ഇപ്പറഞ്ഞതിനെക്കാളെല്ലാം ഗുരുതരമാണ് പ്രശ്‌നങ്ങള്‍. ചുരുക്കത്തില്‍ ഈജിയന്‍ തൊഴുത്തിന്റെ പര്യായമാണ് നമ്മുടെ രാഷ്ട്രീയരംഗം.പാര്‍ട്ടികള്‍ക്കുള്ളില്‍ മാത്രമല്ല തര്‍ക്കങ്ങള്‍. മുന്നണികള്‍ക്കുള്ളിലെ സീറ്റ് വീതംവയ്പുകളും വളരെ പരിഹാസ്യമായ അവസ്ഥകളിലൂടെയാണു കടന്നുപോവുന്നത്. നമ്മുടെ പൊതുജീവിതം എവിടെയെത്തിനില്‍ക്കുന്നു എന്നു ബോധ്യപ്പെടാന്‍ ഇതെല്ലാം ധാരാളം. തെമ്മാടിയുടെ അവസാനത്തെ അഭയമാണ് രാഷ്ട്രീയം എന്നു പറഞ്ഞ ചിന്തകന് നമോവാകം!

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day