|    Oct 24 Mon, 2016 12:29 pm
FLASH NEWS

തലസ്ഥാനത്ത് നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നു: ബിജു

Published : 16th July 2016 | Posted By: SMR

biju-radhakrishnan_0_

കൊച്ചി: മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നതരുടെ പങ്കാളിത്തത്തില്‍ തിരുവനന്തപുരത്ത് ഒരു നക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായി ബിജു രാധാകൃഷ്ണന്‍ സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ലോയേഴ്‌സ് യൂനിയന്‍ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ബിജു രാധാകൃഷ്ണന്‍ ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്ത് ആനയറയില്‍ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. സരിത എസ് നായരെ പിന്തുടര്‍ന്നുപോയതിനെത്തുടര്‍ന്ന് പച്ചവെള്ളംപോലും തരാതെ തന്നെ ഇവിടെ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നതായും ബിജു കമ്മീഷനില്‍ മൊഴി നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഓഫിസിന്റെ അറിവോടെയാണ് ഈ ഗൂഢസംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് തന്റെ അനുഭവസാക്ഷ്യം.
സൗന്ദര്യമോ ശരീരമോ ഉപയോഗിച്ച് ഒരു ബിസിനസും ക്യാന്‍വാസ് ചെയ്യാന്‍ താന്‍ സരിതയെ നിയോഗിച്ചിരുന്നില്ല. എന്നാല്‍, ഈ ഉന്നതസംഘം സരിതയെയും ദുരുപയോഗം ചെയ്തിരുന്നു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രതിസ്ഥാനത്ത് ഉള്ളതിനാല്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാലാണ് നേരത്തെ പരാതി നല്‍കാതിരുന്നത്.
ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിനടുത്തുള്ള ഷോപ്പിങ് മാളില്‍വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി പത്തുലക്ഷം രൂപ കൈമാറിയെന്ന സരിതയുടെ മൊഴി ബിജു രാധാകൃഷ്ണന്‍ ശരിവച്ചു. കമ്മീഷന്‍ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബിജു. ധീരജ് മുഖേന താനാണ് ആ തുക സരിതയ്ക്ക് എത്തിച്ചു നല്‍കിയത്. തോമസ് കുരുവിളയ്ക്ക് പണം കൈമാറിയ വിവരം അന്നുതന്നെ മോഹന്‍ദാസ് തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നും ബിജു മൊഴി നല്‍കി.
ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഏഴ് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇതില്‍ ഒരു കോടി പത്തുലക്ഷം രൂപ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍വച്ച് കൈമാറിയെന്നുമായിരുന്നു നേരത്തെ സരിത കമ്മീഷനില്‍ നല്‍കിയിരുന്ന മൊഴി. ടീം സോളാറിന് എംഎന്‍ആര്‍ഇയുടെ അംഗീകാരം നേടിയെടുക്കാനായി മുന്‍കേന്ദ്രമന്ത്രി കെ സി വേണുഗോപാലിന് രണ്ട് തവണകളായി 35 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന മൊഴിയില്‍ ബിജു രാധാകൃഷ്ണന്‍ ഉറച്ചുനിന്നു. കെ സി വേണുഗോപാലിനെ താന്‍ നാലുതവണ നേരില്‍ കണ്ടിട്ടുണ്ടെന്നും ബിജു ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന വേള്‍ഡ് റിന്യൂവബിള്‍ എനര്‍ജി എക്‌സ്‌പോയില്‍ താനും സരിതയും പങ്കെടുത്തതിന്റെ രേഖകള്‍ സംഘാടകരുടെ കൈവശം ഉണ്ട്. ആ ദിവസങ്ങളില്‍ പാര്‍ലമെന്റ് സമ്മേളനം നടന്നിരുന്നതിനാല്‍ കെ സി വേണുഗോപാലും ഡല്‍ഹിയിലുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓഫിസില്‍ ചെന്നു കണ്ടത്. അദ്ദേഹത്തിന്റെ ഡ്രൈവര്‍ നാഗരാജന്‍ തന്റെ അടുത്ത ബന്ധുകൂടിയായതിനാലാണ് വേണുഗോപാലിന് വേണ്ടി പണം ആവശ്യപ്പെട്ടപ്പോള്‍ വിശ്വസിച്ച് നാഗരാജന്‍ കൈവശം പണം നല്‍കിയതെന്നും ബിജു വിസ്താരത്തിനിടെ പറഞ്ഞു. തന്റെ നാട്ടുകാരനായ മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥുമായി അടുത്ത ബന്ധമുണ്ടെന്നും ചെങ്ങന്നൂരില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി വിഷ്ണുനാഥിന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും ബിജു മൊഴി നല്‍കി. ബിജു രാധാകൃഷ്ണന്റെ മൊഴിയില്‍ ആരോപണവിധേയരായ കക്ഷികളുടെ അഭിഭാഷകരാണ് ഇന്നലെ ബിജുവിനെ വിസ്തരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 580 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day