|    Oct 28 Fri, 2016 2:21 am
FLASH NEWS

തര്‍ക്കം ഡല്‍ഹിയില്‍; പിരിമുറുക്കം ഇരിക്കൂറില്‍

Published : 30th March 2016 | Posted By: RKN

ഹനീഫ എടക്കാട് കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയുമായി സ്‌ക്രീനിങ് കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തര്‍ക്കത്തിലേര്‍പ്പെട്ടതോടെ ഇരിക്കൂര്‍ മണ്ഡലം പിരിമുറുക്കത്തില്‍.  സുധീരന്‍ മുന്നോട്ടുവച്ച ‘മാനദണ്ഡങ്ങള്‍’ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല,  കെ മുരളീധരന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ തള്ളിയതോടെ ഇരിക്കൂറില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച കെ സി ജോസഫിന്റെ ഭാവി ഹൈക്കമാന്‍ഡിന്റെ ദയാവായ്പിന് കാത്തുനില്‍ക്കുകയാണ്. സീറ്റ് ഉറപ്പിച്ച നിലയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയ കെ സി ജോസഫാണ് സുധീരന്റെ ‘മാനദണ്ഡത്തില്‍’ കുരുക്കിലായത്. ഡിസിസിയില്‍ നിന്നു സംസ്ഥാന നേതൃത്വത്തിനു നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍  സുധീരന്റെ കൂട്ടിച്ചേര്‍ക്കലുമുണ്ടായിട്ടുണ്ട്. ഈ പട്ടികയാണു ഡല്‍ഹിയില്‍ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിക്കുന്നത്. ഇതിലാണ് ഇരിക്കൂറില്‍ കെ സി ജോസഫിനു പുറമേ സതീശന്‍ പാച്ചേനിയും ഇടംപിടിച്ചത്. കെ സി ജോസഫ് ഏഴുതവണയായി ഇരിക്കൂറില്‍ നിന്നു  മല്‍സരിക്കുന്നു. അതുകൊണ്ട് എ ഗ്രൂപ്പില്‍ നിന്നുതന്നെയുള്ള സതീശന്‍ പാച്ചേനിക്കുവേണ്ടി മാറിക്കൊടുക്കണമെന്നാണു സുധീരന്റെ നിലപാട്. ഇതിനു മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ പിന്തുണയുമുണ്ട്. എന്നാല്‍, കെ സി ജോസഫിനെ യാതൊരു കാരണവശാലും മാറ്റരുതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. ഇതേച്ചൊല്ലി തര്‍ക്കമുടലെടുത്തതോടെയാണ് ഇരിക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് കണ്ടെത്തട്ടെയെന്ന് സ്‌ക്രീനിങ് കമ്മിറ്റി തീരുമാനിച്ചത്.  വി എം സുധീരന്റെ ഇടപെടല്‍ എ-ഐ ഗ്രൂപ്പുകളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ സീറ്റ് വിഭജനം ഗ്രൂപ്പടിസ്ഥാനത്തിലാണ്. ഇക്കുറിയും അതില്‍മാറ്റമൊന്നുമില്ല. എന്നാല്‍, കാലങ്ങളായി ഒരേ നേതാവുതന്നെ ഗ്രൂപ്പിന്റെ പ്രതിനിധിയായി സ്ഥാനാര്‍ഥിയാവുന്നതും എംഎല്‍എയാവുന്നതുമാണു നിലവിലെ അവസ്ഥ. ഇതിനെതിരേ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം പിടിക്കാത്തവര്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ആശ്വാസമാവുകയാണു സുധീരന്റെ ഇടപെടല്‍. നാലുതവണ മല്‍സരിച്ചവരും ആരോപണവിധേയരും മാറിനില്‍ക്കണമെന്ന നിലപാടു സ്വീകരിച്ചതിനൊപ്പം അതേ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചവരെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരേ സുധീരന്‍ പടയൊരുക്കത്തിനിറങ്ങിയത്. ഇതു തിരിച്ചറിഞ്ഞാണ് കെ മുരളീധരനും ആര്യാടന്‍ മുഹമ്മദും സുധീരന്റെ തന്ത്രപരമായ നീക്കത്തിനു തടയിടാന്‍ ഡല്‍ഹിയില്‍ ഐക്യപ്പെട്ടത്.തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും തമ്മില്‍ നേരിയ വ്യത്യാസമേയുണ്ടാവൂവെന്ന കണക്കുകൂട്ടലിലാണു നേതാക്കള്‍. അങ്ങനെ വന്നാല്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നുറപ്പുള്ളവരെ പരമാവധി സ്ഥാനാര്‍ഥികളാക്കാനാണു ശ്രമം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day