|    Dec 8 Thu, 2016 3:40 am
FLASH NEWS

തലസ്ഥാനത്ത് ഹര്‍ത്താല്‍ പ്രതീതി; ആളൊഴിഞ്ഞ് വ്യാപാരകേന്ദ്രങ്ങള്‍

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ നഗര ജീവിതം സ്്്തംഭനാവസ്ഥയിലായി. നഗരത്തിലെ കടകളില്‍ ആളൊഴിഞ്ഞു. ചില്ലറ നോട്ടുകള്‍ ഇല്ലാത്തതിനാല്‍ സാധനങ്ങള്‍ വാങ്ങാനാവാതെ  വന്നവരില്‍ പലരും  തിരിച്ചുപോയതായി കച്ചവടക്കാര്‍ പറഞ്ഞു. എങ്ങനേയും ചില്ലറ നോട്ട് ശേഖരിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ജനം.  പരിഭ്രാന്തി വേണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും, ജനങ്ങളുടെ ആശങ്കയ്ക്ക് കുറവുണ്ടായിരുന്നില്ല. ചാല കമ്പോളം ആളൊഴിഞ്ഞ നിലയിലായിരുന്നു. മൊത്തക്കച്ചവടക്കാര്‍ പണം സ്വീകരിച്ചില്ല. നഗരത്തിലെ ചില സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചുമില്ല. ഹോട്ടലുകളില്‍ മുന്‍കൂര്‍ പണമടയ്ക്കണമെന്ന് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ പറഞ്ഞ ഇളവ് പ്രാബല്യത്തിലായില്ല. റെയില്‍വേയില്‍ ചില്ലറക്ഷാമം നേരിട്ടതു മൂലം യാത്രക്കാര്‍ ബഹളം വെച്ചു. നോട്ടുകള്‍ ചില്ലറയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. ബസുകളില്‍ അഞ്ഞൂറിന്റെയും ആയിരം രൂപയുടെയും നോട്ടുകള്‍ നല്‍കി ചില്ലറ മാറാനുളള ശ്രമത്തിലായിരുന്നു സ്ത്രീകള്‍ അടക്കമുളള യാത്രക്കാര്‍.  നോട്ടുകള്‍ സ്വീകരിക്കരുതെന്നു ബന്ധപ്പെട്ട ഡിപ്പോയില്‍ നിന്നുനിര്‍ദേശം നല്‍കാത്തതുകൊണ്ടു തന്നെ നോട്ടുകള്‍ക്കു കണ്ടക്ടര്‍മാര്‍ ചില്ലറ നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ആവശ്യത്തിനു ചില്ലറയില്ലാത്തതു കണ്ടക്ടര്‍മാരെ വലച്ചു. ഉച്ചയോടെ ബസുകളില്‍ നോട്ടുകള്‍ സ്വീകരിച്ചില്ല.  മാര്‍ക്കറ്റുകള്‍ക്കു പുറമെ നഗരത്തിലെ മിക്ക ഹോട്ടലുകള്‍ ഇന്നലെ അടഞ്ഞു കിടന്നു. കൈയില്‍ കാശ്് ഉണ്ടായിട്ടും ഒരു നേരത്തെ ആഹാരം പോലും കഴിക്കാന്‍ സാധിക്കാത്തവര്‍ നിരവധിയായിരുന്നു. ചില്ലറകള്‍ സ്വീകരിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്ന ആശുപത്രികള്‍, പെട്രോള്‍ പമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്്. നല്‍കാന്‍ ആവശ്യത്തിനു ചില്ലറയില്ലാതെ ആശുപത്രികളും, പോസ്റ്റ് ഓഫീസുകളും, പെട്രോള്‍ പമ്പുകളും വലഞ്ഞു. ചില്ലറകള്‍ ഉളളവര്‍ക്കു മാത്രമായിരുന്നു ഇന്നലെ പെട്രോള്‍ നല്‍കിയത്. ചില്ലറ ലഭിക്കാതെ ആയതോടെ പലരും രോഷകുലരായി.  സര്‍ക്കാര്‍ ട്രഷറികളും ഇന്നലെ അടഞ്ഞു കിടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day