|    Dec 10 Sat, 2016 11:57 pm

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രിംകോടതി

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ സിനിമയ്ക്കു മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഇതിലൂടെ ജനങ്ങളില്‍ രാജ്യസ്‌നേഹവും ദേശീയബോധവും ഉണര്‍ത്താന്‍ കഴിയുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര, അമിതവ് റോയി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍, ഇതു വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. നാടകീയമാക്കുകയോ ചുരുക്കുകയോ ചെയ്യാന്‍ പാടില്ല. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാകയും സ്‌ക്രീനില്‍ കാണിക്കണം. ആളുകള്‍ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കുകയും വേണം. എന്നാല്‍, ഭിന്നശേഷിക്കാര്‍ എഴുന്നേറ്റുനില്‍ക്കേണ്ടതില്ല. ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ ആളുകള്‍ തിയേറ്ററിനുള്ളിലേക്കു പ്രവേശിക്കുന്നതും ഇറങ്ങിപ്പോകുന്നതും ഒഴിവാക്കാന്‍ വാതിലുകള്‍ അടച്ചിടണം.
ഭരണഘടനാപരമായ രാജ്യസ്‌നേഹത്തിന്റെ ചിഹ്‌നമാണ് ദേശീയ ഗാനമെന്നു ജനങ്ങള്‍ മനസ്സിലാക്കേണ്ട സമയമായി. ഇതെന്റെ രാജ്യമാണ്, എന്റെ മാതൃരാജ്യമാണ് എന്ന് ഓരോരുത്തര്‍ക്കും മനസ്സില്‍ തോന്നണം. നിങ്ങള്‍ ആദ്യമായി ഒരു ഇന്ത്യക്കാരനാണ്.
മറ്റു രാജ്യങ്ങളില്‍ അവിടെയുള്ള നിയന്ത്രണങ്ങള്‍ അനുസരിക്കുമെങ്കിലും ഇന്ത്യയില്‍ ഒരു നിയന്ത്രണവും പാടില്ലെന്ന നിലപാടാണ് ആളുകള്‍ക്കുള്ളത്. അപകീര്‍ത്തികരവും അനാശാസ്യവുമായ സ്ഥലങ്ങളിലും രീതിയിലും ദേശീയ ഗാനം ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ദേശീയ സ്വത്വം, സമഗ്രത, ഭരണഘടനാപരമായ ദേശസ്‌നേഹം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതിനായി മാര്‍ഗരേഖ തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ കോടതി, നിര്‍ദേശം നടപ്പാക്കാനും ബോധവല്‍കരണത്തിനുമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഒരാഴ്ച സമയം നല്‍കി.
ഉത്തരവിന് പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പ്രചാരണവും നല്‍കണം. ജനങ്ങള്‍ ഈ ഉത്തരവിനെ അതേ വികാരത്തോടെ ഉള്‍ക്കൊള്ളണം. സാര്‍വലൗകിക സങ്കല്‍പത്തില്‍ അപാകതയൊന്നുമില്ല. എന്നാല്‍, ഉള്ളില്‍ ഭാരതീയത ഉണ്ടാകുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്- കോടതി പറഞ്ഞു.
കോടതി തയ്യാറാക്കിയ മാര്‍ഗരേഖ അനിവാര്യമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി പറഞ്ഞു. ഭോപാലില്‍ നിന്നുള്ള റിട്ടയേഡ് എന്‍ജിനീയര്‍ ശ്യാം നാരായണ്‍ ചൗക്‌സെയ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഉത്തരവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക