|    Oct 23 Sun, 2016 1:18 am
FLASH NEWS

തലസ്ഥാനനഗര വികസനത്തിന് ബജറ്റില്‍ ഊന്നല്‍; ജില്ലയില്‍ വിവിധ പദ്ധതികള്‍

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പാശ്ചാത്തലവികസനത്തിനും ജില്ലയുടെ വിവിധ മേഖലയുടെ വികസനത്തിനും ഊന്നല്‍ നല്‍കിയ ബജറ്റാണ് തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചത്. നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് നിരവധി പദ്ധതികളും പ്രഖ്യപിച്ചു. മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിന് ആവശ്യമായ നിര്‍മാണത്തിനും ഉപകരണങ്ങള്‍ക്കുമുള്ള ചെലവ് മാന്ദ്യവിരുദ്ധമായ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഹിതത്തില്‍നിന്നും കണ്ടെത്തും.
ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന യൂനിവേഴ്‌സിറ്റി കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും. എന്‍ജിനീയറിങ് കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ അസാപ്പിന്റെ കീഴില്‍ പരിശീലനം നല്‍കുന്ന യുവാക്കള്‍ക്ക് അപ്രന്റിസ്ഷിപ്പ് കാലത്ത് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതുപോലുള്ള സ്‌കീം ആവിഷ്‌കരിക്കും.
റീജ്യനല്‍ കാന്‍സര്‍ സെന്ററിന് 59 കോടി രൂപ വകയിരുത്തി. മാനസികാരോഗ്യ കേന്ദ്രത്തില്‍ പശ്ചാത്തല സൗകര്യം ഒരുക്കും. 40 കോടി രൂപ ചെലവില്‍ ജില്ലയില്‍ അയ്യങ്കാളി നവോത്ഥാന സാംസ്‌കാരിക സമുച്ചയം നിര്‍മിക്കും. ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി നിര്‍മിക്കുന്നതിനായി 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് നീക്കിവച്ചു. ചെമ്പഴന്തി ഗുരുകുലത്തിന് 50 ലക്ഷം അനുവദിച്ചു. ശിവഗിരിയില്‍ ജാതിയില്ല വിളംബരം ശതാബ്ദി മ്യൂസിയം സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി.
കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിലേക്കായി രണ്ട് കോടി രൂപ വകയിരുത്തി. തോമസ് സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ജില്ലയില്‍ നിര്‍മിക്കും. എല്ലാ പഞ്ചായത്തിലും കളിക്കളം തയ്യാറാക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തെ ഉള്‍പ്പെടുത്തി. പത്ത് കോടി രൂപ ചെലവില്‍ നെയ്യാറ്റിന്‍കര ടൗണില്‍ കുന്നിന്‍പുറം പാലം നിര്‍മിക്കും. ഉള്ളൂര്‍, കുമാരപുരം ജങ്ഷനുകളില്‍ 25 കോടി രൂപ ചെലവില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കും. പത്ത് കോടി രൂപ ചെലവില്‍ പട്ടം പേരൂര്‍ക്കട ജങ് ഷനുകളില്‍ അണ്ടര്‍ പാസേജ് നിര്‍മിക്കും. 25കോടി രൂപ ചെലവില്‍ ആറ്റിങ്ങല്‍ ബൈപാസ് നിര്‍മിക്കും. കരമനകളിയിക്കാവിള രണ്ടാംഘട്ടത്തിനായി 200 കോടി രൂപ വകയിരുത്തി.
വഴയില പഴകുറ്റി കച്ചേരിനട പത്താംകല്ല് നാലുവരിപ്പാതക്കായി 50 കോടി അനുവദിച്ചു. ശിവഗിരി റിങ് റോഡിന് പത്ത് കോടിയും പാലോട് െ്രെബമൂര്‍ റോഡിന് 20 കോടിയും പൊന്മുടി െ്രെബമൂര്‍ റോഡിന് പത്ത് കോടിയും വെഞ്ഞാറമൂട് റിങ് റോഡിന് 15 കോടിയും അനുവദിച്ചു. കൂടാതെ തിരുവനന്തപുരം നഗരത്തില്‍ രണ്ട് റിങ് റോഡുകള്‍ക്കായി 35 കോടിയും പേട്ട ആനയറ ഒരുവാതില്‍ക്കോട്ട റോഡിനായി പത്ത് കോടിയും നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡിനു കണിയാപുരം ചിറയിന്‍കീഴ് റോഡിനും മുതലപ്പൊഴി വെട്ടൂര്‍ വര്‍ക്കല നടയറ പാരിപ്പള്ളി റോഡിനും ആലംകോട് മീരാന്‍കടവ് അഞ്ചുതെങ്ങ് മുതലപ്പൊഴി റോഡിനും പത്ത് കോടി വീതം ബജറ്റ് വകയിരുത്തുന്നു. ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലത്തിനായി പത്ത് കോടി രൂപ വകയിരുത്തി.
ലൈറ്റ് മെട്രോ മുന്നോട്ടുകൊണ്ടുപോകുന്നതിന് തുക വയിരുത്തി. പാര്‍വതീ പുത്തനാര്‍ ശുചീകരിച്ച് പുനരുദ്ധരിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 50 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം തുറമുഖത്തെ ചരക്കുകടത്തിനും വലിയതുറയെ യാത്രക്കും സജ്ജമാക്കാന്‍ ശ്രമിക്കും. തലസ്ഥാനത്ത് ലൈഫ് സയന്‍സ് പാര്‍ക്കിനും വകയിരുത്തലുണ്ട്. പൊഴി ശുചീകരണത്തിന്റെ ഭാഗമായി മുതലപ്പൊഴി ശുചീകരിക്കും. പൊന്മുടിയിലേക്ക് റേപ്പ് വേ നിര്‍മിക്കുന്നതിനും പൊന്മുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും 200 കോടി രൂപ പ്രത്യേക പദ്ധതിയില്‍നിന്ന് നീക്കിവച്ചു. ബാലരാമപുരത്തെ പൈതൃക ഗ്രാമമായി വികസിപ്പിക്കും. ടെക്‌നോസിറ്റിയില്‍ 100 കോടി രൂപ ചെലവില്‍ രണ്ട് ലക്ഷം ചതുരശ്ര അടിയില്‍ ആദ്യത്തെ കെട്ടിടം നിര്‍മിക്കും. കൂടാതെ ടെക്‌നോപാര്‍ക്കില്‍ എട്ട് ലക്ഷം ചതുരശ്ര അടി വരുന്ന പുതിയ ഐടി കെട്ടിടത്താനായി 750 കോടി രൂപ വകയിരുത്തി. ആറ്റുകാല്‍ മാസ്റ്റര്‍ പ്ലാനിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നീക്കിവച്ചു. ഇതില്‍നിന്നും പത്ത് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ വിശദ റിപോര്‍ട്ട് തയ്യാറാക്കാന്‍ 20 ലക്ഷം രൂപ വകയിരുത്തി. പൗണ്ട് കടവില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലും സെക്രട്ടേറിയറ്റിലും അഗ്‌നിശമന സ്റ്റേഷനുകള്‍ സ്ഥാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day