|    Dec 8 Thu, 2016 1:43 am
FLASH NEWS

തലശ്ശേരി നഗരസഭ കെട്ടിടനികുതിയും സര്‍ചാര്‍ജും കുത്തനെ കൂട്ടി

Published : 25th October 2016 | Posted By: SMR

തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും കുത്തനെ വര്‍ധിപ്പിച്ചു. ഇതിലൂടെ ലക്ഷങ്ങള്‍ സര്‍ചാര്‍ജ്ജ് തുകയായി അടയ്ക്കാന്‍ നികുതി ദാതാക്കള്‍ നിര്‍ബന്ധിതരായി. നഗരസഭ 17ാം വാര്‍ഡ് മഞ്ഞോടിയില്‍ ടി കെ ബാറ്ററിയെന്ന ചെറിയ കട നടത്തുന്ന കുയ്യാലി റെയില്‍വേ ഗേറ്റിന് സമീപത്തെ സന്ദീപിനാണ് 2,52,406 രൂപ അടക്കണമെന്നാവശ്യപ്പെട്ട് ഡിമാന്റ് നോട്ടീസ് നല്‍കിയത്. 2013 മുതല്‍ 2016-17 വരെയുള്ള കാലയളവിലെ മുഴുവന്‍ തുകയും സന്ദീപ് കൃത്യമായി അടച്ചുതീര്‍ത്തിരുന്നു. എന്നാല്‍ നികുതിവര്‍ധന എന്ന പുതിയ നയം സര്‍ക്കാര്‍ നടപ്പാക്കിയതോടെയാണ് 2013 മുതല്‍ 17 വരെയുള്ള കാലയളവിലായി 31,868 രൂപ അധികമായി അടയ്്ക്കാനും ഇതുവരെയുള്ള നികുതിയിനത്തിന്റെ ആകെ വര്‍ധന തുകയായി 2,52,400 രൂപ അടയ്ക്കാനും നഗരസഭ നിര്‍ദേശം നല്‍കി. നികുതി അടയ്ക്കുന്ന ഘട്ടത്തില്‍ ഒരിക്കല്‍പോലും വര്‍ധിപ്പിച്ച തുകയെക്കുറിച്ച് ഒരു സൂചനയും നഗരസഭാ അധികൃതര്‍ ഇദ്ദേഹത്തിനോ മറ്റു നികുതിദാതാക്കള്‍ക്കോ നല്‍കിയിരുന്നില്ലത്രെ. ചെറിയ ബാറ്ററി കട നടത്തി ഉപജീവനം നടത്തുന്ന സന്ദീപിനെ പോലുള്ള നികുതി ദാതാക്കള്‍ക്ക് ഈ തുക ശേഖരിച്ച് അടയ്ക്കുക അസാധ്യവുമാണ്. നഗരത്തിലെ മിക്ക വീടുകളിലും ഭീമമായ തോതില്‍ പുതിയ സര്‍ചാര്‍ജ് കൂടെ ചേര്‍ത്തുള്ള നികുതി വര്‍ധന നടപ്പായിട്ടുണ്ട്. സാമാന്യം വലിപ്പമുള്ള വലിയ വീടുകള്‍ നിര്‍മിച്ചവര്‍ക്ക് മൂന്നുമുതല്‍ ആറുലക്ഷം രൂപവരെയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഡിമാന്റ് നോട്ടീസായി നഗരസഭ നല്‍കിയിട്ടുള്ളത്. ഈ തുക നഗരസഭയില്‍ അടച്ച് രശീത് വാങ്ങിയാല്‍ മാത്രമേ ഇവര്‍ക്ക് ഏതെങ്കിലും ഒരാവശ്യത്തിന് ലോണ്‍ എടുക്കണമെങ്കില്‍ അപേക്ഷാഫോറം പോലും ലഭ്യമാവുള്ളൂ എന്നതാണ് സ്ഥിതി. അതിനാല്‍ വന്‍തുക സര്‍ചാര്‍ജായി ലഭിച്ചവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. നികുതി വര്‍ധനവ് ഉണ്ടാവുന്നതിന്റെ സൂചന നികുതി പിരിക്കുന്ന നഗരസഭയ്ക്ക് നേരത്തെ ലഭിച്ചിട്ടും യാതൊരു അറിയിപ്പും നികുതിദാതാക്കള്‍ക്ക് നല്‍കിയിരുന്നില്ല. അതോടൊപ്പം തന്നെ 2011ലെ കേരള മുനിസിപ്പാലിറ്റിയുടെ വസ്തുനികുതി സേവന ഉപനികുതി, സര്‍ചാര്‍ജ്ജും ചട്ടങ്ങളിലെ ചട്ടം 14(1) പ്രകാരം വസ്തുനികുതി ഈടാക്കുന്നത് ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കുമ്പോഴാണ് നികുതിയിനത്തില്‍ സര്‍ചാര്‍ജ്ജ് കൂടി ഉള്‍പ്പെടുത്തി വന്‍തുക കൊടുക്കാന്‍ നികുതിദാതാക്കള്‍ നിര്‍ബന്ധിതരായത്. രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാല്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ ഈ വിവരം ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയായിരുന്നുവെന്നും നികുതിദാതാക്കള്‍ കുറ്റപ്പെടുത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day