|    Dec 10 Sat, 2016 2:42 am
FLASH NEWS

താറാവുകര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 27th October 2016 | Posted By: SMR

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ പക്ഷിപ്പനി താറാവുകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പക്ഷിപ്പനി വന്ന പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കണമെന്ന് കേന്ദ്ര നിയമമുണ്ടെങ്കിലും ഇതു പാലിക്കാതെ രോഗംവന്നവയെ മാത്രം കൊന്നൊടുക്കുന്ന നടപടിയാണ് ഇത്തവണ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കുന്നത്. കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നത് കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
രോഗബാധയെ തുടര്‍ന്ന് ചത്തൊടുങ്ങുന്ന താറാവുകള്‍ക്ക് മതിയായ നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇതിനകം തന്നെ വിവിധയിടങ്ങളിലായി പതിനായിരക്കണക്കിന് താറാവുകള്‍ ചത്തിട്ടുണ്ട്. ഇവ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് കര്‍ഷകര്‍. രണ്ടുവര്‍ഷം മുമ്പ് പക്ഷിപ്പനിയില്‍ ചത്ത താറാവുകളുടെ നഷ്ടപരിഹാരം ഇനിയും ലഭ്യമായിട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊന്ന താറാവുകളുടെ നഷ്ടപരിഹാരത്തുക രണ്ടുമാസത്തിനുള്ളില്‍ തന്നെ കര്‍ഷകര്‍ക്കു ലഭിച്ചിരുന്നു.
2014ല്‍ താറാവുകുഞ്ഞുങ്ങള്‍ക്ക് 100 രൂപയും വലിയവയ്ക്ക് 150 രൂപയുമായിരുന്നു നല്‍കിയത്. ഇത് സര്‍ക്കാരിന് വന്‍ സാമ്പത്തികബാധ്യതയും ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ രോഗം ബാധിച്ചവയെ മാത്രം കൊല്ലുകയെന്ന നടപടിയിലേക്ക് അധികൃതര്‍ എത്തിയിരിക്കുന്നത്. ഇത്തവണത്തെ നഷ്ടപരിഹാരം എത്രയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
കുട്ടനാട്ടില്‍ പക്ഷിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടിട്ടും പ്രാദേശികതലത്തില്‍ മുന്‍കരുതലെടുക്കാന്‍ വൈകിയതാണ് ഈ അവസ്ഥ നേരിടാന്‍ കാരണമായത്. ആഴ്ചകള്‍ക്കു മുമ്പ് താറാവുകള്‍ ചത്തുതുടങ്ങിയെങ്കിലും രോഗം സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചാവുന്ന താറാവുകളെ ഉടമകള്‍ തന്നെ മറവുചെയ്യുന്ന സ്ഥിതിയാണ്. കൂട്ടത്തോടെ ചാവുന്ന താറാവുകളെ അവിടെനിന്ന് മാറ്റുന്നതായും നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞെത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബ്ലീച്ചിങ് പൗഡര്‍ വിതറി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ്. ചത്ത താറാവുകള്‍ വെള്ളത്തില്‍ കിടന്ന് അഴുകുന്നതും വ്യാപകമാണ്.
രണ്ടുവര്‍ഷം മുമ്പ് പക്ഷിപ്പനിബാധ നല്‍കിയ ലക്ഷങ്ങളുടെ കടബാധ്യതയില്‍നിന്നു മെല്ലെ കരകയറിവരുമ്പോഴാണ് വീണ്ടും പക്ഷിപ്പനി ദുരന്തം താറാവുകര്‍ഷകരെ പിടികൂടുന്നത്. താറാവുകള്‍ ചാവുന്നത് വഴിയുള്ള നഷ്ടത്തിനു പിന്നാലെ വിപണി തകരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. പക്ഷിപ്പനി പ്രചാരണം താറാവുവിപണി തകര്‍ക്കാനുള്ള അന്യസംസ്ഥാന ലോബിയുടെ തന്ത്രമാണെന്നും കര്‍ഷകരില്‍ ചിലര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ക്രിസ്മസിന് കുട്ടനാട്ടില്‍ 10 ലക്ഷം താറാവുകള്‍ വിറ്റഴിഞ്ഞതായും രണ്ടരക്കോടിയുടെ വില്‍പന നടന്നതായും ക ര്‍ഷകര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day